ന്യൂ ജെഴ്‌സി : കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി മാജിക്കും സംഗീതവും മനുഷ്യസ്നേഹവും ചേർന്ന MCUBE അവിസ്മരണീയ സായാഹ്നമായി ഡോ. ബേബി സാം സാമുവൽ ചില കലാ സന്ധ്യകൾ കാണാം. ചിലത് ആസ്വദിക്കാം. പക്ഷേ, ചിലത് മനസ്സ് കൊണ്ട് അനുഭവിക്കേണ്ടവ യാണ്. 236 Old Tappan Road ൽ അരങ്ങേറിയ MCUBE — Magic, Melody, Message അത്തരമൊരു സായാഹ്നമായിരുന്നു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറിയ പരിപാടി, മാജിക്കിന്റെയും സംഗീതത്തിന്റെയും കലാവിരുന്നിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഹൃദയസ്പർശിയായ അനുഭവമായി മാറി. ന്യൂയോർക്കിന്റെയും ന്യൂജഴ്സിയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികൾ സാക്ഷ്യം വഹിച്ച ആ സായാഹ്നത്തിൽ വിസ്മയവും കൈയടികളും മാത്രമല്ല ഉണ്ടായിരുന്നത്. ചില നിമിഷങ്ങളിൽ സദസ് നിശ്ശബ്ദമായി; ചില വാക്കുകൾ, കാഴ്ചകൾ, കണ്ണുകളെ ഈറനണിയിച്ചു; ചില തീരുമാനങ്ങൾ ഹൃദയങ്ങളിൽ പുതിയ പ്രതിജ്ഞകളായി മാറി. Y’s Men Service Club of New York ഉം Kerala Times Entertainments ഉം സംയുക്തമായി നേതൃത്വം നൽകിയ പരിപാടിയ്ക്ക്, മുഖ്യ കോർഡിനേറ്ററും Different Arts Centre ന്റെ അഡ്വൈസറി ബോർഡ് മെമ്പറും ആയ ശ്രീ പോൾ കറുകപ്പള്ളിൽ, അധ്യക്ഷത വഹിച്ചു. റെവ. പോൾ രാജന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ നോവ ജോർജ്ജ് സ്വാഗതവും, Different Arts Centre അഡ്വൈസറി ബോർഡ് മെമ്പർ ആയ ഡോ. ബേബി സാം സാമൂവൽ ആശംസകളും അർപ്പിച്ചു. ശ്രീ അലക്‌സ് തോമസ് ആണ് പരിപാടിയുടെ നിയന്ത്രണം നിർവഹിച്ചത്. MCUBEയുടെ ന്റെ മൂന്ന് ഘടകങ്ങൾ - Magic, Melody, Message — വെവ്വേറെ നിൽക്കുന്ന അനുഭവങ്ങളായിരുന്നില്ല പരസ്പരം ലയിച്ചുചേർന്നവയായിരുന്നു. മാജിക് വിസ്മയിപ്പിച്ചു. സംഗീതം ഹൃദയത്തെ തൊട്ടു. സന്ദേശങ്ങൾ മനസ്സാക്ഷിയെ ഉണർത്തി. ഭിന്നശേഷിക്കാരായ മനുഷ്യരുടെ കഴിവുകളെയും അവകാശങ്ങളെയും സ്വപ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കാസർഗോഡിൽ ഒരുങ്ങുന്ന International Institute for People with Disabilities (IIPD) എന്ന മഹത്തായ പദ്ധതിക്ക് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. മാജിക്കിന്റെ ലോകത്ത് പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ നേട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ശ്രീ. ഗോപിനാഥ് മുതുകാടിന്റെ ജീവിതം , ആത്മ സമർപ്പണത്തിന്റെ മാതൃകയായി. Different Art Centre (DAC) വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക-തൊഴിൽ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത അനുഭവമാണ് IIPD എന്ന വലിയ സ്വപ്നത്തിന് പ്രചോദനം. ഒരു കൊച്ചു പെൺകുട്ടിയുടെ വാക്കുകൾ പരിപാടിയുടെ വികാരനിർഭരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു, സാറാ തോമസ് എന്ന കൊച്ചു പെൺകുട്ടി വേദിയിലെത്തി നടത്തിയ പ്രഖ്യാപനം: ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും, തനിക്ക് ലഭിച്ച സമ്പാദ്യമൊക്കെ ഇത്തരത്തിലുള്ള കുട്ടികൾക്കായി മാറ്റിവയ്ക്കും എന്നുമുള്ള സാറയുടെ വാക്കുകളെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ആ കൊച്ചു പെൺകുട്ടിയോടൊപ്പം മറ്റനേകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ദൗത്യത്തിനൊപ്പം നിൽക്കാനുള്ള തങ്ങളുടെ ഉറച്ച സന്നദ്ധത പ്രഖ്യാപിച്ചു. IIPDയുടെ നിർമാണത്തിനായി ഭൂമി സംഭാവന ചെയ്ത അന്തരിച്ച എം. കെ. ലൂക്കാ സാറിനെയും ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു. ഓണത്തിന്റെ ആഘോഷവേളയിൽ നടന്ന MCUBE, ആഘോഷങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിന്റെ വിളുമ്പിൽ നിൽക്കുന്ന മനുഷ്യരെയും ചേർത്തുപിടിക്കണമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. MCUBE ഒരു കലാ പരിപാടി മാത്രമായിരുന്നില്ല ഒരിക്കലും മായാത്ത അനുഭവമായിരുന്നു കണ്ണ് നിറഞ്ഞ്. മനം നിറഞ്ഞ് മാത്രം ഓരോ വ്യക്തിയും മടങ്ങിപ്പോയ മനോഹരമായൊരു സന്ധ്യ.
കേരളത്തിന്റെ തനിമയും പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും നിറഞ്ഞുനിന്ന അവിസ്മരണീയ സായാഹ്നത്തിന് ചിക്കാഗോ സാക്ഷിയായി. NSS ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ആസ്വദിക്കുകയും വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തതോടെ ആഘോഷം ചിക്കാഗോ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ ഒത്തുചേരലായി മാറി.
മനോഹരമായ പുക്കളത്തോടെയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അരങ്ങേറിയ 65-ലധികം വനിതകളുടെ തിരുവാതിര പരിപാടിക്ക് പ്രത്യേക ശ്രദ്ധ നേടി. നീല സെറ്റ് മുണ്ടണിഞ്ഞ് ഏകോപിതമായി ചുവടുവച്ച വനിതകളുടെ സംഘാവതരണം സദസ്സിന് മനോഹരമായ ദൃശ്യവിരുന്നായി.
തുടർന്ന് നിരവധി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. നൃത്തവും സംഗീതവും നാടൻ കലാരൂപങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ അവതരണങ്ങളും ഉൾപ്പെട്ട സാംസ്കാരിക പരിപാടികൾ സദസ്സിനെ ആവേശത്തിലാഴ്ത്തി. കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തെ അമേരിക്കൻ മണ്ണിൽ പുതിയ തലമുറയിലേക്ക് പകരാനുള്ള ശ്രമങ്ങൾ പരിപാടികളിലുടനീളം പ്രകടമായി.
ഇതിനിടയിൽ ശ്രദ്ധേയമായ അവതരണമായിരുന്നു കുട്ടികൾ അവതരിപ്പിച്ച ‘സർഗവർണം’. കേരളീയ പാരമ്പര്യവും സംസ്കാരവും മനോഹരമായി അവതരിപ്പിച്ച കുട്ടികൾ അമ്മമാരോടൊപ്പം റാംപിൽ അണിനിരന്നത് തലമുറകളെ ബന്ധിപ്പിക്കുന്ന മനോഹരമായ നിമിഷമായി. പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവുമായി കൂടുതൽ അടുപ്പിക്കുന്ന ഈ ആശയം സ്വപ്ന സുജിത്തിന്റെ നേതൃത്വത്തിലാണ് യാഥാർഥ്യമായത്.
