2025 ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങള്‍ക്ക് താഴെപറയുന്ന കൃതികള്‍ തെരഞ്ഞെടുത്തു.നോവല്‍ (മികച്ച കൃതി:) ആനോ'- ജി. ആര്‍. ഇന്ദുഗോപന്‍.
യുവ എഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്കാരം: 'പരന്ത്രീസ് കുഴല്‍' - അഭിനാഷ് തുണ്ടുമണ്ണില്‍,
കഥ (മികച്ച കൃതി): 'പടക്കം' - വര്‍ഗ്ഗീസ് അങ്കമാലി.പ്രത്യേക ജൂറി പുരസ്കാരം: സെര്‍ട്ടോ ഏലിയോസ് '- ഐസക്ക് ഈപ്പന്‍
(കഥ വിഭാഗത്തില്‍ യുവ പുരസ്കാരത്തിന് ആരേയും ശുപാര്‍ശ ചെയ്തിട്ടില്ല.)
കവിത (മികച്ച കൃതി): 'കാവ്യ പ്രകാശം' - നാലപ്പാടം പത്മനാഭന്‍
യുവഎഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്കാരം: 'കരയാത്ത കടല്‍': എന്‍. എസ്. സുമേഷ് കൃഷ്ണന്‍.
ഓര്‍മ്മക്കുറിപ്പ് (മികച്ച കൃതി): 'ശിവപുരത്തെ ശാന്തിക്കാരന്‍'- വിജയകൃഷ്ണന്‍
യുവഎഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്കാരം: 'സന്ധ്യ മുതല്‍ സന്ധ്യ വരെ' - ഫെബിന.
പ്രത്യേക ജൂറി പരാമര്‍ശം: 'അത്രമേല്‍ ഒരു പെണ്ണില്‍' - ജസീന റഹിം
നാല് വിഭാഗങ്ങളിലും ഫൊക്കാന സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായ കൃതികളുടെ രചയിതാക്കള്‍ക്ക് 10001 രൂപ കാഷ് അവാര്‍ഡും ഫലകവും ബഹുമതി പത്രവും സമ്മാനിക്കും. പ്രത്യേക പുരസ്കാരങ്ങളും ജൂറി പരാമര്‍ശവും ശുപാര്‍ശ ചെയ്ത രചനകള്‍ക്ക് ഫലകവും ബഹുമതിപത്രവും സമ്മാനിക്കും.
ആഗസ്റ്റ് 2 രാവിലെ 10 മണിക്ക് കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീ. പ്രഭാ വര്‍മ്മ, ശ്രീ. ജോസ് പനച്ചിപ്പുറം, ഡോ. പ്രമീളാദേവി എന്നിവര്‍ പങ്കെടുക്കും.
മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചയുടെ ഭാഗമായ ചെറുതും വലുതുമായ ഒട്ടേറെ സാഹിത്യ പുരസ്കാരങ്ങള്‍ നിലവിലുണ്ട്. ഫൊക്കാന സാഹിത്യ പുരസ്കാരം എത്രയോ വര്‍ഷങ്ങളായി അതിന്‍റെ പ്രൗഢിയും ഗരിമയും കൊണ്ട് മലയാള സാഹിത്യലോകത്ത് ശ്രദ്ധേയമാണ്. ഈ വര്‍ഷം 2023 ജൂലൈ ഒന്നിനും 2025 ജൂണ്‍ 30നുമിടയ്ക്ക് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവല്‍, കഥ, കവിത, ഓര്‍മ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളിലെ രചനകളാണ് പുരസ്കാരങ്ങള്‍ക്ക് പരിഗണിച്ചത്. വലിയ തോതിലുള്ള പ്രതികരണമാണ് മലയാളത്തിലെ എഴുത്തുകാരുടെ ഭാഗത്തു നിന്നുണ്ടായത്. നാല് വിഭാഗങ്ങളിലായി (നോവല്‍, കഥ, കവിത, ഓര്‍മ്മക്കുറിപ്പ്) മുന്നൂറോളം എഴുത്തുകാരുടെ രചനകള്‍ പരിഗണനയ്ക്കായി ലഭിച്ചു. പ്രാഥമിക പരിശോധനയില്‍ മികച്ചതെന്ന് ബോദ്ധ്യപ്പെട്ട കൃതികള്‍ ജൂറിയുടെ പരിഗണനയ്ക്കായി നല്‍കി.
കെ. വി. മോഹന്‍ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ഡോ. ബെറ്റിമോള്‍ മാത്യു, ഡോ. പോള്‍ മണലില്‍, സി. റഹിം, ഡോ. റോയ് മാത്യു എം. എന്നിവര്‍ അംഗങ്ങളും അനില്‍ പെണ്ണുക്കര കണ്‍വീനറുമായുള്ള ജൂറി ജൂലൈ 20 ന് യോഗം ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതികള്‍ തെരഞ്ഞെടുത്തത്.
