1975 - ആഗസ്റ്റ് 15 . അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഡൽഹിയിലെ റെഡ്‌ഫോർട്ടിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരും ജയിലറകൾക്കുള്ളിലായിരുന്നു. ആ ദിവസം ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഒരു സിനിമ റിലീസ് ചെയ്തു. "ഷോലേ" എന്നായിരുന്നു സിനിമയുടെ പേര്. രണ്ട് വര്ഷം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി റിലീസിന് തയ്യാറെടുത്ത ഷോലേ ക്ക് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണത്തെ തുടർന്ന് ചില സീനുകൾ നീക്കം ചെയ്യേണ്ടി വന്നു. ഷോലേ റിലീസ് ചെയ്ത ആദ്യ നാളുകളിൽ തിയേറ്ററുകളിൽ വലിയ തള്ളിക്കയറ്റം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ദിവസങ്ങൾ പിന്നിടുംതോറും, ആൾക്കൂട്ടം തിയേറ്ററുകളിലേക്ക് ഇരച്ചുകയുറുന്ന കാഴ്ചയാണ് സംജാതമായത്. ബോംബെ പോലുള്ള നഗരങ്ങളിൽ ടിക്കറ്റുകൾ നേരത്തെ വാങ്ങി, ഇരട്ടി വിലക്ക് വിൽക്കുന്ന കരിഞ്ചന്തക്കാരും സജ്ജീവമായി. പ്രദർശന ശാലകളിൽ ജനപ്രവാഹം അനിയന്ത്രിതമായി തുടർന്നതോടെ, ഷോലെയുടെ പ്രദർശനം ആഴ്ചകൾ മാസങ്ങളായും, മാസങ്ങൾ വർഷങ്ങളായും മുന്നേറി. ചിത്രീകരണ മികവുകൊണ്ടും സാങ്കേതികത്തികവ് കൊണ്ടും ഇന്നും ചലച്ചിത്ര പ്രേമികളും നിരൂപകരും ഒരുപോലെ വാഴ്ത്തുന്ന 'ഷോലേ' എന്ന ആ ഇതിഹാസ സിനിമക്ക് ഇന്ന് 50 വയസ്സാകുന്നു.
70- കളിലെ സാമൂഹ്യ-രാഷ്ട്രീയ പരിസ്ഥിതിയോട് ചേർന്നുനിന്നുകൊണ്ട് ഒരു കൊമേർഷ്യൽ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്ത്, ഊതിക്കാച്ചിയെടുത്ത തിരക്കഥയാണ് ഷോലെയുടെ വിജയത്തിന് അടിസ്ഥനം. ഓരോ കഥാപാത്രത്തിനും ഏറ്റവും അനുയോജ്യമായ കാസ്റ്റിംഗും ഗുണം ചെയ്തു. രമേഷ് സിപ്പി എന്ന സംവിധായകന്റെ കയ്യൊപ്പു ചാർത്തപ്പെട്ട സിനിമയായിരുന്നു ഷോലെ. ഓരോ ഷോട്ടിന്റെയും പെർഫെക്ഷന് വേണ്ടി അദ്ദേഹം ഒട്ടും കോംപ്രമൈസ്സ് ചെയ്തില്ല. കഥയ്ക്ക് അനുയോജ്യമായ ഒരു ലൊക്കേഷൻ കണ്ടെത്തിയത് കർണാടകയിലെ കുന്നും മലനിരകളും ഉൾപ്പെട്ട ഉൾനാടൻ പ്രദേശത്തായിരുന്നു. സംവിധായകന്റെ അച്ഛനും അതിസമ്പന്നനുമായ G P സിപ്പി തന്നെ നിർമ്മിതാവായതുകൊണ്ട്, രമേഷ് മനസ്സിൽ visualise ചെയ്തതെല്ലാം സിനിമയിൽ ദൃശ്യാനുഭവമായി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധർമേന്ദ്രയും അമിതാഭ് ബച്ചനും സഞ്ജീവ് കുമാറും ഹേമ മാലിനിയും ജയബാദുരിയും എല്ലാം മത്സരിച്ച് അഭിനയിച്ച സിനിമ, പ്രതിനായകനായ ഗബ്ബർ സിംഗിനെ അനശ്വരമാക്കിയ അംജിത് ഖാന്റെ കൂടെ വിജയമായിരുന്നു. ഷോലെയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും അതീവ സുന്ദരങ്ങളായിരുന്നു. R D ബർമൻ എന്ന അനുഗ്രഹീത സംഗീതജ്ഞന്റെ എല്ലാ കഴിവുകളും പുറത്തെടുക്കപ്പെട്ട ഷോലെയിലെ പാട്ടുകൾ ഇന്നും നമ്മൾ ഏറ്റുപാടുന്നു. ഷോലെ സിനിമ ആരംഭിക്കുന്നത് തന്നെ അന്നുവരെ ആരും ഇന്ത്യൻ സിനിമയിൽ കേട്ടിട്ടില്ലാത്ത, പ്രൗഢമായ theme music ന്റെ അകമ്പടിയോടെയാണ്.
അതി സാഹസമായ സംഘട്ടന രംഗങ്ങൾ കൊണ്ട് ആദ്യന്തം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സിനിമയുടെ കഥാഗതിയിൽ അതി വൈകാരികമായ മുഹൂർത്തങ്ങൾ കൃത്യമായി വിളക്കി ചേർക്കപ്പെട്ടിരുന്നു. "The calm before the storm" എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന, കഥയിലെ നായകരിൽ ഒരാളായ ജയ് [അമിതാഭ് ബച്ചൻ] നായികയായ രാധയോട് [ജയ ബദരി] പറയാതെ പറയുന്ന തന്റെ ഹൃദയാനുരാഗം ഒരു ഹാർമോണിക്കയിലൂടെ പ്ലേ ചെയ്യുമ്പോൾ, ഷോലെ എന്ന epic സിനിമയിലെ ഏറ്റവും ഹൃദയഹാരിയായ രംഗമായി ഇന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നു.
ചാണ്ടി കറുകപ്പറമ്പിൽ
.jpg)
.jpg)
.jpg)

