PRAVASI

അമ്മയുറങ്ങുന്ന വീട്

Blog Image

അമ്മയില്ലാത്ത വീടിന്റെ അകത്തളങ്ങളിലേക്ക് നിങ്ങൾ പോയിട്ടുണ്ടോ?

എന്നാൽ ഒരു ദിവസം പോകണം. 

ഒരിയ്ക്കലും തിരിച്ചു വരാനിടയില്ലാത്ത അമ്മ മുറിയിൽ അപ്പോഴും അമ്മമണം അവശേഷിക്കുന്നുണ്ടാകും. എന്തിന്റെയാണെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഒരു സുഗന്ധം. അതിൽ വാത്സല്യവും സ്നേഹവും ശാസനയും  കുസൃതിയുമൊക്കെ ഉണ്ടായിരിക്കും. പാതി പൊട്ടിച്ചെടുത്തു വായിലേക്ക് വെച്ച് തന്ന ക്രീം ബിസ്‌ക്കറ്റിന്റെ പൈനാപ്പിൾ മണമാണോ? അറിയില്ല സ്നേഹത്തിന്റെ സുഗന്ധത്തിന് പല നേരത്തും പലമണമാണ്.

അമ്മ അടച്ചിട്ട അലമാരയുടെ വാതിൽ തുറക്കണം. കാറി കരഞ്ഞത് തുറക്കും. വിരൽസ്പർശമേൽക്കാത്ത പരിഭവം ചിലപ്പോൾ വിരലിൽ കോറിവരയ്ക്കും  അതിനുള്ളിൽ വൃത്തിയിൽ ഒതുക്കിവെച്ച അമ്മ തുണികൾ മഴവിൽ വർണം തീർക്കുന്നുണ്ടാകും. ഇനിയും വരാനിരിക്കുന്ന ഉത്സവങ്ങൾക്കൊരുങ്ങാൻ ബാക്കി വെച്ച സാരികൾ ആയിരിക്കും. വർ ഷങ്ങളായി കാത്തിരിക്കുകയായിരിക്കും. 

അവയുടെ ക്ഷമയെല്ലാം നശിച്ചിട്ടുണ്ടാകും.

ഇനിയും പോയി തീർക്കാൻ ബാക്കി വെച്ച യാത്രകൾക്കിടാൻ ആണ് ഞങ്ങളെന്ന്  മിനുക്കിയൊരുക്കിയ സാരികൾ തിടുക്കം കാണിച്ചുരുണ്ടു വീഴും. നമ്മുടെ കാൽക്കീഴിലേക്കു വീഴുന്നവയെ കൈ പിടിച്ചുയർത്തും. കൈവെള്ളയിൽ വെച്ച് നിങ്ങളതിന്റെ കാലപ്പഴക്കം പറയും. ആരും കേൾക്കാനിടയില്ലാത്ത പഴക്കം!
"എന്നിട്ടും.. എന്തൊരു പുതുമ " എന്ന് മനസ്സിൽ പറയും.. 

സ്ഥിരമായി അമ്മ ചാരിയിരുന്ന ചുമരിൽ നിഴൽപോലെ അമ്മ ഒരു അടയാളം അവശേഷിപ്പിച്ചിട്ടുണ്ടാകും. അതിൽ അമ്മയുടെ മുടിയിഴകൾ ഒട്ടിപിടിച്ചിരിക്കുന്നുണ്ടാകുമോ എന്ന് നിങ്ങൾ വെറുതെ കൊതിയോടെ നോക്കും. മുട്ടോളം മുടിയുള്ള അമ്മയെ പെണ്ണുകാണാൻ വന്നവരുടെ കഥകളൊക്കെ ഓർമയിൽ തിരക്ക് കൂട്ടും. പലവട്ടം പറഞ്ഞ കഥകളെന്ന് വിരസതയോടെ അന്ന്  പറഞ്ഞപ്പോൾ ഇപ്പോൾ അതൊന്ന് കേട്ടിരുന്നെങ്കിൽ എന്ന് വെറുതെ ആശിക്കും.

