കേരളത്തിലെ ആരോഗ്യരംഗം ലോകത്തിലെ ഒന്നാം നമ്പര്‍ ആണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും മനപ്പൂര്‍വ്വം ശ്രമിക്കുകയാണ്. കേരളത്തിന്‍റെ ആരോഗ്യമന്ത്രി കൂടെക്കൂടെ പറയുന്ന പരിവേദനമാണിത്. പ്രശ്നങ്ങളെ ആരോഗ്യപരമായി വിശകലനം ചെയ്യാതെയുള്ള മന്ത്രിയുടെ പ്രതികരണങ്ങള്‍ ഒട്ടും മാതൃകാപരമല്ല. കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ എം.പി. മാരോ എം.എല്‍.എ. മാരോ അവരുടെ കുടുംബാംഗങ്ങളോ സര്‍ക്കാരാശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നതിന്‍റെ കണക്കെടുത്താല്‍ മന്ത്രിയുടെ ഈ പ്രതികരണം ശരിയല്ലെന്നു കാണാം. കാരണം സര്‍ക്കാര്‍ ആശുപത്രികളുടെ പരിമിതികള്‍ നിരവധിയാണ്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മികവുള്ളവരാണെന്നതില്‍ സംശയമില്ല. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ മെരിറ്റില്‍ അഡ്മിഷന്‍ നേടി പ്രശസ്തമായ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നിര്‍വഹിച്ച് മെരിറ്റില്‍ തന്നെ നിയമനവും ലഭിച്ചവരാണ്. നേഴ്സുമാരും മികവുള്ളവര്‍ തന്നെ. രോഗികളുടെ ബാഹുല്യം, ഉപകരണങ്ങളുടെ കുറവ്, അത്യാവശ്യ മരുന്നുകളുടെ ലഭ്യതയില്ലായ്മ, ശുചിത്വത്തിന്‍റെ പ്രശ്നങ്ങള്‍, നടത്തിപ്പുകാരുടെ പരിമിതി ഇതെല്ലാം തെളിഞ്ഞ സത്യങ്ങളാണ്. ഒരുവിധം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരാരും സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാത്തത് അവരുടെ വിശ്വാസക്കുറവുകൊണ്ടാണ്. ഈ വസ്തുതകള്‍ അംഗീകരിച്ച് സമീപകാലത്തുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ആണ് അടിയന്തിരമായി ചെയ്യാനുള്ളത്. ആരോഗ്യരംഗത്തെ വിദഗ്ധന്മാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. ഡോക്ടര്‍മാരുടെ സംഘടനകള്‍, നേഴ്സുമാരുടെ സംഘടനകള്‍, കേരളത്തിലെ പ്രശസ്തമായ സന്നദ്ധസംഘടനകള്‍ ഇവരൊക്കെ പ്രത്യേകം പ്രത്യേകം പഠനങ്ങള്‍ നടത്തി പരിഹാര മാര്‍ഗ്ഗങ്ങളടങ്ങുന്ന രേഖ മുഖ്യമന്ത്രിക്കും മാധ്യമങ്ങള്‍ക്കും സമര്‍പ്പിക്കണം. വിശദമായ ഒരു പൊതു ചര്‍ച്ചയ്ക്ക് ഈ പഠനങ്ങള്‍ നിമിത്തമാകട്ടെ.
അമേരിക്കയിലെ പ്രശസ്ത മലയാളി സംഘടനകളായ ഫൊക്കാന, ഫോമ ഇവയൊക്കെ കേരളത്തെ സഹായിക്കാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും മലയാളി സംഘടനകള്‍ ഇക്കാര്യത്തില്‍ സഹകരണം നല്കുമെന്നതില്‍ സംശയമില്ല. വിദേശ മലയാളികളുടെ സഹായത്തോടെ കേരളത്തിലെ ആരോഗ്യരംഗം ഒരു പരിധിവരെയെങ്കിലും മെച്ചപ്പെടുത്താന്‍ കഴിയും. നമുക്ക് രാഷ്ട്രീയം മാറ്റി നിര്‍ത്താം; രാഷ്ട്രീയത്തിന്‍റെ പേരിലുള്ള ആരോപണങ്ങളും ന്യായീകരണങ്ങളും അവസാനിപ്പിക്കാം. ഈ പ്രതിസന്ധികള്‍ക്ക് എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. മുന്നിലുള്ള പ്രതിസന്ധികള്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രായോഗികമായും ക്രിയാത്മകമായും വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താനുള്ള വഴികളെക്കുറിച്ചാണ് കേരളം അടിയന്തിരമായി ചിന്തിക്കേണ്ടത്.

പ്രൊഫ. ബാബു തോമസ്, പൂഴിക്കുന്നേല്‍

