തൃശൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രകീർത്തിച്ചും മറ്റു ചില നേതാക്കളെ പേരെടുത്ത് പറയാതെ 'കുത്തിയും' കെ മുരളീധരൻ. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നതിനാൽ അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസം ഉണ്ടാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കെ കരുണാകരന്റെ മനസ്സില്‍ വേദന ഉണ്ടാക്കിയവര്‍ പൊങ്ങേണ്ട സമയത്ത് ദേശീയപാത തകര്‍ന്നതുപോലെ താഴോട്ട് പതിക്കുകയായിരുന്നുവെന്നും കെ കരുണാകരനില്‍ നിന്ന് കിട്ടിയ ശാപമാണ് അതിന് കാരണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിൽ നടന്ന എം ജോൺ പുരസ്കാര ദാന ചടങ്ങിലായിരുന്നു മുരളീധരന്റെ പരാമർശം.
എഴുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആദര്‍ശത്തിന്റെ മുഖവും പരിവര്‍ത്തനവാദി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന എം എ ജോണിന്റെ പേരിലെ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വിഡി സതീശന് നല്‍കിയ ശേഷമായിരുന്നു മുരളീധരൻ ഈ പരാമർശം നടത്തിയത്.
കെ കരുണാകരന്‍ പാർട്ടിയിൽ അതിശക്തനും ഒടുവിൽ മുഖ്യമന്ത്രിയുമായിരുന്ന 1991- 94 കാലത്താണ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായിരുന്ന ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എംഐ ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് ‘തിരുത്തല്‍വാദം’ എന്ന പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്. അധികാര ശ്രേണിയിലും പാര്‍ട്ടിക്കുള്ളിലും കെ മുരളീധരന്‍ സ്വാധീനമുറപ്പിക്കുന്നതിനെതിരെ അമിതമായ പുത്രവാത്സല്യം ആരോപിച്ചാണ് മൂവർ സംഘം പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്.ഈ ഗ്രൂപ്പിന്റെ വരവും പ്രഭാവവും കരുണാകരനെ രാഷ്ടീയമായും വ്യക്തിപരമായും ഏറെ ക്ഷീണിപ്പിച്ചിരുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ കാറപകടത്തെ തുടര്‍ന്ന് കരുണാകരന്‍ ചികിത്സക്കായി അമേരിക്കയിലായിരുന്ന കാലത്താണ് പോര് രൂക്ഷമായത്.'പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി ഡി സതീശന്‍ മുന്നോട്ട് പോകുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല' മുരളീധരന്‍ പറഞ്ഞു.
സതീശനേയും തന്നെയും നിയമസഭയില്‍ പിന്‍ ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവര്‍ പിന്നീട് പിന്നിലായെന്നും മുരളീധരന്‍ പരിഹസിച്ചു. 'നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിന്‍ ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന്‍ബെഞ്ചിലായി, അത് ചരിത്രത്തിന്റെ ഭാഗം.
2011 മുതൽ 2019 വരെയാണ് കെ മുരളീധരനും വിഡി സതീശനും ഒരുമിച്ച് സഭയിലുണ്ടായിരുന്നത്. 2011ൽ ആഭ്യന്തര മന്ത്രിയും 2016 ൽ പ്രതിപക്ഷ നേതാവുമായിരുന്നു രമേശ് ചെന്നിത്തല.
2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സതീശന്‍ നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും വെല്ലുവിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്, നേരിട്ട് സംവദിക്കാറില്ല. അന്നത്തെ ചര്‍ച്ചയില്‍ ധനമന്ത്രിയുടെ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് തെളിവ് സഹിതം സതീശന് സ്ഥാപിക്കാനായി. യുഡിഎഫിന് അടിത്തറയുണ്ടാക്കിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സതീശന് ഒരു മന്ത്രി സ്ഥാനം ലഭിച്ചില്ല. കഴിവുള്ളവരെ എത്ര മാറ്റിനിര്‍ത്തിയാലും അവര്‍ സ്വയം മുന്നോട്ട് വരുമെന്നതിന് ഉദാഹരണമാണ് സതീശന്‍. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തെ തേടിയെത്തി. ഇനിയും പ്രമുഖ സ്ഥാനങ്ങളും അദ്ദേഹത്തിന് കൈവരട്ടെ എന്നും ആശംസിക്കുന്നു' മുരളീധരന്‍ പറഞ്ഞു.

