VAZHITHARAKAL

പിതാവിൻ്റെ തണലിൽ അഭിമാനത്തോടെ റ്റോണി ജോൺ പുല്ലാപ്പള്ളിൽ

Blog Image

"ഒരു വ്യക്തിയെ സംതൃപ്തവും, സന്തുഷ്ടവുമായ ജീവിതം നയിക്കുവാന്‍
എങ്ങനെ സഹായിക്കാം എന്ന് മനസിലാക്കുന്നത് കൗതുകകരവും
ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്"


ഒരു  വീട് എത്ര വലുതായിരുന്നു എന്നതിലല്ല, അവിടെ സ്നേഹമുണ്ടായിരുന്നുവോ എന്നതാണ് പ്രധാനമെന്ന് തന്‍റെ ഓരോ പ്രസംഗത്തിലും പറഞ്ഞുകൊണ്ടേയിരുന്ന ഒരു വലിയ മനുഷ്യന്‍ കേരളത്തിലുണ്ടായിരുന്നു. ഷെവലിയര്‍ പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍. അദ്ദേഹത്തിന്‍റെ മുന്‍പില്‍ സ്നേഹ ബഹുമാനങ്ങളോടെ ജീവിതത്തെ കേള്‍ക്കാത്ത ദമ്പതികള്‍ ക്നാനായ സമുദായത്തില്‍ ഉണ്ടാകുമോ എന്നത് സംശയം. കുടുംബ ജീവിതത്തില്‍ ആദ്ധ്യാത്മിക സാക്ഷ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍, ഏത് തലമുറയില്‍പ്പെട്ട ഒരാള്‍ക്കും സ്വയം ആത്മപരിശോധന നടത്തുന്നതിനും, നന്മയിലേക്കും ജീവിത വിജയത്തിലേക്ക് നയിക്കുന്നതിനും ഉതകുന്നതായിരുന്നു.
ലളിതമായ ആഖ്യാനത്തിലൂടെ, അതിലും ലളിതമായ ഉപമകളിലൂടെ ജീവിതത്തെ വരച്ചുകാട്ടിയ പി.എം. ജോണ്‍ പുല്ലാപ്പള്ളിയുടെ പാതയെ പിന്തുടര്‍ന്ന് ഒരു പരകായ പ്രവേശമെന്നോണം അദ്ദേഹത്തിന്‍റെ മകന്‍ റ്റോണി ജോണ്‍ പുല്ലാപ്പളളിയും അതേ വഴിത്താരയില്‍ ശ്രദ്ധേയനാകുന്നു. തന്‍റെ ഓരോ വാക്കിലും, പിതാവിന്‍റെ ഓര്‍മ്മകളും, അദ്ദേഹം പറഞ്ഞതിനപ്പുറത്ത്, അറിഞ്ഞതിനപ്പുറത്ത്  പുതിയതായി തന്‍റെ കയ്യില്‍ ഒന്നുമില്ലെന്ന്  വിനയത്തോടെ തുറന്നു പറയുകയാണ് റ്റോണി ജോണ്‍ പുല്ലാപ്പള്ളില്‍.


ഷെവലിയര്‍ പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍ 
ധന്യജീവിതം പകര്‍ന്ന കര്‍മ്മയോഗി

'സപ്തതിയുടെ സാന്ദ്രകാന്തി' എന്ന പുസ്തകത്തില്‍ റവ. ഡോ. മോണ്‍. ജേക്കബ് വെള്ളിയാന്‍ പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍ എന്ന വ്യക്തിത്വത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു. 'ക്നാനായ സമുദായത്തിന്‍റെ ബോധവത്ക്കരണത്തില്‍ ശക്തമായ ഒരു മാധ്യമമാണ് പി.എം. ജോണ്‍ പുല്ലാപ്പളളി.' നല്ല കുടുംബജീവിതം അനുഭവിച്ചറിഞ്ഞ വ്യക്തി, ആഴത്തിലുള്ള ആദ്ധ്യാത്മികതയുടെ ഉടമ എന്നുകൂടി അദ്ദേഹത്തെ വെള്ളിയാനച്ചന്‍ വരച്ചിടുമ്പോള്‍ നമുക്ക് മനസിലാകുന്ന ഒരു സത്യമുണ്ട്, കുടുംബ ജീവിതത്തിന്‍റെ ആഴത്തിന്‍റെ, നന്മയുടെ വലിപ്പം. അതിലുപരി കോട്ടയം  രൂപതയിലെ ഫാമിലി കമ്മീഷന്‍ ചെയര്‍മാനായ ഏക അല്മായന്‍ എന്ന പ്രത്യേകതയും അദ്ദേഹത്തിന് സ്വന്തം. എഴുത്തുകാരന്‍, അദ്ധ്യാപകന്‍, വാഗ്മി, സെമിനാരി അദ്ധ്യാപകന്‍, പരിശീലകന്‍, പത്രപ്രവര്‍ത്തകന്‍, മുഖപ്രസംഗകാരന്‍ തുടങ്ങി അദ്ദേഹത്തിന് യോജിക്കുന്ന നിരവധി പദവികള്‍ തന്നെയുണ്ട്. അവയോടെല്ലാം നൂറ് ശതമാനം പ്രതിബദ്ധത പുലര്‍ത്തിയ സമുദായ സ്നേഹിക്ക് സഭ നല്‍കിയ മഹനീയമായ ആദരവായിരുന്നു ഷെവലിയര്‍ പദവി.


റ്റോണി പുല്ലാപ്പള്ളില്‍: വളര്‍ച്ചയുടെ പടവുകള്‍
പി.എം. ജോണ്‍ പുല്ലാപ്പള്ളിയുടെ മകന്‍ എന്ന ലേബല്‍ ജീവിതത്തില്‍ സദാ അനുഗ്രഹമായി കരുതുന്ന റ്റോണി പുല്ലാപ്പള്ളില്‍ ഇന്ന് പിതാവിന്‍റെ പാതയില്‍ പിന്തുടരുന്ന അറിയപ്പെടുന്ന വാഗ്മിയും, പ്രീമാര്യേജ് കൗണ്‍സിലറും അതിലുപരി അടിയുറച്ച സമുദായ സ്നേഹിയുമാണ്. അമ്മ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് സിസിലിക്കുട്ടി. കോട്ടയം സെന്‍റ് മാര്‍സലിനാസ് എല്‍.പി. സ്കൂളില്‍ ഒന്നു മുതല്‍ നാല് വരെയും, അഞ്ചാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ കോട്ടയം സി.എം.എസ്. ഹൈസ്കൂളിലും പ്രീഡിഗ്രിയും, ഡിഗ്രിയും മാന്നാനം കെ.ഇ. കോളജില്‍ നിന്നും, കോലാപൂരില്‍ നിന്നും എം. ബി.എയും കരസ്ഥമാക്കി.
സമുദായ നേതാക്കളും, വൈദികരും, സാംസ്കാരിക പ്രവര്‍ത്തകരും എപ്പോഴും വന്നുപോകുന്ന പി.എം ജോണ്‍സാറിന്‍റെ വീട്ടില്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാകട്ടെ കുടുംബജീവിതത്തിന്‍റെ നന്മകളും, സമുദായ സ്നേഹത്തിന്‍റെ മനോഹാരിതയെക്കുറിച്ചുമായതിനാല്‍ നേതൃത്വ ഗുണത്തിന്‍റെ വിത്തുകള്‍ മക്കള്‍ക്കെല്ലാം പകര്‍ന്നു നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍.
സ്കൂള്‍, കോളജ് കാലയളവില്‍ നടന്നിരുന്ന എല്ലാ മത്സരങ്ങള്‍ക്കും നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കാന്‍ ആവശ്യപ്പെടും. പ്രസംഗത്തിനും, ഉപന്യാസത്തിനുമൊക്കെ വേണ്ട പ്രധാനപ്പെട്ട പോയിന്‍റുകള്‍ പഠിപ്പിച്ച് പരിശീലിപ്പിക്കുമായിരുന്നു പിതാവെന്ന് റ്റോണി പറയുന്നു. ഒരു സദസ്സിനെ എങ്ങനെ കയ്യിലെടുക്കണം എന്ന് ലളിതമായ രീതിയിലാണ് അദ്ദേഹം പറഞ്ഞു നല്‍കുക. അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ നല്ല റിഹേഴ്സലും നല്‍കും. അതുകൊണ്ട് പള്ളിയിലും മറ്റും പല പരിപാടികള്‍ക്കും ഞങ്ങള്‍ കുട്ടികള്‍ താരങ്ങളായി എന്നതില്‍ അത്ഭുതമില്ലല്ലോ. ഈ സമയത്ത് കെ.സി.വൈ.എല്‍. പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും താല്പര്യം തോന്നിയത് പിതാവ് തിരിച്ചറിയുകയും ഡിഗ്രി പഠനത്തിന് സി.എം.എസ്. കോളജില്‍ ചേര്‍ക്കാതെ മാന്നാനം കെ.ഇ. കോളജില്‍ പഠിക്കാനയച്ചതും അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണം കൊണ്ടാണ്. പിതാവ് നല്‍കിയ ഉള്‍ക്കാഴ്ചയാണ് തന്‍റെ തുടര്‍ന്നുള്ള എം.ബി.എ പഠനത്തിലേക്കും നയിച്ചത്.
1999-ല്‍ ഉഴവൂര്‍ തട്ടാറേട്ട് കുര്യന്‍ ലീലാമ്മ ദമ്പതികളുടെ പുത്രി ആനിനെ വിവാഹം കഴിച്ചതോടെയാണ് അമേരിക്കയിലെത്തുന്നത്. തികച്ചും വ്യത്യസ്തമായ ഒരു സാംസ്കാരിക ഭൂമികയിലേക്കുള്ള പറിച്ചു നടലായിരുന്നു അത്. ഒരുപക്ഷെ ചരിത്രം ആവശ്യപ്പെട്ട നിയോഗം കൂടിയായിരുന്നു അത്.
ജോയി ചെമ്മാച്ചേല്‍ മുതല്‍ ഫിലിപ്പ് തൊടുകയില്‍,


