കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇതൊരു അഭിമാന നിമിഷമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നൽകിയ വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും മറിച്ച് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും ആദരവാണ് എന്നും അദ്ദേഹം പറഞ്ഞു. “ഇനി മുതൽ സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഇത് ഞങ്ങളുടെ സർക്കാരിന്റെ വണ്ടിയാണെന്ന് അവർക്ക് അഭിമാനത്തോടെ പറയാം,” അദ്ദേഹം കൂട്ടിച്ചേർത്തു. സൗജന്യ യാത്രയിലൂടെ മിച്ചം വരുന്ന തുക ചിട്ടിയിൽ ചേരാൻ ഉപയോഗിക്കാമെന്ന് തന്നോട് ഒരു സ്ത്രീ പറഞ്ഞ കാര്യം മുഖ്യമന്ത്രി പങ്കുവെച്ചു. പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ ലഭ്യമായിത്തുടങ്ങി. ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്രയിൽ പങ്കാളികളായി. കെഎസ്ആർടിസിയിൽ പി.എസ്.സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവർ വി.പി. ഷീലയായിരുന്നു ഉദ്ഘാടന ബസ് ഓടിച്ചത്. അതേസമയം, പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.എം വിട്ടുനിന്നു.


