ഇടുക്കി: മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചു. വെള്ളത്തൂവൽ പഞ്ചായത്തിലെ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കൽ അനിൽ (42) ആണ് ജ്യേഷ്ഠൻ പ്രസാദിന്റെ (46) കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പ്രസാദിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് ആറരയോടെ നെല്ലിയാമ്പാറയിലെ തറവാട്ടുവീട്ടിലാണ് സംഭവം നടന്നത്.
വെള്ളത്തൂവൽ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പ്രസാദ് അമ്മയെ കാണാനായാണ് തറവാട്ടുവീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ചെത്തിയ പ്രസാദ് പിന്നീട് അനുജൻ അനിലിനൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രസാദ് അനിലിനെ വീട്ടിനുള്ളിൽവെച്ച് കുത്തുകയായിരുന്നു.
സംഭവസമയത്ത് സഹോദരങ്ങളുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. മക്കൾ തമ്മിലുള്ള തർക്കം കണ്ട് ഭയന്ന അമ്മ മുറിയിൽ കയറി വാതിലടച്ചു. അനിലിന്റെ ഭാര്യയും കുട്ടിയും അപ്പോൾ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് അനിൽ കുത്തേറ്റു വീടിനുള്ളിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. അയൽവാസികളും ബന്ധുക്കളും ചേർന്ന് അനിലിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിച്ചിരുന്നു.
അനിലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തിൽ പ്രസാദിനെ കസ്റ്റഡിയിലെടുത്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

