PRAVASI

ലൂസിഫറിന്‍റെ സ്ഥാനമാറ്റം

Blog Image

ദൂത സേനയിലെ അതിപ്രധാനമായ പങ്ക് വഹിച്ചവന്‍ ആയിരുന്നു ലൂസിഫര്‍.അരുണോദയ പുത്രന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
(യെശയ്യാവ് 14 : 12:14) അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
'ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കു മീതെ വെക്കും; ഉത്തരദിക്കിന്‍റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;
ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും' എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞത്. ഈ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നുവന്ന ചിന്തയാണ് സ്ഥാനത്ത് നിന്ന്  മാറ്റപ്പെടുവാന്‍ ഇടയായത്.
യെഹെസ്കേല്‍ 28 : 12-17 മുതല്‍ ഉള്ള വാക്യങ്ങള്‍ കൂടി ചിന്തിക്കുന്നത് ഉചിതം ആയിരിക്കും   യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂര്‍ണ്ണനും സൌന്ദര്യസമ്പൂര്‍ണ്ണനും തന്നേ.നീ ദൈവത്തിന്‍റെ തോട്ടമായ ഏദെനില്‍ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളില്‍ നിന്നില്‍ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. നീ ചിറകു വിടര്‍ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധദേവപര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ നിങ്കല്‍ നീതികേടു കണ്ടതുവരെ നീ നടപ്പില്‍ നഷ്കളങ്കനായിരുന്നു. നിന്‍റെ വ്യാപാരത്തിന്‍റെ പെരുപ്പംനിമിത്തം നിന്‍റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്നു എണ്ണി ദേവപര്‍വ്വതത്തില്‍ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്‍റെ സൌന്ദര്യംനിമിത്തം നിന്‍റെ ഹൃദയം ഗര്‍വ്വിച്ചു, നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി;
ദൂത സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഉള്ളത് കെരൂബുകള്‍ ആണ് അവര്‍ എപ്പോഴും ദൈവസന്നിധിയില്‍ തന്നെയാണ്. അതായത് ദൈവത്തെ എപ്പോഴും പാടി സ്തുതിക്കുകയാണ്. ആ സംഗീത ഗ്രൂപ്പിന്‍റെ തലവന്‍ ആയിരുന്നു ലൂസിഫര്‍. എന്നാല്‍ ദൈവത്തെ നിത്യംആരാധിക്കുന്നതില്‍  ചെറിയ  അതൃപ്തി ലൂസിഫറില്‍ ഉണ്ടായതിന്‍റെ പരിണിതഫലമാണ് അവന്‍റെ  ഹൃദയം ദൈവത്തോട് മത്സരിക്കാന്‍ തുടങ്ങിയത്.
ശമുവേല്‍ 15 : 23 ല്‍ പറയുന്നത് മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; 
 അങ്ങനെയാണ് ലൂസിഫറിന്‍റെ സ്ഥാനം നഷ്ടപ്പെട്ടതും ദൈവം അവനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് വെട്ടി താഴെ ഇട്ടതും അതോടൊപ്പം ഒരു സംഘം ദൂതന്മാര്‍ അവന്‍റെ പക്ഷത്ത് ഉണ്ടായിരുന്നു അവരും ലൂസിഫറിനോടൊപ്പം നിലത്ത് വീണു. ആ സൈന്യം ആയിരുന്നു വിവിധ ദൗത്യം ഏറ്റെടുത്ത് ഭൂമിയില്‍ ഉടാടി സഞ്ചരിക്കുന്നതും. അരുണോദയ പുത്രന്‍ എന്ന് പേരുണ്ടായിരുന്നവന്‍ സാത്താന്‍, പ്രതിയോഗി, അപവാദി എന്നീ പേരുകളില്‍ പിന്നെ അറിയുവാന്‍ തുടങ്ങി.