അമ്മ വിശ്രമവേളയിൽ ഇരിയ്ക്കാറുള്ള മുറിയിലേക്ക് പതിവുപോലെ അനുവാദമില്ലാതെ കടന്ന് ചെല്ലണം.
മടക്കിവെച്ച ഒരു പുസ്തകം ഇനിയും വായിച്ചു തീരാതെ മേശയിൽ കിടപ്പുണ്ടാകും.അതിലൊരു അടയാളമുണ്ട്. അതമ്മയുടെ സ്വപ്നങ്ങളുടെ അതിർ വരമ്പുകളാകാം.
ആരോ മോഹങ്ങൾക്ക് മേൽ മതില് കെട്ടി തിരിച്ച ഭൂതകാലത്തിന്റെ ചരിത്രമാകാം. ചില വരികളിൽ പെൻസിൽ കൊണ്ട് വരച്ചിട്ട വഴികൾ. ചിലപ്പോൾ അവയെല്ലാം അമ്മ നടന്നതാകാം, അല്ലെങ്കിൽ നടക്കാൻ കൊതിച്ചവയാകാം.. നിങ്ങൾ ആ വഴികളിലൂടെ വേഗം കണ്ണുകളാൽ നടന്ന് തീർക്കും. വരിയും നിരയും തെറ്റിപ്പോയ ജീവിതത്തിന്റെ വളഞ്ഞ വഴികളിലൂടെ കിതച്ചും ഓടിയും ചിലപ്പോൾ ഒരടി പോലും മുന്നോട്ട് വെയ്ക്കാൻ ആവാതെ പകച്ചും നിങ്ങൾ നടന്ന് തീർക്കും.

മനോഹരമായടുക്കി വെച്ച പുസ്തക അലമാരയൊന്നും അവിടെ നിങ്ങൾ കാണില്ല. അവ പരന്നും ചിതറിയും കിടക്കും. അമ്മയുടെ ജീവിതം പോലെ,  വായന അറിവിന്റെ കടലാണെന്ന് പറയാറുള്ള ആ ശബ്ദം അവിടെ തിരപോലെ ആഞ്ഞടിക്കും. നിങ്ങളുടെ നെഞ്ചിനകത്തും ഒരു ഇരമ്പൽ കേൾക്കും. തൊണ്ടയിൽ എന്തോ കിനിഞ്ഞിറങ്ങും. ഇന്നും തീരത്തണയാത്ത വേദനയുടെ കിരു കിരുപ്പുകളാകും. നിങ്ങളുടെ കണ്ണുകൾ നിറയും. ആ കടലിലേക്ക് ഒന്നോ രണ്ടോ തുള്ളി ഒറ്റും. അതിൽ അമ്മയുടെ രുചികളെല്ലാം ഉണ്ടാകും.

ചിതറി തെറിച്ചു കിടക്കുന്ന മേശയ്ക്ക് മുകളിൽ പേന അടയാളം വെച്ച പുസ്തകങ്ങൾ ഉണ്ടാകും. അപഹരിച്ചു കളഞ്ഞ ഉറക്കത്തോട് കലഹിച്ചെഴുതിയ പരിഭവങ്ങൾ അവയ്ക്കുള്ളിൽ അലസമായി കിടക്കുന്നുണ്ടാകും. മിഴികളെ ഓടിപ്പിച്ചിട്ട് നിങ്ങളത് അതിവേഗം വായിക്കും. നഷ്ടബോധത്തിന്റെ ഗന്ധം മൂക്കിലൂടെ തുളച്ചു കയറും. ഒരിയ്ക്കൽ കൂടി ആ കാലമെല്ലാം മുന്നിലൂടെ കടന്നുപോകും. മുഖം അമർത്തി തുടച്ച് നിങ്ങൾ പറയും. "എന്തൊരു ചൂടാണ് ഇവിടെ " ആ വാക്കുകളിൽ നഷ്ടങ്ങളുടെ ഉള്ളുരുക്കം മുഴുവനും ഉണ്ടാകും.

