PRAVASI

അവിഹിതബന്ധ പരാതി: വ്യക്തിപരമായ കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സി ഇടപെടില്ല;ഗണേഷ്‌കുമാർ

Blog Image

ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെന്‍റ് ചെയ്തുകൊണ്ടുള്ള കെഎസ്ആർടിസി നടപടി വലിയ വിമർശങ്ങൾക്ക് വഴിതെളിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിവാദ നടപടിയിൽ വിശദീകരണം നൽകി കൊണ്ട് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സി ഇടപെടില്ല. എന്നാൽ കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച‌ സംഭവിച്ചതിനൊപ്പം സസ്പെൻഷൻ ഉത്തരവിലും പിഴവുണ്ടായെന്നാണ് മന്ത്രിയുടെ വാദം.

ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് പറ്റിയെങ്കിൽ പരിശോധിക്കും. സസ്പെൻഷൻ നടപടിയിൽ തെറ്റുണ്ടായതിനാലാണ് ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെ.എസ്.ആർ.ടി.സി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധ കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നുവെന്നതാണ്. അവിഹിതബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതാണെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിലപാട് പുറത്ത് വരുന്നത്.

ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കൈയിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായി. സസ്പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധമാണ്. ആരുടേയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സിക്കില്ല. അതിനാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ചയായിരുന്നു വനിതാ കണ്ടക്‌ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്‌ടറും തമ്മിലുളള സംസാരത്തിൻ്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെ.എസ്.ആർ.ടി.സി അസാധാരണ നടപടിയെടുത്തത്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായ തൻ്റെ ഭർത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്‌ടറുമായി ‘അവിഹിതം’ ഉണ്ടെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ ആരോപണ വിധേയയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്‌ടർ അന്വേഷണം നടത്തിയാണ് സസ്പെൻഡ് ചെയ്തത്.

കൊല്ലത്തെ വനിതാ കണ്ടക്ടറാണ് അച്ചടക്ക നടപടി നേരിട്ടത്. കണ്ടക്‌ടറും ഡ്രൈവറും തമ്മിൽ വഴിവിട്ട ബന്ധം ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ പരിശോധിച്ചതിൽ നിന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ കണ്ടക്‌ടർ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.