തന്റെ നിഴലിന്റെ നീളം നോക്കി, തന്നെ ഇത്രയും വലിയവനാക്കാൻ പ്രകാശത്തിന് കഴിയുന്നല്ലോ എന്ന ശുഭചിന്തയാൽ നയിക്കപ്പെടുന്ന എഴുത്തുകാരൻ ശ്രീ. കോരസൺ വർഗീസ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകം - പ്രവാസിയുടെ നേരും നോവും.
മലയാളികളുടെ അമേരിക്കൻ പ്രവാസ ജീവിതത്തെക്കുറിച്ചുള്ള ചരിത്രം മനസ്സിലാക്കാനുള്ള കൗതുകംകൊണ്ടാണ് പുസ്തകം ശ്രീ. സിബി ഡേവിഡ് വഴി ആവശ്യപ്പെട്ടത്. ശ്രീ. കോരസൺ വർഗീസ് ഒട്ടും താമസിക്കാതെ പുസ്തകം അയച്ചു തന്നു. നന്ദി രണ്ടു പേർക്കും.
മലയാളികളുടെ അമേരിക്കൻ ജീവിതാനുഭവങ്ങളുടെ ഒരു നേരെഴുത്ത് ആയിരിക്കും ഈ കൃതി എന്നാണ് കരുതിയത്. 'അമീറയുടെ പോരാട്ടങ്ങൾ' എന്ന ആദ്യ അദ്ധ്യായംതന്നെ ആ പ്രതീക്ഷ മാറ്റിമറിച്ചു. ഒരു യാത്രാവിവരണമാണോ ഇതെന്ന സംശയത്തെ മാറ്റിയത് അമീറയുടെ നോവുകൾ ഹൃദയത്തെ നീറ്റിത്തുടങ്ങിയപ്പോളാണ്.

