കേരളത്തിന്റെ പരമ്പരാഗത ആയോധന കലയും ലോകത്തുള്ള സകല കായികാഭ്യാസ മുറകളുടെയും മൂലസ്ഥാനം അലങ്കരിക്കുന്നതുമായ കളരിവിദ്യയും കരാട്ടെയുടെ കാണാ കരുത്തും പരിചയപ്പെടുത്തുന്ന ഓതിരം 2025 എന്ന ഒരു പ്രദർശന ശില്പശാല ഒക്ടോബർ 5 നു ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി സിവിക് സെന്ററിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നു.
കഴിഞ്ഞ നാലു വർഷങ്ങൾക്കു മുൻപ് ഹൂസ്റ്റണിൽ ആരംഭിച്ച അമേരിക്കയിലെ ആദ്യത്തെ കളരി പരിശീലന കേന്ദ്രമായ ദിവാൻ കളരി സംഘമാണ് വിസ്മയകരമായ ഈ പ്രദർശന പരിപാടി ആദ്യമായി ഈ പ്രവാസലോകത്തു അവതരിപ്പിക്കുന്നത്. അത്യപൂർവ്വമായ മെയ്‌വഴക്കത്തിലൂടെ നിമിഷമാത്രകൊണ്ട് ശത്രുവിനെ നിലംപരിശാക്കുന്ന മികച്ച ആയോധന മുറയായ ഓതിരത്തെ പരിചയപ്പെടുത്തുന്നത് ദിവാൻ കളരിയുടെ ആശാനും അമരക്കാരനുമായ രാജുമോൻ നാരായണനാണ്.
വളരെ ചെറിയ പ്രായത്തിൽ കളരി അഭ്യാസം തുടങ്ങിയ രാജുമോൻ തുളുനാടൻ രീതിയും തെക്കൻ ശീലും ഒരേപോലെ സ്വായത്തമാക്കിയിട്ടുണ്ട്. തഞ്ചാവൂർ ദിവാകരൻ കുരുക്കളുടെ ശിഷ്യത്വത്തിലാണ് തുളുനാടനെന്ന വടക്കൻ ശൈലി നന്നേ ചെറുപ്പത്തിൽ തന്നെ രാജുമോൻ പരിശീലിച്ചു തുടങ്ങിയത്.
മറ്റു ശൈലികളിൽ സൗന്ദര്യാത്മക ചലനങ്ങൾക്കും പോരാട്ട ശേഷിക്കും പ്രാധാന്യം നൽകുമ്പോൾ തുളുനാടൻ ശൈലി ഫലപ്രദമായ ആത്മരക്ഷാ രീതികൾക്കാണ് പ്രാമുഖ്യം നൽകുന്നത്. താരതമ്യേന ആചാര ഘടകങ്ങൾ കുറഞ്ഞ ഈ ശൈലിയിൽ ചെറിയ ആയുധങ്ങളും ചുവടുകളും വടിവുകളുമുൾക്കൊള്ളുന്ന പ്രതിരോധ പദ്ധതികളുമാണ് മുഖ്യ പാഠ്യവിഷയങ്ങൾ. മലബാറിലും തെക്കൻ കന്നടയിലും ഏറെ ജനപ്രിയമാണ് തുളുനാടൻ സ്റ്റൈൽ.
ദിലീപ് കുരുക്കളുടെ കീഴിൽ തെക്കൻ കേരളത്തിന്റെയും തമിഴ്നാടിന്റേയും സബ്രദായമായ തെക്കൻ കളരിയിലും ആശാൻ അഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.
തെക്കൻ കളരി അടിമുറ പ്രാധാന്യമേറിയതാണ്. വെറും കൈകൾ കൊണ്ടുള്ള തടകളും പൂട്ടുകളും വേഗതയേറിയ ചുവടുകളിലൂടെയുള്ള മർമ്മ പ്രയോഗങ്ങളും തെക്കൻ ശൈലിയുടെ പ്രത്യേകതകളാണ്. അതുകൊണ്ടു തന്നെയാണ് ഈ സമ്പ്രദായത്തെ കളരിപ്പയറ്റ് എന്ന് വിശേഷിപ്പിക്കുന്നതും. ആയുർവ്വേദം അനുശാസിക്കും പ്രകാരം മനുഷ്യ ശരീരത്തിലെ മർമ്മ സ്ഥാനങ്ങൾ പഠിച്ചു പ്രയോഗത്തിലാക്കി അനായാസേന ശത്രുവിനെ പ്രതിരോധത്തിലാക്കുന്ന ഈ രീതി ഇന്ന് കൂടുതൽ പ്രചാരം നേടിവരുന്നു.
സ്ത്രീകൾക്കുനേരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്തു സ്വയം പ്രതിരോധത്തിന് പെൺകുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണെന്നതും ഈ രീതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. കേരളത്തിൽ പ്രചുരപ്രചാരം ലഭിച്ച മർമ്മ ചികിത്സ തെക്കൻ വിദ്യയുടെ ഒരു ഭാഗമായി പല കളരിസംഘങ്ങളും പഠിപ്പിച്ചും വരുന്നുണ്ട്.
ദീർഘകാലത്തെ കളരി അഭ്യാസത്തോടൊപ്പം കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള രാജുമോന്റെ നേതൃത്വത്തിൽ ദിവാൻ കളരിയിൽ കരാട്ടെ പരിശീലനവും നൽകി വരുന്നു.
കളരിയും കരാട്ടെയും പരസ്പര പൂരകമാകുന്ന ഒരു നവീന പാഠ്യ പദ്ധതിയും ദിവാൻ കളരി നടപ്പിലാക്കി വരുന്നുണ്ട്.
ആയോധനവിദ്യകളുടെ പഠനവും പരിശീലനവും പലവിധ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും വരുതിയിലാക്കാനും
പലർക്കും വഴിയൊരുക്കുന്നു. അതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് പ്രായഭേദമന്യേ ഒരു വലിയ ശിഷ്യ സമ്പത്തിനെ നേടാൻ രാജുമോന് കഴിഞ്ഞിട്ടുണ്ട്.
കായിക കേരളത്തിന്റെ തനതു ആയോധന മാർഗ്ഗമായ കളരിയും അതിന്റെ തന്നെ വകഭേദമായ കരാട്ടെയും കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓതിരം 2025 സംഘടിപ്പിക്കുന്നത്. ആയതിന്റെ നാന്ദി കുറിക്കുന്ന കിക്കോഫ് മീറ്റിംഗ് ജൂലായ് 11 വെള്ളിയാഴ്ച്ച വൈകുന്നേരം 7 നു മിസ്സോറി സിറ്റിയിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ നടത്തുന്നു. ഓതിരം 2025 നു പിന്തുണ നൽകാനും ആ സന്ദേശം ജനങ്ങളിലെത്തിക്കാനും ജൂലായ് 11 ന്റെ കിക്കോഫ് കൂട്ടായ്മയിൽ എല്ലാ കായിക പ്രേമികളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി ദിവാൻ കളരിക്കുവേണ്ടി ആശാൻ രാജുമോനും സംഘാങ്ങളും അറിയിക്കുന്നു.