മുത്തോലത്തച്ചന്‍ , ഫാ. തോമസ് മുളവനാല്‍ വരെ
ഉണര്‍വിന്‍റെ പാഠങ്ങള്‍

ചിക്കാഗോയിലെത്തിയതു മുതല്‍ തനിക്ക് ലഭിച്ച സ്വീകാര്യത പിതാവിന്‍റെ നിഴല്‍ പറ്റിയുള്ളതായിരുന്നു. പി.എം ജോണ്‍ സാറിന്‍റെ മകന്‍ എന്ന ലേബല്‍ എന്നും തുണയായിരുന്നതിനാല്‍ തന്നിലേക്ക് വരുന്ന ഏതൊരു പദവികള്‍ക്കും ആ ബലം ഉണ്ടായിരുന്നു എന്ന് റ്റോണി തുറന്നു പറയുന്നു. ക്നാനായ സമുദായത്തിന്‍റെ പ്രിയപ്പെട്ട വ്യക്തിത്വം ജോയി ചെമ്മാച്ചേല്‍ കെ.സി. എസിന്‍റെ പ്രസിഡന്‍റായി ചുമതലയേറ്റ സമയത്ത് ഫിലിപ്പ് തൊടുകയില്‍ അച്ചനും കൂടി ചേര്‍ന്ന് ക്നാനായ യുവജനങ്ങളുടെ  ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും യുവജന വേദിയുടെ കോ- ഓര്‍ഡിനേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുട്ടികളെയും അമേരിക്കയിലേക്ക് വരുന്ന യുവജനങ്ങളുടെയും ഏകോപനമായിരുന്നു പ്രധാന ലക്ഷ്യം . രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച പ്രസ്തുത പദവിയില്‍ നിന്ന് അമേരിക്കയിലെ സാമൂഹ്യ, സാമുദായിക പദവിയിലേക്കുളള വളര്‍ച്ച കൂടിയായിരുന്നു അത്. അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ യുവജനവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിച്ചു.
സൗത്ത് വെസ്റ്റ് സബര്‍ബില്‍ ആദ്യമായി കുര്‍ബാന തുടങ്ങിയ സമയത്ത് ഫാ. അബ്രാഹം മുത്തോലത്ത് ഡി. ആര്‍.ഇ ആയി പ്രവര്‍ത്തിക്കുവാന്‍ ക്ഷണിച്ചു. റിലിജിയസ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ എന്ന പദവി തികച്ചും വ്യത്യസ്തമായ, എന്നാല്‍ തമ്പുരാന്‍ തനിക്കായി ഒരുക്കിയ മേഖലയിലേക്കാണ് താന്‍ വരുന്നതെന്ന് തിരിച്ചറിഞ്ഞ സമയംകൂടിയായിരുന്നു അത്. തുടര്‍ന്ന് ഫാമിലി കമ്മീഷന്‍ മേഖലയിലേക്കും അദ്ദേഹം കൈപിടിച്ചു. ജീവിതത്തിലെ തന്നെ വഴിത്തിരിവായ നിമിഷം.
2004-ല്‍ അമേരിക്കയില്‍ മുത്തോലത്തച്ചന്‍ ആരംഭിച്ച ഫാമിലി കമ്മീഷനില്‍ ആദ്യത്തെ അല്‍മായ ക്നാനായ റീജിയണ്‍ ചെയര്‍മാനായി നിയമിച്ചു. കോട്ടയം രൂപതയില്‍ തന്‍റെ പിതാവിന് ലഭിച്ച അല്മായ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ പദവി പോലെ  അമേരിക്കയില്‍ തനിക്കും സമുദായം ഇത്തരമൊരു പദവി നല്‍കിയത് വലിയ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ഇപ്പോഴും ആ പദവിയില്‍ തുടരുകയും ചെയ്യുന്നത് ഈശ്വരാനുഗ്രഹവും, ഗുരുത്വവും കൊണ്ടാണെന്ന് ഹൃദയപൂര്‍വ്വം തിരിച്ചറിയുകയാണ് റ്റോണി ജോണ്‍ പുല്ലാപ്പള്ളില്‍.
