ഓണം എന്ന് പറഞ്ഞാൽ മനസ്സിൽ നിറയുന്നത് വെറും വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ആഘോഷമായി മാത്രം അല്ല, മറിച്ച് ഒത്തു ചേരലുകളുടെയും സ്നേഹത്തിന്റെയും ഓർമ്മകളുടെയും ഉത്സവമായിട്ടാണ്.
ഓണം നമ്മളിൽ പലർക്കും ഇനിയൊരിക്കലും തിരികെ പിടിക്കാനാവാത്ത ബാല്യകാലത്തിന്റെയും, കുടുംബബന്ധങ്ങളുടെയും ഓർമ്മകളാണ്. ഓണസദ്യയിലെ ഓരോ വിഭവത്തിനും പറയാൻ , ഒരു കഥയുണ്ടാകും
എന്റെ ബാല്യവും കൗമാരവും സ്നേഹ സമ്പുഷ്ടമാക്കിയത് അച്ഛാച്ഛനും അച്ഛമ്മയും ആയിരുന്നു. അവർ കൂടെയില്ലാതെ ഇപ്പോൾ എത്രയോ ഓണം കടന്നു പോയിയെങ്കിലും ഓണം ഓർമ്മകൾ തുടങ്ങുന്നതും അവസാനിയ്ക്കുന്നതും അവരിൽ നിന്നാണ് .
ഓണത്തെ കുറിച്ച് ആലോചിച്ചാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ചില രുചിയോർമ്മകൾ ആണ്. അച്ഛമ്മയുടെ കുറുക്ക് കാളനും അമ്മയുടെ ഇലയടയും ആലോചിക്കുമ്പോഴേ നാവിൽ തിരയിളക്കം, മനസ്സിൽ സങ്കട കടലിളക്കം.
ഓണനാളിലെ ഇലയടക്ക് എന്തോ ഒരു മാസ്മരിക രുചിയുണ്ട്.
വീട്ടിലുള്ള എല്ലാവരും ചേർന്ന് ഉണ്ടാക്കുന്നത് കൊണ്ടാണോ ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമ്മകളിലും ബാല്യത്തിലും കുടുങ്ങി കിടക്കുന്നത് കൊണ്ടാണോയെന്നറിയില്ല, പിന്നീട് പലപ്പോഴും അമ്മയെക്കൊണ്ട് ഇലയട ഉണ്ടാക്കി കഴിച്ചു, നോക്കിയെങ്കിലും ആ രുചി പിന്നീട് കിട്ടിയിട്ടില്ല.
അച്ഛാച്ചന്റെ സ്നേഹ ശകാരങ്ങൾ കേട്ട് അച്ഛന്റെ കണ്ണുരുട്ടൽ കണ്ടില്ലെന്ന് നടിച്ച്, അനിയനുമായി അടിയുണ്ടാക്കി എല്ലാവരും ചേർന്നിരുന്ന് കഴിച്ചിരുന്ന തിരുവോണനാളിലെ പ്രഭാത ഭക്ഷണത്തിന്റെ പ്രധാന വിഭവം ഇല വാട്ടി പുഴുങ്ങിയെടുത്ത അടയായിരുന്നു. കൂടെ കായ വറുത്തതും ശർക്കര വരട്ടിയും പഴം പുഴുങ്ങിയതും.
ഉത്രാടനാൾ രാത്രിയിൽ തന്നെ അടയുണ്ടാക്കും.
ഇല വാട്ടി അതിൽ അരിമാവ് പരത്തി ശർക്കര ഉരുക്കി തേങ്ങയും ചേർത്ത കൂട്ട് നടുവിലായി വച്ച് മടക്കി,ആവിയിൽ വേവിച്ചെടുക്കും. പഴം മാത്രം ചേർത്ത ഒരു അട തൃക്കാക്കരയപ്പനെ പൂജിക്കാനായി വേറെയും ഉണ്ടാക്കും. അനിയൻ ആയിരുന്നു അമ്മയുടെ സഹായി .അച്ഛാച്ചൻ ആണ് ശർക്കര തേങ്ങാ കൂട്ട് ഉണ്ടാക്കുന്നയാൾ. അമ്മ ഇലയിൽ മാവ് പരത്തും അച്ഛൻ അത് ഭംഗിയിൽ മടക്കും. അച്ഛമ്മ അത് വേവിക്കാൻ വക്കും.
അനിയൻ തേങ്ങാക്കൂട്ട് ഇടക്കിടെ ആരും കാണാതെയെടുത്ത് തിന്നും. ഞാൻ മാത്രം പണിയൊന്നും ചെയ്യാതെ മടി പിടിച്ച് ഇരിക്കും. അച്ഛമ്മ എപ്പോഴും പറയും,'ഇതൊക്കെ കണ്ട് പഠിച്ചോളൂ, ഒരു ദിവസം നിനക്കും ഉണ്ടാക്കേണ്ടി വരും.” . ഞാൻ പഠിച്ചില്ലായെന്ന് മാത്രമല്ല പിന്നിടൊരിക്കലും ഉണ്ടാക്കി നോക്കിയിട്ടുമില്ല. അന്നത്തെ ആ രുചി നാവിൻ തുമ്പിൽ തന്നെ തടഞ്ഞു നിൽകട്ടെയല്ലെ!
ഓണരുചികളിൽ ഇനിയൊരിക്കലും എനിക്ക് തിരിച്ചു കിട്ടാത്ത അച്ഛമ്മയോർമ്മയാണ്, പ്രധാന വിഭവമാണ്, കുറുക്ക് കാളൻ. ചോറ് ഒട്ടും ഇഷ്ടമില്ലാതിരുന്ന ഞാൻ അച്ഛമ്മയുണ്ടാക്കുന്ന കാളൻ മാത്രം ചേർത്ത് ഒരു പറ ചോറ് ഉണ്ണുമായിരുന്നു.
കുറുക്ക് കാളൻ എന്ന പേര് പോലെ തന്നെ വിറകടുപ്പിൽ വെച്ച് മോരും തേങ്ങയും ചേർത്ത കൂട്ട് കുറുക്കി കുറുക്കി എടുക്കണം.
കാളന് രുചി കൂട്ടുന്നത് തേങ്ങ അരക്കുന്നതിലാണ് എന്ന് അച്ഛമ്മ എപ്പോഴും പറയാറുണ്ട്. അമ്മിക്കല്ലിൽ ആണ് കുറുക്ക് കാളന് തേങ്ങാ അരച്ചെടുക്കാറുള്ളത്. അമ്മിക്കല്ലിൽ തേങ്ങാ അരച്ച് തന്നാൽ കാളൻ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് മടിച്ചിയായ എന്നെകൊണ്ട് അച്ഛമ്മ പണിയെടുപ്പിക്കുമായിരുന്നു.
ആ കാലവും ആ രുചികളും ഒരിക്കലും തിരിച്ചു കിട്ടില്ലായെന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ മാത്രം.
ഭക്ഷണം വെറും വിശപ്പിനുള്ള മറുപടി മാത്രമല്ല. അത് , ഒരു ഓർമ്മയാണ്, ഒരുപാട് സ്നേഹങ്ങളും ബന്ധങ്ങളും ചേർന്നൊരു കഥയാണ്. ചില രുചികൾ നമ്മെ ബാല്യകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകും,ചിലത് കണ്ണീരാക്കും, ചിലത് ഹൃദയം നിറക്കും.
ഓണം, ഒരു വിരുന്ന് മാത്രമല്ല, അത് സ്നേഹത്തിന്റെ ഉത്സവമാണ്