അങ്ങനെ വെട്ടേറ്റ് നിലത്ത് വീണ ലൂസിഫറും തന്‍റെ കൂട്ടരും കൂടി ദൈവത്തോടുള്ള അടങ്ങാത്ത പക മൂലം ദൈവം സൃഷ്ടിച്ചതായ ഈ ഭൂമിയെ പാഴും ശൂന്യവും ആക്കി മാറ്റി. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടു എന്ന് അറിയുകയില്ല എന്നാല്‍ ദൈവം നിത്യതയില്‍ ഒരുക്കിയ ദൈവീക പദ്ധതിയായിരുന്നു മനുഷ്യന്‍ എന്നുള്ളത്. അങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദ്യ മനുഷ്യനായ ആദാമിനെ സൃഷ്ടിച്ചു. അത് വെറും പൊടിയില്‍ നിന്നും, ദൈവം ലൂസിഫറിനെ നവരത്നം കൊണ്ട് സൃഷ്ടിച്ചിട്ടും അവന്‍റെ ഹൃദയം സാഹസം നിറഞ്ഞതും ദൈവത്തോട് മത്സരിക്കുന്നതും ആയി മാറിയതിനാല്‍ സ്വര്‍ണത്തിന്‍റെയോ, രത്നങ്ങളുടെയോ ഒരു തരി പോലും മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ദൈവം ഉപയോഗിച്ചില്ല എന്ന് വ്യക്തമാണ്. ഇന്നു മനുഷ്യന്‍റെ ഉള്ളില്‍ സാത്താന്‍ കുത്തിനിറച്ചിരിക്കുന്ന ഒരു ചിന്തയാണ് ആഭരണ ഭ്രമം. മനുഷ്യന് എന്തെല്ലാം ആവശ്യമായിരുന്നുവോ അതെല്ലാം ചേര്‍ത്ത് ഇണക്കിയാണ് മനുഷ്യന് ദൈവം രൂപം നല്‍കി ദൈവത്തിന്‍റെ ശ്വാസം ഊതി  ജീവനുള്ള ദേഹി ആക്കി തീര്‍ത്തത്. ദൈവം മനുഷ്യന് ആവശ്യമുള്ളത് മാത്രം നല്‍കി.എന്നാല്‍ ഈ കാലങ്ങളില്‍ ദൈവം സൃഷ്ടിച്ചതിന് മേലെ ഒരു സൃഷ്ടിപ്പാണ് സാത്താന്‍ ആഗ്രഹിക്കുന്നത് ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്ക് മീതെ എന്നുള്ള ചിന്ത. ദൈവത്തിന്‍റെ രൂപസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ രൂപം മാറ്റുവാനുള്ള മേക്കപ്പ് തന്ത്രം സാത്താനാണ് പരിചയപ്പെടുത്തിയത്.
ചുണ്ടിനും, നഖത്തിനും, കണ്ണിനുമൊക്കെ ആവശ്യമായ നിറവും സൗന്ദര്യവും നല്‍കിയാണല്ലോ ദൈവം ആദ്യ ദമ്പതികളെ സൃഷ്ടിച്ചത് സാത്താനെ വീണു നമസ്കരിക്കുന്നതിന് തുല്യമാണ് അവന്‍റെ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതും സ്വീകരിക്കുന്നതും. അങ്ങനെ ദൈവ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഭൂമിയിലും, സമുദ്രത്തിലും, ആകാശത്തില്‍ പറക്കുന്ന പറവകളുടെ മേലും അധികാരം കൊടുക്കുന്നത് സാത്താന് ഇഷ്ടപ്പെട്ടില്ല.കാരണം ഭൂമിയില്‍ ലൂസിഫറും, തന്‍റെ അനുകൂലികളും വീണ നാള്‍ മുതല്‍ സാത്താനായിരുന്നു ഭൂമിയെ അവകാശമാക്കി വെച്ചത് അതുകൊണ്ടാണല്ലോ യേശുവിന്‍റെ അടുക്കല്‍ സാത്താന്‍ പറഞ്ഞത് ഇതെല്ലാം എന്‍റേതാണ് എനിക്ക് ഇഷ്ടമുള്ളവന് കൊടുക്കുന്നു നീ വീണ് നമസ്കരിച്ചാല്‍ നിനക്ക് തരാം എന്ന് പറഞ്ഞത്. സാത്താന്‍റെ വലിയൊരു