അച്ഛനു മറവിരോഗം വന്നു തുടങ്ങിയപ്പോൾ ആദ്യം അതു തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്തെല്ലാം ഈ രോഗം വന്ന പലരെയും വീടിനു പുറത്തു കൊണ്ടുപോകാൻ ആരും തയാറാകുമായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും അറിയില്ല. എന്നാൽ എന്റെ അമ്മ അച്ഛനെ കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കുംകൈപിടിച്ചു കൊണ്ടുപോയി. കുട്ടികളോടെന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു. പലപ്പോഴും ചോറുരുള വായിൽവച്ചുകൊടുത്തു.
ഞാൻ അഭിനയിച്ച സിനിമ കാണാൻ തിയറ്ററിൽ അച്ഛനെ കൈപിടിച്ചു കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്ക്രീനിൽ എന്നെ അച്ഛൻ തിരിച്ചറിഞ്ഞുവോ എന്നെനിക്കറിയില്ല. പക്ഷേ അമ്മയ്ക്ക് അതു വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു.
ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ? ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട...അതാണ് അമ്മ........മോഹൻലാൽ ഒരിക്കൽ തന്റെ മാതാപിതാക്കളെ കുറിച്ച് എഴുതിയതാണ്.
മലയാളി എക്കാലവും കൗതുകത്തോടെയും ആദരവോടെയും നോക്കിക്കണ്ട ഒന്നാണ് മോഹൻലാലും അമ്മ ശാന്തകുമാരിയും തമ്മിളുള്ള ആത്മബന്ധം തന്റെ ലോകം എത്ര വളർന്നിട്ടും പ്രസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും മോഹൻലാൽ എന്നും അമ്മയിലേക്ക് ഓടിയെത്തുന്നത് മലയാളികൾക്ക് പരിചിതമായ കാഴ്ചയായിരുന്നു.മോഹൻലാലും അമ്മയും തമ്മിലുള്ള ആത്മബന്ധം എന്നും ചർച്ചാവിഷയമായിരുന്നു.
മാതാപിതാക്കളെ തളർച്ചയുടെ കാലത്ത് സംരക്ഷിക്കുന്നത് മക്കളുടെ കടമയാണെന്നും, വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നവർ സ്വന്തം പ്രായമാകുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പലയിടത്തും പറയുന്നതായി കണ്ടിട്ടുണ്ട്.... അമ്മയുടെ വിയോഗത്തിന്റെ വേദന മറികടക്കാൻ അദ്ദേഹത്തിന് കഴിയട്ടെ.... ആദരാഞ്ജലികൾ
കടപ്പാട് ,ഫേസ് ബുക്ക്