ആഘോഷത്തിന്റെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായിരുന്നു ദേവി ജയന്റെ സംവിധാനത്തിൽ അരങ്ങിലെത്തിയ ‘ചന്ദ്രമുഖി’ എന്ന നൃത്താവിഷ്കാരം.
തലമുറകളായി സ്ത്രീകളുടെ കഥകൾ നഷ്ടത്തിന്റെയും ത്യാഗത്തിന്റെയും പരാജയത്തിന്റെയും കണ്ണിലൂടെ മാത്രം പറയപ്പെട്ടതിനെ ഈ അവതരണം ചോദ്യം ചെയ്തു. ചന്ദ്രമുഖി ഉന്നയിക്കുന്ന ചോദ്യങ്ങൾ രാധ, സീത, പാഞ്ചാലി, ഊർമിള തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളിലേക്ക് എത്തുന്നു.എന്നാൽ ഈ സ്ത്രീകൾ തങ്ങളുടെ കഥകളുമായി എത്തുമ്പോൾ പ്രേക്ഷകർക്ക് മറ്റൊരു കാഴ്ചപ്പാട് മുന്നിൽവന്നു. അവർ വെറും ഇരകളായിരുന്നില്ല; സ്വന്തം ശക്തിയും തീരുമാനങ്ങളും യാത്രകളും വിജയങ്ങളുമുള്ള സ്ത്രീകളായിരുന്നു. പരാജയമായി പറയപ്പെട്ട കഥകളെ അതിജീവനത്തിന്റെയും ശക്തിയുടെയും ഒടുവിൽ വിജയത്തിന്റെയും കഥകളായി കാണാമെന്ന ശക്തമായ സന്ദേശമാണ് ‘ചന്ദ്രമുഖി’ നൽകിയത്.
നൃത്തം, സംഗീതം, ദൃശ്യാവിഷ്‌കാരം എന്നിവ സമന്വയിപ്പിച്ച അവതരണം സദസ്സിനെ ആഴത്തിൽ സ്പർശിച്ചു.തുടർന്ന് PK Productions അവതരിപ്പിച്ച ‘Music Mojo’ സംഗീതപരിപാടിയും സദസ്സിന്റെ പ്രത്യേക ശ്രദ്ധ നേടി. ചിക്കാഗോയിലെ പ്രതിഭാധനരായ ഗായകരുടെ കഴിവുകൾ മനോഹരമായി വേദിയിലെത്തിച്ച പരിപാടി മികച്ച സംഗീതാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
സാംസ്കാരിക പരിപാടികൾക്ക് സമാപനം കുറിച്ചത് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയോടെയായിരുന്നു. വിവിധ വിഭവങ്ങൾക്കൊപ്പം മൂന്ന് തരത്തിലുള്ള പായസവും ഉൾപ്പെടുത്തിയ സദ്യ ആയിരത്തിലേറെ വരുന്ന സദസ്സിന് ഓണത്തിന്റെ തനത് രുചി സമ്മാനിച്ചു. ചിക്കാഗോയുടെ ഏറ്റവും മികച്ച ഓണസദ്യകളിലൊന്നായി ഇത് മാറി.
വേദിയിൽ നിറഞ്ഞുനിന്ന കലാകാരന്മാർ മുതൽ പിന്നണിയിൽ പ്രവർത്തിച്ച സംഘാടകരും, സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ച എല്ലാവരും ചേർന്ന കൂട്ടായ പരിശ്രമമാണ് ഈ വലിയ ആഘോഷത്തിന്റെ വിജയത്തിന് പിന്നിൽ.
കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം പുതുതലമുറയിലേക്ക് അത് കൈമാറുകയും ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ശക്തിയും വിളിച്ചോതുകയും ചെയ്ത NSS ചിക്കാഗോയുടെ ഓണാഘോഷം ഏറെക്കാലം ഓർമ്മിക്കാവുന്ന ഒരു മനോഹര സായാഹ്നമായി മാറി.
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