തുടക്കത്തില്‍ ചിക്കാഗോയില്‍ മാത്രം ഒതുങ്ങി നിന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് അമേരിക്ക, യൂറോപ്പ് മുഴുവനായും വ്യാപിപ്പിക്കുകയും ചെയ്തു. പ്രീ മാര്യേജ് കോഴ്സുകള്‍ സന്തുഷ്ടമായ ഒരു കുടുംബനിമിഷം ഒരു നേരത്തെയുള്ള സ്വര്‍ഗ്ഗമാണ് എന്ന സങ്കല്പത്തിലേക്ക് വളര്‍ത്തിയെടുക്കുവാന്‍ ഓരോ കുടുംബങ്ങളേയും തയ്യാറെടുക്കുന്ന ഉത്തരവാദിത്വം കൂടിയാണ്. അമേരിക്കയില്‍ ജനിച്ചു വളരുന്ന ചെറുപ്പക്കാര്‍ക്ക് ഇത്തരം കോഴ്സുകള്‍ തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും അവയെ വിജയപ്രദമാക്കി മാറ്റുവാന്‍ സാധിക്കുന്നത് തന്‍റെ കഴിവ് മാത്രമല്ല ജീവിതകാലം മുഴുവന്‍ സ്നേഹിക്കുകയും, സ്നേഹിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത എന്താണെന്ന് മനസിലാക്കല്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെ സ്വീകരിക്കുന്ന പുതിയ തലമുറയെ രൂപപ്പെടുത്താന്‍ സാധിക്കുന്നത് ജീവിതത്തിലെ നേട്ടമാണെന്ന് റ്റോണി പുല്ലാപ്പള്ളില്‍ പറയുന്നു.
കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടയ്ക്ക് ആയിരക്കണക്കിന് ക്ലാസുകള്‍ നയിക്കുകയും ഏറ്റവും പവിത്രമാണ് കുടുംബം എന്ന വലിയ സത്യം പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുവാനും റ്റോണിക്ക് സാധിച്ചു. ഇപ്പോള്‍ ഫാ. തോമസ് മുളവനാല്‍ അച്ചന്‍റെ പിന്തുണയും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പിതാവിന്‍റെ സമുദായ സ്നേഹത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഈ നാല് വരികള്‍ തന്‍റെ ക്ലാസ്സുകളിലെ ജീവശ്വാസമായി ഇപ്പോഴും തുടരുന്നു.
'ക്രൈസ്തവരെന്നു കേട്ടാല -
ഭിമാന പുളകിതമാകുമെന്‍ അ:ന്തരംഗം
ക്നാനായക്കാരനെന്ന് കേട്ടാലോ
തിളയ്ക്കണം ചോര ഞരമ്പുകളില്‍'
മഹാകവി വള്ളത്തോളിന്‍റെ വരികളില്‍ പിതാവ് വരുത്തിയ മാറ്റം രാജ്യസ്നേഹത്തോടൊപ്പം താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തോടും സ്നേഹാദരവുകള്‍ ഉണ്ടാകണമെന്ന വലിയ കാഴ്ചപ്പാട് വ്യക്തി എന്ന നിലയില്‍ ഓരോ സമുദായ സ്നേഹിക്കും വലിയ ഉറപ്പും കരുതലുമാണ് നല്‍കുന്നത്.


