ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയിൽ
ജോസ്‌മോൻ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ. ജോസ്‌മോനെക്കുറിച്ച് നാട്ടുകാർക്കെല്ലാം നല്ലതേ പറയാനുള്ളൂ. പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്ന ആളല്ലെന്നും അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 28 വയസ്സുകാരിയായ മകൾ എയ്ഞ്ചൽ ജാസ്മിനെയാണ് ജോസ് മോൻ കഴുത്ത് ഞെരിച്ച് കൊന്നത്.സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോൻ പൊലീസിനോടു പറഞ്ഞത്. 'വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ’- പൊലീസിന്റെ ചോദ്യംചെയ്യലിൽ ജോസ്‌മോൻ പറഞ്ഞത് ഇങ്ങനെ. ഭർത്താവിന്റെ വീട്ടിൽ വഴക്കിട്ടെത്തിയ എയ്ഞ്ചൽ സ്വന്തം വീട്ടുകാരോടും വഴക്ക് കൂടി. വഴക്കിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

അമ്മയുടെ കൺമുന്നിൽ വെച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ ജെസിക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ഓമനപ്പുഴ കുടിയാംശ്ശേരിൽ എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജോസ്‌മോനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടിൽവെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്‌മോൻ പൊലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. കഴുത്തിലെ രണ്ടു രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ മകൾ മരിച്ചു കിടക്കുന്നതായി ജോസ്‌മോനും ഭാര്യയും അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി ജെ ഇമ്മാനുവേൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്ക് മാറ്റിയത്.

