ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ യുവതിയെ
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിനെ (28) കൊലപ്പെടുത്തിയ കേസിലാണ് അമ്മ ജെസിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയതിന് അച്ഛന്‍ ജോസ്‌മോനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകത്തില്‍ അമ്മ ജെസിയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവരെയും പൊലീസ് പ്രതിചേര്‍ത്തത്. ജോസ് മോന്‍ തോര്‍ത്ത് ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചപ്പോള്‍ മകളുടെ കൈകള്‍ പിടിച്ചുവെച്ച് സഹായിച്ചത് ജെസിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകവിവരം മറച്ചുവെച്ചതിന് ഇവരുടെ ഒരു ബന്ധുവിനെ കൂടി കേസില്‍ പ്രതിചേര്‍ത്തേക്കും.മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായി. ജോസ്‌മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്‌മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്‌മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