സംഘാടക വൈഭവത്തിന്‍റെ പകര്‍ന്നാട്ടം
സമുദായത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന, ഏവര്‍ക്കും പ്രിയങ്കരനായിരുന്ന പി.എം. ജോണ്‍ പുല്ലാപ്പള്ളിയുടെ ഓരോ ചുവടുകളും,  പിന്തുടരുക മാത്രമാണ്  ഇത് വരെയും ചെയ്തിട്ടുള്ളത്. ഓരോ നിമിഷങ്ങളിലും തന്നിലൂടെ അദ്ദേഹം ജീവിക്കുന്നു എന്ന് റ്റോണി തിരിച്ചറിയുന്നു. ഒരു കുടുംബത്തിന്‍റെ ശക്തി ഒരു സൈന്യത്തിന്‍റെ ശക്തി പോലെ പരസ്പരം വിശ്വസ്തതയില്‍ ആണെന്ന് തിരിച്ചറിത്ത ഒരു പിതാവിന്‍റെ  മകനായി ജനിച്ചതു തന്നെ മഹാഭാഗ്യമായി കാണുന്നു റ്റോണി ജോണ്‍ പുല്ലാപ്പള്ളില്‍. പിതാവിന്‍റെ സഹോദരനായ പി എം  ജേക്കബ് പുല്ലാപ്പള്ളില്‍  പറയുന്ന ഒരു വാചകം റ്റോണി ഓര്‍മ്മിക്കുന്നു. 'പിതാവ് മരിക്കുന്നതോടെ അദ്ദേഹത്തിന്‍റെ പ്രഭാവം അവസാനിക്കുമെങ്കിലും, മക്കളിലൂടെ ആ പിതാവ് ജീവിച്ചിരിക്കും' എന്ന്. കാരണം പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍ എന്ന വലിയ മനുഷ്യന്‍റെ അര്‍പ്പണ ബോധം അത്രത്തോളം വലുതായിരുന്നു. ഒരു വ്യക്തിയുടെ ജീവിതം സ്വന്തം സമുദായത്തിന് വേണ്ടി മുഴുവന്‍ സമയവും ആത്മാര്‍ത്ഥതയോടെ സമര്‍പ്പിക്കുവാന്‍ പലര്‍ക്കും കഴിഞ്ഞു എന്ന് വരില്ല. പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍ ക്നാനായ സഭയ്ക്കും, സമുദായത്തിനും വേണ്ടി രക്തവും വിയര്‍പ്പും നല്‍കിയ വ്യക്തിത്വമാണെന്ന് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് മനസിലാകും. അദ്ദേഹത്തിന് സമുദായത്തില്‍ ലഭിച്ച സ്വീകാര്യത റ്റോണിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്നു എന്നത് മഹാഭാഗ്യമായി വേണം കരുതാന്‍. അവയെല്ലാം ജീവിതത്തിന്‍റെ കരുത്താക്കി മാറ്റുകയാണ് റ്റോണി എന്ന മകന്‍.