 അമ്മ തുറന്നിടാറുള്ള ആ മുറിയുടെ ജനാല ബലം പിടിച്ച് നിങ്ങൾ തുറക്കും. അതിൽ ചിതലുകൾ ബലമായി അമർത്തി പിടിച്ചിട്ടുണ്ടാകും. അയൽക്കാരോട് പറഞ്ഞ വാക്കുകളെല്ലാം അവിടെ കുസൃതിയോടെ ഓടികളിക്കുന്നുണ്ട്. . ചിതലരിക്കാത്ത ഓർമയുടെ തരികൾ ഉതിർന്നു വീണുകൊണ്ടിരിക്കും.
. "ആറും അറുപതും ഒരുപോലെ" എന്ന ചൊല്ല് നിങ്ങൾ ഓർത്തെടുക്കും.
നിങ്ങൾ അവിടെയാകെ അലസതയോടെ നടക്കും. അമ്മയുടെ ചിരികളും വർത്തമാനങ്ങളും ഏതൊക്കെയോ മുറികളിൽ നിന്നും കാതുകളിലേക്ക് അപ്പോൾ ഇരച്ചെത്തും .ചിലതിനെല്ലാം മറുപടി നിങ്ങൾ പറഞ്ഞെന്നുമിരിക്കും. 

അടച്ചിട്ട വീടിന്റെ പേരറിയാത്ത ഗന്ധവും പേറി നിങ്ങൾ പടിയിറങ്ങിയതിനു ശേഷം തിരിഞ്ഞൊന്നു കൂടി നോക്കണം. നിറം മങ്ങിപോയ ചുമരുകളും പുല്ല് വളർന്ന മുറ്റവുമൊക്കെ പറയാതെ പറയും. അമ്മയില്ലാത്ത വീടുകൾ ഒരിയ്ക്കലും ചിരിക്കാറില്ല.  

വിഷമത്തോടെ നടന്ന് നീങ്ങുമ്പോൾ ജീവിച്ചു കൊതി തീരാത്ത ഹൃദയവും മനസ്സും ട്രേയിലാക്കി നിറഞ്ഞ പുഞ്ചിരിയോടെ നിങ്ങളെ യാത്രയാക്കാൻ ഒരു നിഴൽരൂപം ആ വാതിൽ പടിയിലുണ്ടാകുമോ എന്ന് നിങ്ങൾ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കും. 

അപ്പോൾ നിങ്ങളുടെ കണ്ണ് നിറഞ്ഞൊഴുകി വായിലേക്ക് പടരുന്നുണ്ടാകും. അപ്പോൾ നിങ്ങളുടെ നാവിൽ അമ്മ ഓർമയുടെ കാപ്പി മണവും ആവിയിൽ വേവിക്കുന്ന പലഹാരങ്ങളുടെ രുചിയും അവശേഷിക്കുന്നുണ്ടാകും. അവിടെയാകെ ആ മണം പരക്കും.  

 മുറ്റത്തിനോരത്തെ പൂച്ചെടികൾ അമ്മയുടെ വിരൽ തുമ്പിൽ പിടിക്കാൻ ചായുന്നുണ്ടാകും. അതിൽ വിരിഞ്ഞ പൂവിനെ തൊടാൻ പോകണം. അമ്മ വാത്സല്യമേൽക്കാതെ അതിന്റെ തൊലികൾ അടർന്നു നിൽക്കുന്നുണ്ടാകും, വേരുകൾ അമ്മയെ തിരഞ്ഞു പുറത്തേയ്ക്ക് നോക്കി കിടക്കുന്നുണ്ടാകും. ശോഷിച്ചപൂവിനെ നിങ്ങൾ തലോടാൻ നോക്കും 'അതൊന്നും പറിക്കരുത് എല്ലാം ജീവനോടെ മുന്നിൽ ചിരിച്ച് നിൽക്കുമ്പോഴാണ് ഭംഗി' എന്നൊരു ശാസന അപ്പോൾ കേൾക്കാം.. അതേ, അമ്മയില്ലാത്ത വീടുകൾക്ക് ഒരു ഉണർവ്വും ഉണ്ടാകില്ല.പാതി മയക്കത്തിലാകും.പകരം വെയ്ക്കാനാവാത്ത സ്നേഹത്തിന്റെ മൂല്യത്തെ ഓർമകളിൽ വാരി പുണർന്ന് ചിലപ്പോഴെല്ലാം കണ്ണുനീരൊഴുക്കി കാലത്തോട് കലഹിച്ചു നാം മുന്നോട്ട് നടക്കും.അമ്മ ആഗ്രഹിച്ചവയെല്ലാം നേടിയെടുക്കണം എന്ന ചിന്തയോടെ.. 

സജിത ചന്ദ്രിക

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.