.jpg)
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച്,
ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ
ഏറ്റവുമധികം ബഹുമാനിക്കുന്ന ഒരു ടീച്ചറാണ്.
മെഡിക്കൽ കോളേജിൽ വെച്ച് പഠിപ്പിച്ചത്
ഫോറൻസിക് മെഡിസിനാണ്.
സ്ഥിരം ഉറങ്ങുന്നവർ പോലും ഉണർന്നിരുന്നു
കേട്ട ക്ലാസുകൾ.
സ്ഥിരം ക്ലാസ് കട്ട് ചെയ്യുന്നവർക്ക് പോലും
മേഡത്തിന്റെ ക്ലാസ് കട്ട് ചെയ്യാൻ
അത്ര ധൈര്യം പോരായിരുന്നു.
“മരണപ്പെട്ട വ്യക്തിയുടെ നാവാണ്
ഒരു ഫോറൻസിക് സർജൻ”
എന്ന് പഠിപ്പിച്ചത് മേഡമാണ്.
എം വി ആറിൽ ജോലി ചെയ്യുന്ന കാലത്താണ്
മേഡത്തിന്റെ മായനാടുള്ള വീട്ടിലും
ഒരുമിച്ചുള്ള യാത്രകളിൽ കാറിലും
ഇരുന്നു സംസാരിച്ചത്.
ഞങ്ങൾ രണ്ടു പേർ മാത്രമുള്ള ആ സമയങ്ങളിൽ
മേഡത്തിന്റെ “അനുഭവ കഥകൾ” കേട്ട്
തരിച്ചിരുന്നിട്ടുണ്ട്.
അതിൽ പ്രമാദമായ “കേസുകളുടെ”
പിന്നാമ്പുറകഥകൾ കേട്ട്
തണുത്തുറഞ്ഞു പോയിട്ടുണ്ട്.
താൻ കണ്ടെത്തിയ സത്യങ്ങളിൽ ഉറച്ചു നിന്നിരുന്ന
ഉരുക്കുപോലൊരു സ്ത്രീ,
അവരുടെ കണ്ണിലും വാക്കിലും
“തീ” ആയിരുന്നു.
തല ഉയർത്തി, നട്ടെല്ല് വളയാതെ,
ആരേയും കൂസാതെ,
സ്വന്തം കാലിൽ നിന്നിരുന്ന,
സ്വയം വെട്ടിയ വഴികളിലൂടെ സഞ്ചരിച്ചിരുന്ന,
“ഷേർളി മേഡത്തിന്റെ” വിദ്യാർത്ഥി ആണെന്നതിൽ
ഞാനും ഞങ്ങളും അഭിമാനിക്കുന്നു.
ഇനി ആ തീയില്ല.

ഡോ.സന്തോഷ് കുമാർ എൻ

