PRAVASI

ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ; ഗാലറിയിൽ ആവേശം വിതറി മലയാളി ഫുട്ബോൾ ക്ലബ് എഫ്സിസി ഡാളസ്

Blog Image

ആർലിംഗ്ടൺ (ടെക്സസ്): ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി മിസ്രhide ഈജിപ്ഷ്യൻ പട . ടെക്സസിലെ ആർലിംഗ്ടൺ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രേലിയയെ  പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഈജിപ്ത് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ഈജിപ്തിന്റെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്ത് നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണിത്.

മത്സരത്തിനപ്പുറം ഗാലറിയിലെ ആരാധകരുടെ ആവേശം എടുത്തുപറയേണ്ടതായിരുന്നു. ഈജിപ്തിൽ നിന്ന് നേരിട്ടെത്തിയവരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ പതിനായിരക്കണക്കിന് ഈജിപ്ഷ്യൻ ആരാധകരാണ് ഡാളസ് സ്റ്റേഡിയത്തെ ഒരു ചുവന്ന കടലാക്കി മാറ്റിയത്. പരമ്പരാഗത ഈജിപ്ഷ്യൻ സംഗീതവും, ഡ്രംസിന്റെ താളവും, മുദ്രാവാക്യങ്ങളുമായി അവർ ഗാലറി ഇളക്കിമറിച്ചു.

നായകൻ മുഹമ്മദ് സലായുടെ ഓരോ നീക്കങ്ങൾക്കും ആർലിംഗ്ടണിൽ മുഴങ്ങിക്കേട്ട ആർപ്പുവിളികൾ കെയ്റോയിലെ അന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മത്സരശേഷം കളിക്കാർക്കൊപ്പം ഈജിപ്ഷ്യൻ ആരാധകർ നടത്തിയ വിക്ടറി ലാപ്പും ആഘോഷങ്ങളും ടെക്സസ് ലോകകപ്പ് വേദികളിലെ ഏറ്റവും മനോഹരമായ കാഴ്ചയായി.

ഈജിപ്ഷ്യൻ ആരാധകരുടെ വൻ ജനസാഗരത്തിന് നടുവിലും ഒട്ടും ആവേശം ചോരാതെയാണ് ഓസ്ട്രേലിയൻ ആരാധകർ ഡാളസ് സ്റ്റേഡിയത്തിൽ നിലയുറപ്പിച്ചത്. സ്റ്റേഡിയത്തിന്റെ വടക്കേ ഗാലറി പൂർണ്ണമായും മഞ്ഞയും പച്ചയും ജേഴ്സികളണിഞ്ഞ കങ്കാരു ആരാധകർ കൈയടക്കിയിരുന്നു. പരമ്പരാഗതമായ വലിയ ഇൻഫ്ലേറ്റബിൾ കങ്കാരുപ്പാവകളും ഓസ്ട്രേലിയൻ പതാകകളുമേന്തി അവർ ഗാലറിയിൽ ആവേശം വിതറി.

ഗാലറിയിൽ ആവേശമായി ഡാളസിലെ മലയാളി ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൻ, ഡാളസ് (FCC) :

അമേരിക്കൻ മലയാളി ഫുട്ബോൾ പ്രേമികൾക്കും ഈ മത്സരം ഒരു വലിയ ഉത്സവമായി മാറി. ഡാളസിലെ പ്രമുഖ കായിക കൂട്ടായ്മയായ എഫ്.സി.സി (FCC) ക്ലബ്ബിന്റെ നേതൃത്വത്തിൽ വൻ മലയാളി പങ്കാളിത്തമാണ് ഈ ചരിത്ര മത്സരത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിൽ എത്തിയത്.

ക്ലബ്ബ് അംഗങ്ങളും കുടുംബങ്ങളും അടങ്ങുന്ന വലിയൊരു സംഘം മലയാളികൾ ഗാലറിയിൽ ഈജിപ്ഷ്യൻ ആരാധകർക്കൊപ്പം ചേർന്ന് ആവേശം പങ്കിട്ടു. കളി നേരിട്ട് കാണാനും ലോകകപ്പിന്റെ ഭാഗമാകാനും സാധിച്ചതിന്റെ ആവേശത്തിലായിരുന്നു FCC ക്ലബ്ബ് പ്രതിനിധികൾ.

13-ാം മിനിറ്റിൽത്തന്നെ ഇമാമം അഷൂറിന്റെ ഹെഡ്ഡർ ഗോളിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ പക്കൽ നിന്നും സംഭവിച്ച സെൽഫ് ഗോൾ ഓസ്ട്രേലിയയ്ക്ക് തുണയായി. കളി 1-1 എന്ന നിലയിലായതോടെ ഇരുഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ അധികസമയത്തും സമനില തുടർന്നതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്.

ഷൂട്ടൗട്ടിൽ ഓസ്ട്രേലിയൻ താരം ഹാരി സൗട്ടറിന് പിഴച്ചപ്പോൾ ഈജിപ്തിനായി സൂപ്പർ താരം മുഹമ്മദ് സലാ, മഹ്മൂദ് സാബർ, റാമി റാബിയ എന്നിവർ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ നാലാം കിക്ക് എടുത്ത ലൂക്കാസ് ഹെറിംഗ്ടണിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ചു തെറിച്ചതോടെ ഈജിപ്തിന് അനുകൂലമായി കാര്യങ്ങൾ. ഒടുവിൽ ഒട്ടും പിഴയ്ക്കാതെ ഹൊസാം അബ്ദുൽ മജീദ് ഈജിപ്തിന്റെ വിജയമുറപ്പിച്ച ഫൈനൽ കിക്ക് വലയിലാക്കുകയായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്. ഈജിപ്ഷ്യൻ ജനത സന്തോഷിക്കുന്നത് കാണുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല. എന്ന് ഈജിപ്ത് ക്യാപ്റ്റൻ  മൽസരശേഷം പറഞ്ഞു.

പരിക്കിന്റെ വിമ്മിഷ്ടങ്ങൾ വകവയ്ക്കാതെ കളിച്ച നായകൻ മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ടീം അടുത്ത ചൊവ്വാഴ്ച അറ്റ്ലാന്റയിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ  നേരിടും.
 

           

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.