നാലു വിഭാഗങ്ങളിലായി ആദ്യം പത്ത് പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന പ്രാഥമിക ചുരുക്കപ്പട്ടികയും തുടര്‍ന്ന് 5 കൃതികള്‍ ഉള്‍പ്പെടുന്ന അന്തിമ ചുരുക്കപ്പട്ടികയും തയ്യാറാക്കി. അന്തിമ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വീണ്ടും വിലയിരുത്തി ഓരോ വിഭാഗത്തിലും ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയ ഓരോ കൃതി വീതം 2025 ലെ ഫൊക്കാന സാഹിത്യ പുരസ്കാരത്തിനു ശുപാര്‍ശചെയ്യാന്‍ അഞ്ചംഗ ജൂറി സമിതി ഐകകണ്ഠ്യേന തീരുമാനിച്ചു. മല്‍സരത്തിനു ലഭിച്ച രചനകളില്‍ നാല്‍പ്പത് വയസ്സില്‍ താഴെയുള്ള യുവഎഴുത്തുകാരുടെ മികവ് പുലര്‍ത്തുന്ന കൃതികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായതിനാല്‍ പ്രാഥമിക ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യുവ എഴുത്തുകാരില്‍നിന്ന് ഏറ്റവും അര്‍ഹതയുള്ള ഒരാള്‍ക്ക് 'യുവഎഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്കാരം നല്‍കാന്‍ ജൂറി ശുപാര്‍ശ ചെയ്തു. അതോടൊപ്പം കഥ, ഓര്‍മ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളില്‍ അന്തിമചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് എഴുത്തുകാരുടെ രചനകള്‍ക്ക് അവയുടെ മികവും സവിശേഷതയും കണക്കിലെടുത്ത് യഥാക്രമം പ്രത്യേക ജൂറി പുരസ്കാരവും ജൂറിയുടെ പ്രത്യേക പരാമര്‍ശവും ശുപാര്‍ശ ചെയ്തു.
അന്തിമ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട കൃതികള്‍
നോവല്‍: 1. ആനോ - ജി. ആര്‍. ഇന്ദുഗോപന്‍ 2. മരണവംശം - പി. വി. ഷാജികുമാര്‍ 3. ബംഗ - സി. ഗണേഷ് 4. വൈറസ് - ഐശ്വര്യ കമല 5. സ്നോ ലോട്ടസ് - സോണിയ ചെറിയാന്‍
കഥാ സമാഹാരം: 1. ഭവിഷ്യതി - വി. കെ. ദീപ 2. സെര്‍ട്ടോ ഏലിയോസ് - ഐസക്ക് ഈപ്പന്‍ 3. പുസ്തകങ്ങളുടെ വീട് - ഷാഹിന ഇ. കെ. 4. പടക്കം - വര്‍ഗ്ഗീസ് അങ്കമാലി 5. ഉടല്‍ വേദം - മനോജ് വെള്ളനാട്
കവിതാ സമാഹാരം: 1. കാവ്യപ്രകാശം - നാലാപ്പാടം പത്മനാഭന്‍ 2. മതിയാകു ന്നേയില്ല - പി. എസ്. ഉണ്ണികൃഷ്ണന്‍ 3. ചോറ്റുപാഠം - ദിവാകരന്‍ വിഷ്ണുമംഗലം 4. പുസ്തകത്താളിലെ ചിത്രശലഭം - അഹമ്മദ് ഖാന്‍ 5. കരയാത്ത കടല്‍ - എന്‍. എസ്. സുമേഷ് കൃഷ്ണന്‍
ഓര്‍മ്മക്കുറിപ്പ്:
1. ശിവപുരത്തെ ശാന്തിക്കാരന്‍ - വിജയകൃഷ്ണന്‍ 2. അത്രമേല്‍ ഒരു പെണ്ണില്‍ - ജസീന റഹിം 3. സന്ധ്യ മുതല്‍ സന്ധ്യ വരെ - ഫെബിന 4. ഖയാല്‍ - ഫര്‍സാന 5. മനുഷ്യകഥാനുഗാനം - വിജു നായരങ്ങാടി.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍: ഡോ. സജിമോന്‍ ആന്‍റണി (ഫൊക്കാനാ പ്രസിഡന്‍റ്), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ഫൊക്കാനാ ജനറല്‍ സെക്രട്ടറി),ജോയി ചാക്കപ്പൻ (ട്രഷറർ),കെ. വി. മോഹന്‍കുമാര്‍ (ചെയര്‍മാന്‍ - സാഹിത്യ പുരസ്കാര സമിതി), അപ്പുക്കുട്ടന്‍ പിള്ള (അഡീഷണല്‍ അസ്സോ. ട്രഷറാര്‍),സുനിൽ പാറയ്ക്കൽ (കേരളാ കൺവൻഷൻ കോ ചെയർമാൻ ),ഡോ.മാത്യൂസ് കെ.ലൂക്ക് മന്നിയോട്ട് (കേരളാ കൺവൻഷൻ കോ ഓർഡിനേറ്റർ )