പ്രവാസം എന്നത് ഒരു പ്രതീക്ഷയാണ്.പറുദീസ തേടിയുള്ള പ്രയാണം മാത്രമല്ല പ്രവാസം. ജീവിതായോധനത്തിനായി, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലിനുമായി, ജീവരക്ഷയ്ക്കായി, നാടു കടത്തപ്പെട്ട അവസ്ഥയിൽ ഒക്കെ പ്രവാസജീവിതം നയിക്കേണ്ടി വരുന്നുണ്ട്. പ്രവാസം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ നോവിന്റെ അനുഭവങ്ങളുണ്ട്. ലോകത്തെവിടെയുമുള്ള പ്രവാസത്തിന്റെ നോവുകളിലേക്ക് കണ്ണോടിക്കുന്നതാണ് ശ്രീ കോരസൺ വർഗീസിന്റെ പ്രവാസിയുടെ നേരും നോവും എന്ന കൃതി. ലോക ജനസംഖ്യയിൽ ഏഴിൽ ഒരാൾ പ്രവാസിയാണെന്ന് കണക്കുകൾ ഉദ്ധരിച്ച് ലേഖകൻ സമർത്ഥിക്കുന്നു. അപ്പോൾ പ്രവാസം എന്നത് എത്ര വിപുലമായ വിഷയമാണ്, നാം വേണ്ടത്ര പ്രാധാന്യം കൊടുത്ത് ചർച്ച ചെയ്യാത്ത വിഷയം.
റോഹിങ്ക്യൻ അഭയാർത്ഥികളുടെ കാര്യത്തിൽ ആയാലും കറുത്ത വർഗ്ഗക്കാർ നേരിടുന്ന വർണ്ണ വിവേചനങ്ങളിലായാലും പലസ്തീൻ പ്രശ്നത്തിലായാലും മനുഷ്യപക്ഷത്താണ് എഴുത്തുകാരൻ. വിവേചനങ്ങളും അവഗണനകളും കാണുന്നിടതൊക്ക എഴുത്തുകാരന്റെ മനസ്സിൽ നോവ് പടരുന്നുണ്ട്. ആ നോവുകൾ വാക്കുകളായി രൂപം പ്രാപിക്കുന്നതാണ് ഇതിലെ ഏറെ എഴുത്തുക്കളും.
അമേരിക്കയിൽ സമീപ ഭാവിയിൽത്തന്നെ അന്യം നിന്നു പോകാൻ സാധ്യതയുള്ള മലയാളിജീവിത തനിമയെക്കുറിച്ച് ഉത്കണ്ഠാകുലനാണ് ലേഖകൻ. തായ്‌വേരുകൾ മറക്കാൻ പ്രയാസപ്പെടുന്നവരാണ് ഇവിടെ ചേക്കേറിയ മലയാളികളെങ്കിൽ അവരുടെ അനന്തര തലമുറ തായ്‌വേരുകളെക്കുറിച്ചുള്ള ചിന്ത അല്പമേ ഇല്ലാത്തവരാണ്.
പ്രവാസി സാഹിത്യം, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുള്ള പരിവർത്തനങ്ങൾ, അമേരിക്കൻ രാഷ്ട്രീയരംഗം, വർണ്ണ വിവേചനങ്ങളുടെ പുതിയ മുഖങ്ങൾ തുടങ്ങി രചയിതാവിന്റെ സർവ്വതല സ്പർശിയായ അറിവ് അതിനൊക്കെ അനുസൃതമായ ഭാഷയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.പുറത്തുകാണുന്ന ഏതു ശാന്തതതയ്ക്കപ്പുറവും പ്രശ്നങ്ങളുടെയും ദുഃഖങ്ങളുടെയും ലോകമുണ്ടെന്ന് കാണിച്ചു തരുകയാണ് ലേഖകൻ. അതുപോലെ പ്രശ്നങ്ങളിൽ കൂട്ടാളിയാകുന്ന മനുഷ്യസ്നേഹികളെയും കാണാതിരിക്കുന്നില്ലതാനും. ഇന്ത്യയിലെ പ്രളയത്തിന് സംഭാവന നൽകുന്ന പാകിസ്ഥാനിയും റോഹിങ്ക്യ കുഞ്ഞുങ്ങളെ പരിചരിക്കുന്ന മലയാളി പെൺകുട്ടിയും എഴുത്തുകാരന്റെ ഹൃദയത്തെ സ്പർശിച്ചതുപോലെ വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കത്തക്കവണ്ണം ആവിഷ്കരിച്ചിട്ടുണ്ട്.
കണ്ണീരിന്റെ ഉപ്പിനെ രസക്കൂട്ടാക്കുന്ന പ്രവാസ ജീവിതത്തെപ്പോലെ ദുഃഖകരമായ വിഷയങ്ങളെ സുന്ദരമായി ആവിഷ്കരിക്കാനുള്ള എഴുത്തുകാരന്റെ കഴിവ് വിളിച്ചോതുന്നതാണ് ഈ പുസ്തകത്തിലെ ഒട്ടുമിക്ക ലേഖനങ്ങളും. വിരസ വിഷയങ്ങളുടെ എഴുത്തിൽപ്പോലും കഥയുടെ മർമ്മരങ്ങളുണ്ട്. കാവ്യഭംഗി വരുത്തുവാനുള്ള ശ്രമമുണ്ട്.
പെട്ടെന്ന് വായിച്ചു തീർത്ത് പെട്ടെന്നുതന്നെ തയ്യാറാക്കിയ കുറിപ്പാണിത്. ദീർഘമായ ഒരു ആസ്വാദനം ഈ പുസ്തകത്തിന് എഴുതേണ്ടതുണ്ടെന്ന ചിന്ത മനസ്സിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്ന ഈ പുസ്തകത്തിന്റെ രചയിതാവിന് ഹൃദയം നിറഞ്ഞ അനുമോദനം.

ജി. രാജ്

KORASON VARGHESE

