ചിക്കാഗോ: 1990-ല്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷപരിപാടിയില്‍ വെച്ചാണ് ഞാന്‍ ഡോ. എം. അനിരുദ്ധനെ പരിചയപ്പെടുന്നത്. ഫൊക്കാനയുടെ സ്ഥാപക പ്രസിഡണ്ട് എന്ന നിലയില്‍ വളരെ ആദരവോടെയാണ് ഞാന്‍ അദ്ദേഹത്തെ ശ്രവിച്ചത്. ആ പരിചയം 35 സംവത്സരങ്ങള്‍ നീണ്ടുനിന്ന ഒരു വലിയ സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു. 1992-1994 കാലഘട്ടത്തില്‍ ഡോ. അനിരുദ്ധന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടായി. അസോസിയേഷന്‍റെ 21-ാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു. നാട്ടില്‍ നിന്നും വയലാര്‍ രവി, ബാലചന്ദ്രമേനോന്‍, പ്രഫ. കെ.എം. തരകന്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു. ആ പ്രോഗ്രാമിന്‍റെ കണ്‍വീനറായി എന്നെ അദ്ദേഹം നിയമിച്ചു. സാബു തോമസായിരുന്നു സെക്രട്ടറി. വളരെ ചിട്ടയായി നടത്തപ്പെട്ട ആ പ്രോഗ്രാം അസോസിയേഷന് പുത്തന്‍ ഉണര്‍വ് നല്കി.
1999-2000 കാലഘട്ടത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രസിഡണ്ടായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ സെക്രട്ടറിയായിരുന്ന ജോര്‍ജ് ഏബ്രഹാം (ജോര്‍ജുകുട്ടി) ഇന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ്. പുത്തന്‍ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായി മലയാളി സംഗമം എന്ന പേരില്‍ ഒരു ബാങ്ക്വറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഡോ. അനിരുദ്ധനായിരുന്നു ആ സമ്മേളനത്തിന്‍റെ ചെയര്‍മാന്‍. കെ.എം. മാണി സാറായിരുന്നു മുഖ്യാതിഥി. ജോസ് കെ. മാണിയും അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജോസ് കെ. മാണി അന്ന് രാഷ്ട്രീയജീവിതം ആരംഭിച്ചിരുന്നില്ല.
ഫൊക്കാനയുടെ പ്രസിഡണ്ടായി ഡോ. അനിരുദ്ധന്‍ മൂന്നാമത്തെ തവണ ആ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 2001 ആഗസ്റ്റ് 10, 11, 12 തീയതികളില്‍ കൊച്ചിയിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വെച്ച് വിപുലമായ രീതിയില്‍ ഫൊക്കാനയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ആ കണ്‍വന്‍ഷന്‍റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തരെയെല്ലാം ആ വേദിയിലെത്തിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സമാപന സമ്മേളനത്തിലെ മൂന്നു മുഖ്യമന്ത്രിമാരുടെ സാന്നിദ്ധ്യം കൗതുകമുണര്‍ത്തി. എ.കെ. ആന്‍റണി, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങിയ പ്രഗത്ഭരുടെ ഒരു നീണ്ട നിരതന്നെ വേദിയിലുണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ സ്വാഗതപ്രസംഗം ചെയ്യുവാന്‍ എനിക്ക് അവസരം ലഭിച്ചു. തുടര്‍ന്ന് ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി എ.കെ. ആന്‍റണി പ്രസംഗിച്ചപ്പോള്‍ എന്‍റെ മലയാള ഭാഷാശൈലിയെ അദ്ദേഹം അഭിനന്ദിച്ചത് എനിക്ക് വലിയ ഒരു അംഗീകാരമായിരുന്നു. അന്നത്തെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു ആ കണ്‍വന്‍ഷന്‍ സമ്മാനിച്ചത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയ ഒരു വമ്പിച്ച നേതൃനിര ടാജ് മലബാര്‍ ഹോട്ടലിലേക്ക് ഒഴുകിയെത്തി. കേരളത്തിലെ മാധ്യമശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞത് ഡോ. എം. അനിരുദ്ധന്‍റെ നേതൃപാടവം കൊണ്ട് മാത്രമായിരുന്നു.