തന്ത്രമാണ് വാഗ്ദാനങ്ങള്‍. എന്നാല്‍ അത് നിവര്‍ത്തിപ്പാന്‍ അവന് സാധ്യമല്ലാതാനും. കാരണം ദൈവം അനുവദിക്കാതെ ഒന്നും സാത്താന് ചെയ്യുവാന്‍ കഴിയുകയില്ല. ഇയ്യോബിന്‍റെ  വിഷയത്തിലും, പത്രോസിന്‍റെ വിഷയത്തിലും സാത്താന്‍ ദൈവത്തോട് അനുവാദം ചോദിക്കുന്നത് നമുക്ക് തിരുവെഴുത്തില്‍ കൂടെ അറിയുവാന്‍ സാധിക്കും. പ്രഭയായിരുന്നവന്‍ ഇരുട്ടിന്‍റെ അധികാരി ആയി തീര്‍ന്നു. അതുമൂലം ജ്ഞാന സമ്പൂര്‍ണ്ണനായിരുന്നവന്‍ അതിനെ വഷളാക്കി മാറ്റി. പ്രതികാരചിന്തയുമായി ദൈവം അധികാരം ഏല്‍പ്പിച്ച ആദാമിനെ എങ്ങനെയെങ്കിലും ദൈവത്തില്‍ നിന്നും അകറ്റി കളയുവാനുള്ള തന്ത്രവുമായി ഏദെന് ചുറ്റും കറങ്ങുകയാണ്. വേദപണ്ഡിതന്മാര്‍ പറയുന്നത് ഏദെന്‍ തോട്ടത്തെയും ആദാദമ്പതികളെയും സൂക്ഷിച്ചിരുന്ന ദൂതന്മാര്‍ സ്വര്‍ഗ്ഗത്തിലെ ആരാധനയ്ക്ക് വേണ്ടി അവര്‍ കയറിപ്പോയ തക്കം നോക്കിയാണ് സാത്താന്‍ വൃക്ഷത്തില്‍ കയറിയിരുന്നത്
 സാത്താന് നേരിട്ട് ആദാമിനെ സമീപിക്കാന്‍ സാധ്യമല്ല ദൈവത്തിന്‍റെ തേജസ് ആദാമില്‍ ഉണ്ടായിരുന്നതിനാല്‍ ഭയം ആയിരുന്നു എന്നാല്‍ ദൂതന്മാര്‍ കയറിപ്പോയ തക്കം നോക്കി നന്മതിന്മകളെ കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്മേല്‍  പാമ്പിന്‍റെ രൂപത്തില്‍ കയറിപറ്റി.
 ദൈവം ആദാമിനെ തോട്ടത്തില്‍ വേല ചെയ്യുവാനും കൂടെ ആയിരുന്നല്ലോ ഏല്‍പ്പിച്ചത്. അത് തോട്ടത്തിന്‍റെ കിഴക്ക് ഭാഗത്തും ഹവ്വായ്ക്ക് മൃഗങ്ങളെയൊക്കെ സംരക്ഷിക്കുവാനുള്ള ദൗത്യം ആയിരുന്നു അത് തോട്ടത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തും ആയിരുന്നു. സന്ധ്യസമയം ആയപ്പോള്‍ ഹവ്വാ  ആദാമിന്‍റെ അടുക്കലേക്ക് വരുന്ന വഴിക്കാണ് സാത്താന്‍ ഒരു സംശയനിവാരണം വരുത്തുവാന്‍ ഉള്ള വ്യാജേന ഹവ്വാ യോട്ചോദിക്കുന്നു.
 വാസ്തവമായി ദൈവം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, എന്ന് അതിന് ഹവ്വാ പറഞ്ഞ മറുപടിയാണ് അവളെ സാത്താന്‍ വഞ്ചിപ്പാന്‍ കാരണമായത് ഹവ്വാ പറഞ്ഞു തോട്ടത്തിലെ വൃക്ഷഫലം ഞങ്ങള്‍ക്ക് തിന്നാം എന്നാല്‍ നിങ്ങള്‍ മരിക്കാതെ ഇരിക്കേണ്ടതിന് തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത് തൊടുകയും അരുത് എന്ന് ദൈവം കല്‍പ്പിച്ചിട്ടുണ്ട് എന്ന് ഹവ്വാ  പറഞ്ഞു 
തിന്നുന്ന നാളില്‍ നിങ്ങള്‍ മരിക്കുകയില്ല തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണ്തുറക്കുകയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെ പോലെ ആകുകയും ചെയ്യും എന്ന് സാത്താന്‍ പറഞ്ഞു.
