തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെയാണ് 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി വി രാജേഷാണ് ഇവർക്ക് സത്യ വാചകം ചൊല്ലി കൊടുത്തത്.
കോർപ്പറഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴതന്തി ഉദയൻ, ഗോപകുമാർ അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകള്‍ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. തുടർന്ന് നാല് ആഴ്ചക്കകം അംഗങ്ങള്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗണ്‍സില്‍ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു. ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പല്‍ ചടങ്ങളില്‍ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

