മാന്നാർ വള്ളംകളി പ്രേമികളെ ആവേശത്തിലാറാടിച്ച് 59-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം നടന്നു.
മാന്നാർ മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജല മാമാങ്കത്തിൽ വാശിയേറിയ പോരാട്ടത്തിലൂടെ ബിജു മുട്ടേൽ ക്യാപ്റ്റനായ മേൽപാടം ചുണ്ടൻ ജേതാക്കളായി.
രാജൻ സുജുദ്, ഇർഷാദ് നൗഷാദ് എന്നിവർ ക്യാപ്റ്റനായ മാന്നാർ ബോട്ട് ക്ലബിൻ്റെ വെള്ളംകുളങ്ങര ചുണ്ടൻ ഒരു വള്ളപ്പാടകലെ രണ്ടാം സ്ഥാനത്തെത്തി. റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടിക്കാണ് മൂന്നാംസ്ഥാനം. ചുണ്ടൻവള്ളങ്ങളുടെ ലുസേഴ്‌സ് ഫൈനലിൽ ബാബുക്കുട്ടൻ കറുകയിൽ, പാലത്തറ ജോൺ എന്നിവർ ക്യാപ്റ്റനായുള്ള ചെറുതന ചുണ്ടൻ ഒന്നാമതെത്തി. മനോഹരൻ ചിറയിൽ ക്യാപ്റ്റനായയുള്ള ആനാരി ചുണ്ടൻ രണ്ടാമതും, വിജിത്ത് മാടശ്ശേരി ക്യാപ്റ്റനായയുള്ള കരുവാറ്റ ചുണ്ടൻ മൂന്നാമതും എത്തി. മാന്നാർ മഹാത്മാ ജലോത്സവത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ബിജു സാമുവൽ പറക്കളത്ത് ക്യാപ്റ്റനായയുള്ള ജയ് ഷോട്ട് ഒന്നാമനായി. മാനോയി ക്യാപ്റ്റനായ
അമ്പലക്കടവൻ രണ്ടാം സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ സാംസൺ തോമസ്ക്യാപ്റ്റനായുള്ള ദാനിയേൽ ഒന്നാം സ്ഥാനവും, ജിബി ജോൺ ക്യാപ്റ്റനായുള്ള ജലറാണി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ട്രോഫികൾ സമ്മാനിച്ചു.
ജലോത്സവത്തിന് മുന്നോടിയായി ജനറൽ കൺവീനർ അഡ്വ.എൻ. ഷൈലാജ് അധ്യക്ഷനായി നടന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം .എൽ.എ പതാക ഉയർത്തി.
ജലമേളയുടെയും ജലഘോഷയാത്രയുടെയും ഉദ്ഘാടനം ആൻ്റോ ആന്റണി എം.പി നിർ വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ ഷാജഹാൻ സ്വാഗതം പറഞ്ഞു.
മഹാത്മാഗാന്ധി അവാർഡ് ജേതാവ് എം.എസ് നന്ദകുമാറി നെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരികളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,മാന്നാർ അബ്ദുൽ ലത്തീഫ് ,ഡോ.മാമ്മൻ സി ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
ഫോട്ടോസ് : ഇഖ്ബാല്‍ അര്‍ച്ചന










