കാമുകനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. യുവാവിനായി തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരി ആനിമോളെ വളപട്ടണം പുഴയുടെ തീരത്ത് നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് പോലീസിൽ എത്തിയതോടെയാണ് യുവതിയുടെ പശ്ചാത്തലം വ്യക്തമായത്.
സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കാസർഗോഡ് ബേക്കൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ രാത്രിയിലാണ് പാലത്തിനു മുകളിൽ നിന്ന് ഇരുവരും താഴേക്ക് ചാടിയത് എന്നാണ് യുവതിയുടെ മൊഴി.
യുവതി നീന്തി കരകയറിയെങ്കിലും കാമുകനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. വളപട്ടണത്തെത്തിയ ബേക്കൽ പോലീസ് യുവതിയെ കസ്റ്റഡിയിൽ വാങ്ങി. യുവാവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ വളപട്ടണം പോലീസ് കേസെടുത്തിട്ടില്ല.