ഇവിടെയാണ് ഹവ്വാ വഞ്ചിക്കപ്പെട്ടത്. അത്യുന്നതനോട് സമനാകും, ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്ക് മീതെ എന്‍റെ സിംഹാസനം വയ്ക്കുമെന്നുള്ള ചിന്തയായിരുന്നുവല്ലോ അവന്‍റെ (ലൂസിഫറിന്‍റെ) സ്ഥാനം തെറിക്കാന്‍ കാരണമായത്. സ്ഥാനമാനങ്ങളില്‍ ഇരിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ ഇരിക്കേണ്ട നാളുകള്‍ ആണിത്
ചെറിയൊരു അഹങ്കാരത്തില്‍ ആരംഭിക്കും പിന്നെ അതൊരു വട വൃക്ഷമായി വളര്‍ന്ന് ദൈവസന്നിധിയില്‍ നിന്ന് അകന്നു പോകാന്‍ കാരണമായിത്തീരും. നെബുക്കദ്നേസറിനു സംഭവിച്ചത് ആരും മറക്കാതിരുന്നാല്‍ നല്ലത്. 
ഇത് ഞാന്‍ എന്‍റെ ധന മാഹാത്മ്യത്താല്‍, എന്‍റെ പ്രതാപ മഹത്വ ത്തിനായിട്ട് രാജധാനിയായി  പണിത മഹതിയാം ബാബേല്‍ അല്ലയോ എന്ന് രാജാവ് പറഞ്ഞു തുടങ്ങി.ഉടന്‍ തന്നെ സ്വര്‍ഗ്ഗത്തില്‍ ഒരു ശബ്ദം ഉണ്ടായി നിന്നെ മനുഷ്യരുടെ ഇടയില്‍ നിന്ന് നീക്കി കളയും നിന്‍റെ പാര്‍പ്പ് കാട്ടിലെ മൃഗങ്ങള്‍ക്കൊപ്പം ആയിരിക്കും.
പ്രിയരേ! നിങ്ങള്‍ എത്ര ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ആയാലും, ദൈവത്തിന് വേണ്ടി ശുശ്രൂഷകളില്‍ ആയിരിക്കുന്നവര്‍ ആയാലും നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ ആയാലും ഹൃദയം സാഹസം കൊണ്ട് നിറയ്ക്കരുത്
നിഗളം, മത്സരം ഇതൊന്നും ഉണ്ടാകരുത് അങ്ങനെ ഉണ്ടായാല്‍ വെളിപ്പാട് പുസ്തകത്തില്‍ പറയും പോലെ അങ്ങനെയുള്ളവരെ കര്‍ത്താവ് വായില്‍ നിന്നും  ഉമിണ്ണ് കളയും. ആകയാല്‍ നിങ്ങളെ ആക്കിയിരിക്കുന്ന  സ്ഥാനത്ത് വിശ്വസ്തരായി, വിശുദ്ധരായി നിലനില്‍ക്കുവാനും കാണപ്പെടുവാനും ദൈവം ഇടയാക്കട്ടെ.ദൈവത്തിന്‍റെ മുന്‍പാകെഎല്ലാം കാണപ്പെടും എന്നുള്ള ഉത്തമ ബോധം ഏവരെയും നടത്തു മാറാകട്ടെ. അരുണോദയ പുത്രന്‍(Morning star)  എന്നറിയപ്പെട്ടിരുന്ന
ലൂസിഫറിന് തന്‍റെ സ്ഥാനം നഷ്ടമായി, പേര് നഷ്ടമായി വെട്ടേറ്റു നിലത്ത് വീഴുവാനും ആ വീഴ്ചയുടെ ആഘാതം ഇപ്പോഴും സാത്താന്‍ വഹിച്ചുകൊണ്ട് നടക്കുകയാണ് ദൈവം നമ്മളെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുകയാണ് നാം സാത്താന്‍റെ മക്കളായിരുന്നു ഇപ്പോള്‍ ദൈവമക്കള്‍ ആയി തീര്‍ന്നു. ആ പേരിനും സ്വരൂപത്തിനും മാറ്റം വരുത്താതെ യേശുവിന്‍റെ പിന്‍പേ ഗമിക്കാം. പ്രലോഭനങ്ങള്‍ ദൈവമക്കളെ തകര്‍ക്കാന്‍ നോക്കുമ്പോള്‍ അതില്‍ നിന്ന് അകന്ന്  ക്രിസ്തുവില്‍ മറഞ്ഞിരിക്കാന്‍ സര്‍വ്വശക്തനായ ദൈവം ഏവര്‍ക്കും കൃപ ചെയ്യട്ടെ.

പാസ്റ്റർ പി. പി. കുര്യൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.