2002 ജൂലൈ മാസത്തില്‍ ചിക്കാഗോ ഡൗണ്‍ ടൗണിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് ഫൊക്കാന കണ്‍വന്‍ഷന്‍ വിജയകരമായി നടത്തപ്പെട്ടു. നാട്ടില്‍നിന്നും മന്ത്രിമാരുള്‍പ്പെടെ പ്രശസ്തരുടെ ഒരു നീണ്ട നിരതന്നെ ആ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ആ കണ്‍വന്‍ഷന്‍റെ ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ആ കണ്‍വന്‍ഷനില്‍ വെച്ചു നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിക്കുവാനും സാധിച്ചു. സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം മാധ്യമപ്രവര്‍ത്തനവുമായും മുന്നോട്ടു നീങ്ങുവാന്‍ ഡോ. അനിരുദ്ധന്‍റെ പ്രോത്സാഹനം എനിക്കു കരുത്തു നല്കി. കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ പങ്കാളിയും എക്സിക്യൂട്ടീവ് എഡിറ്ററായും ഞാന്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2000 ജനുവരി 1-ാം തീയതി മുതലായിരുന്നു. കേരളാ എക്സ്പ്രസ്സിന്‍റെ സ്ഥാപകനും മുഖ്യപത്രാധിപരുമായ കെ.എം. ഈപ്പനുമായുള്ള ഡോ. അനിരുദ്ധന്‍റെ സൗഹൃദം വളരെ ആഴത്തിലുള്ളതായിരുന്നു.
ഏതു പ്രതികൂല സാഹചര്യത്തെയും സൗമ്യമായും ശാന്തമായും നേരിടുവാനുള്ള അദ്ദേഹത്തിന്‍റെ ശൈലി പ്രത്യേകം ശ്രദ്ധേയമായിരുന്നു. മന്മഥന്‍ നായര്‍, പോള്‍ കറുകപ്പള്ളില്‍, ജോണ്‍ ഐസക് (ഷിബു), മറിയാമ്മ പിള്ള, ആനി പോള്‍, ഐ. വര്‍ഗീസ്, മാത്യു കൊക്കൂറ, നൈനാന്‍ ചാണ്ടി, ടി.എസ്. ചാക്കോ, പാര്‍ത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ്, ലീല മാരേട്ട്, ഡോ. മാമ്മന്‍ സി. ജേക്കബ് തുടങ്ങി ഫൊക്കാനയുടെ ഒരു നീണ്ട നേതൃനിര ഡോ. അനിരുദ്ധന് കൈത്താങ്ങായി എപ്പോഴും ഉണ്ടായിരുന്നു.
ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോള്‍ അദ്ദേഹം ഏതേലും റെസ്റ്റോറന്‍റില്‍ പോകാമെന്ന് പറയും. കൂടെ ബാബു മാത്യു, അഗസ്റ്റിന്‍ കരിംകുറ്റിയില്‍ എന്നിവരും കുടുംബസമേതം കാണും. ഞങ്ങള്‍ രണ്ട് മൂന്ന് മണിക്കൂര്‍ സംസാരിച്ചിരിക്കും. അത് വലിയൊരു സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, ആത്മാര്‍ത്ഥതയുടെ കൂട്ടായ്മയായിരുന്നു. അദ്ദേഹം കോഴിക്കോട്ട് ബിസിനസ് ആരംഭിച്ചപ്പോള്‍ തിരക്കും വര്‍ദ്ധിച്ചു. അതോടെ കൂട്ടായ്മകളുടെ ദൈര്‍ഘ്യവും വര്‍ദ്ധിച്ചു.
എന്‍റെ പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഡോ. എം. അനിരുദ്ധന്‍. ഇത്ര പെട്ടെന്ന് ഒരു വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നോടും എന്‍റെ കുടുംബത്തോടും കാണിച്ചിട്ടുള്ള പ്രത്യേക സ്നേഹത്തിനും സൗഹൃദത്തിനും കരുതലിനും ഈ കൊച്ചനിയന്‍റെ കൂപ്പുകൈ!














.jpg)
.jpg)
.jpg)
.jpg)


.jpg)












