PRAVASI

അച്ഛനില്ലാത്ത ഓണം

Blog Image

അച്ഛനില്ലാത്ത ഓണം 
മധുരമില്ലാത്ത ഓണം 
പൂക്കളമില്ലാത്ത ഓണം
ഓണക്കോടിയില്ലാത്ത ഓണം 
ഓണസദ്യയില്ലാത്ത ഓണം 
അച്ഛനില്ലാതെ നിറം മങ്ങിയ വീട് 
ഉമ്മറക്കോലായിലെ 
ഒഴിഞ്ഞ ചാരുകസേര
അച്ഛനുണ്ടെന്നു പറയാൻ
അമ്മ മുറ്റത്തെടുത്തുവെച്ച
മഴ നനയുന്ന
അച്ഛന്റെ ചെരുപ്പ്.
അച്ഛനില്ലാതെ, ആരോടിനി 
പിറുപിറുക്കുമെന്നറിയാതെ 
അകത്തളത്തിലെ
പഴകിയ കട്ടിലിൽ
ചുരുങ്ങിക്കൂടിയ അമ്മ.
പറമ്പിലെ തെങ്ങുകളും
വീട്ടുമുറ്റത്തെ ചെടികളും
വെള്ളമില്ലാതെ വേനലിൽ തളരുമ്പോൾ
ഓർക്കാതിരിക്കില്ലച്ഛനെ. 
അച്ഛനില്ലാതായാൽ വീടുറങ്ങും,
നഷ്ടം വീട്ടുകാരറിയും,
കറികൾക്ക് സ്വാദ് കുറയും,
മക്കൾ തമ്മിൽത്തല്ലും
സ്വത്തുക്കൾ ഭാഗം വയ്ക്കപ്പെടും.
അച്ഛനില്ലാത്ത വീട് എനിക്കെന്തിന്, 
അച്ഛനെ മതിയെനിക്ക്
എന്റച്ഛനെ മതിയെനിക്ക്..

 ഉമാ പട്ടേരി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.