PRAVASI

ഇന്നും സുരേഷ് കുറുപ്പ് തിളങ്ങുന്നു;മൂക്കാതെ പഴുത്ത രാഹുല്‍

Blog Image


അക്കാദമിക് രംഗത്തെ മികവ്, കെ.എസ്.യുവിന്റെ നൂറു കണക്കിന് സെക്രട്ടറിമാരില്‍ ഒരാള്‍. ഇതായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യോഗ്യത. ഈ സ്ഥാനത്തേക്ക് എത്താന്‍ സഹായകമായത് ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരി പ്രകടനവും. കാര്യമായ സമര പോരാട്ടങ്ങളുടെ ചരിത്രമോ പാരമ്പര്യമോ ഇല്ല. ഷാഫി പറമ്പിലും വിഡി സതീശനും കൈപിടിച്ച് ഉയര്‍ത്തിയപ്പോള്‍ എംഎല്‍എ കുപ്പായവും ലഭിച്ചു.

കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ആര്‍ക്കും ഇത്ര ചെറുപ്പത്തില്‍ ഇത്രയും വലിയ പൊളിറ്റിക്കല്‍ സ്റ്റാര്‍ഡം ലഭിച്ചിട്ടില്ല. എന്നാല്‍ അതിലും വേഗത്തിലാണ് വീഴ്ചയും സംഭവിച്ചത്. കുറച്ചു നാളായി ഒളിഞ്ഞും തെളിഞ്ഞും സ്ത്രീവിഷയത്തിലെ സ്വഭാവ വൈകല്യം ചര്‍ച്ചയായിരുന്നു. അപ്പോഴൊന്നും പരാതി ഇല്ല, ആരുടേയും പേര് പറഞ്ഞില്ല എന്നെല്ലാം ന്യായീകരിച്ചു പിടിച്ചു നിന്നു. എന്നാല്‍ യുവനടി റിനിയുടെ വെളിപ്പെടുത്തലോടെ എല്ലാം കൈവിട്ടു.

താങ്ങും തണലുമായവര്‍ക്ക് തന്നെ, രാഹുലിനെതിരെ നടപടി ഉറപ്പെന്ന് പറയേണ്ടി വന്നു. അടുപ്പിച്ച് നിര്‍ത്തേണ്ട ഷാഫി പറമ്പിലിന് എവിടെയോ ഒളിച്ചുമാറേണ്ടി വന്നിരിക്കുന്നു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു ബാധ്യതയായി ഈ യുവനേതാവ് മാറി. സ്ത്രീവിഷയത്തിൽ പദവി തെറിച്ചത് പോരാഞ്ഞ്, ഓരോ നിമിഷവും പുറത്തുവരുന്ന ഡിജിറ്റല്‍ ചാറ്റുകളെല്ലാം പാർട്ടിയിലെ എടുക്കാ ചരക്കാക്കി രാഹുലിനെ മാറ്റുകയാണ്.

സിപിഎമ്മിനേയും ബിജെപിയേയും ആക്രമിച്ചാണ് രാഹുല്‍ താരമായത്. സൈബര്‍ ഇടങ്ങളില്‍ ആഘോഷിക്കപ്പെട്ടു. ആ സ്പേസിലെ തന്നെ വഴിവിട്ട ഇടപാടുകൾ ആണ് ദുരന്തമായത്. എത്ര മായ്ച്ചാലും മായാതെ കിടക്കുന്ന ഈ ഡിജിറ്റല്‍ വിവരങ്ങള്‍ എല്ലാക്കാലത്തും രാഹുലിനെ വേട്ടയാടും എന്ന് ഉറപ്പാണ്. എതിരാളികൾക്ക് എക്കാലത്തും ആഘോഷിക്കാനുള്ള വകയായി. പ്രതിരോധത്തിലാകുക രാഹുൽ മാത്രമല്ല, പാർട്ടിയും കൂടിയാണ്.

കേരള രാഷ്ട്രീയത്തില്‍ ഇത്രയും വേഗത്തില്‍ താരമായ മറ്റൊരു രാഷ്ട്രീയ നേതാവ് സിപിഎമ്മിലെ സുരേഷ് കുറുപ്പാണ്. എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുരേഷ് കുറുപ്പ് എത്തിയത് കോട്ടയം എംപി സ്ഥാനത്തേക്ക് ആയിരുന്നു. എന്നാല്‍ രാഷ്ട്രീയ പക്വതയും ആദര്‍ശശുദ്ധിയും കൊണ്ട് ഇന്നും സുരേഷ് കുറുപ്പ് തിളങ്ങി നില്‍ക്കുകയാണ്. രാഹുല്‍ മാതൃകയാക്കേണ്ടതും ഇത്തരം നേതാക്കളെ ആയിരുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.