പ്രകൃതി രമണീയമായ ഇടങ്ങൾ പലതും വികസനത്തിൻ്റെ പേരിൽ, മനുഷ്യൻ്റെ സ്വാർത്ഥതയ്ക്കു മുന്നിൽ നഷ്ടപ്പെടുന്നതിൻ്റെ ആശങ്കകളും വേദനകളും ഒറ്റക്കുറുക്കൻ്റെ കാഴ്ചകളിലൂടെ വിചാരങ്ങളിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് ജിഷ യു. സി എന്ന നോവലിസ്റ്റ് ഈ കൊച്ചു നോവലിലൂടെ ..ലളിതമായ ഭാഷയിലൂടെ ,കഥാപാത്രങ്ങൾക്ക് നൽകിയ ഉചിതമായ പേരുകളിലൂടെ, അവരുടെ രസകരമായ സംഭാഷണങ്ങളിലൂടെ വായനയോടുള്ള ഇഷ്ടം കുഞ്ഞുങ്ങളിൽ ഉളവാക്കും വിധം തന്നെയാണ് രചന .കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും ചിന്തിക്കാനുള്ള വഴികൾ നോവലിൽ തുറന്നിടുന്നുണ്ട് . മനുഷ്യർ മാത്രം ബാക്കിയാവുന്നതാണോ വികസനം ? യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ ആരൊക്കെയാണ് ?ഉത്തരമറിയുന്ന ഈ ചോദ്യങ്ങൾക്ക് മുന്നിൽ പലരും വിമുഖത പ്രകടിപ്പിക്കും ..
പച്ച വിരിച്ച പാടങ്ങളും ,കുളിർ വെള്ളം നിറഞ്ഞ തോടുകളും ,നീല മലകളും ഇന്ന് കാണാ കാഴ്ചകളായി മറയുന്നു .വംശ നാശം വന്ന ജീവജാലങ്ങൾ സ്വയ രക്ഷക്കായി പേടിയോടെ ജീവിയ്ക്കുന്നു ..
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യവും, കുപ്പിവെള്ളവും ,ചീറി പായുന്ന വാഹനങ്ങളും ,വെട്ടിമാറ്റിയ കാടുകളും ,പാറകളും രാസവളപ്രയോഗങ്ങളും , മനുഷ്യജീവിയുടെ എല്ലാം വെട്ടിപ്പിടിക്കാനുള്ള അത്യാഗ്രഹത്തിൻ്റെ ,അവൻ്റെ സ്വാർത്ഥതയുടെ യഥാർത്ഥ മുഖങ്ങൾ തുറന്നിടുന്നു .. ജംബുകൻ ,ജംബുകി, പൂവാലൻ ,പൂവാലി ,
കുട്ടുറവത്തി, വന രാജ സ്ക്കൂൾ ,ആനയമ്മ ടീച്ചർ, മിട്ടു മുയൽ, വാലൻ പാമ്പ് ,ഉണ്ണൂലി പൊന്മ .. എത്രയെത്ര രസകരമായ പേരുകൾ ! പ്രത്യേകിച്ചും കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കുന്നവ ..
സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിൻ്റെ വില കൂട്ടിലടയ്ക്കപ്പെട്ട ചങ്ങാതികൂട്ടങ്ങൾ തിരിച്ചറിയുന്നിടത്താണ് നോവൽ അവസാനിക്കുന്നത് ..
മനുഷ്യനെതിരെ വവ്വാലും കൊതുകും കുരങ്ങും ഏറ്റെടുത്ത പ്രതിഷേധ മാർഗ്ഗങ്ങളെ പിന്തുണച്ച് ഈ സ്വാതന്ത്ര്യം മുതലാക്കിയെടുത്ത് മറ്റുള്ളവരും നാടകങ്ങളെ കാടകങ്ങളായി കണ്ട് പ്രതിഷേധം അറിയിച്ച് കൊണ്ടിരിക്കുകയാണല്ലോ ഇന്ന് ? കാടിറങ്ങി വന്ന ഭൂമിയുടെ അവകാശികൾ മനുഷ്യനെ ശരിയ്ക്കും ഭീതിയുടെ മുൾമുനയിൽ തളച്ചു കഴിഞ്ഞു .
പ്രകൃതി പശ്ചാത്തലമാക്കി എഴുതിയ ഈ കൊച്ചു നോവൽ അത്രയും മനോഹരമായിരിക്കുന്നു ..ഒരു പുനർവിചിന്തനത്തിന് സാധ്യതകളൊരുക്കി നോവൽ ഏറെ വായിക്കപ്പെടട്ടെ ..

ബീന.എസ്.സമശ്രീ