ജീവിതമെന്ന തുരുത്തിലെ അനുഭവ പാഠങ്ങള്‍
ജീവിതമൊരു തുരുത്താണെന്നും അവിടുത്തെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് പ്രീമാര്യേജ് കൗണ്‍സിലിംഗ് എന്ന് റ്റോണി പുല്ലാപ്പള്ളില്‍ വിലയിരുത്തുന്നു. കാലങ്ങള്‍ മാറിയാലും കുടുംബം എന്ന മനോഹര സങ്കല്പത്തിന് മാറ്റമൊന്നുമില്ല. തന്‍റെ പിതാവില്‍നിന്നും പഠിച്ച വലിയ ഒരു പാഠമുണ്ട്. സങ്കീര്‍ണ്ണമായ ഈ ലോകത്ത് ജീവിത വിജയം നേടാന്‍ സമകാലിക ജീവിതത്തെ നോക്കിക്കണ്ടും, സമൂഹത്തെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. സഭ, സമുദായം, രാഷ്ട്രീയം, ജീവിതം എന്നീ നാല് ഘടകങ്ങളെക്കുറിച്ച് ഒരു ക്നാനായ വിശ്വാസിക്ക് അറിവുണ്ടായിരിക്കണം. പിഴവുകള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ട്. തെറ്റുകളില്‍ ഉറച്ചു നില്‍ക്കാതെ തിരുത്തുവാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍.
ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പിതാവ് നല്‍കിയ ഉള്‍ക്കാഴ്ചകളില്‍ അഭിരമിക്കുന്ന ഒരു മകനാണ് താനെന്ന് ഓരോ വാക്കിലും അടിവരയിടുമ്പോള്‍ പുതുതലമുറയ്ക്ക് ഒരു പരമ്പരാഗത മാതൃകയായി മാറുകയാണ് റ്റോണി പുല്ലാപ്പള്ളിയും. ഷെവലിയര്‍ പി.എം. ജോണ്‍ പുല്ലാപ്പള്ളിയെ പോലെ തന്നെ പ്രഭാഷകന്‍, എഴുത്തുകാരന്‍, സമുദായ സ്നേഹി, സംഘാടകന്‍  എന്നീ നിലകളില്‍ വെളിച്ചം പകരുന്ന റ്റോണി പുല്ലാപ്പള്ളില്‍ ക്നാനായ സമുദായത്തിന്‍റെയും ഭദ്രമായ കുടുംബ ജീവിതങ്ങളുടെയും കാവല്‍ക്കാരന്‍ കൂടിയാണ്.


ഔദ്യോഗിക ജീവിതത്തിലെ സഹായ മാതൃക

തന്‍റെ പ്രവര്‍ത്തന മേഖലകളില്‍ ഒരു മഹത്തായ പാരമ്പര്യം പിന്തുടരുന്ന റ്റോണി ജോണ്‍ പുല്ലാപ്പള്ളില്‍ ഔദ്യോഗിക ജീവിതത്തിലും അതിന്‍റെ മറ്റൊരു തലംകൂടി അനുഭവവേദ്യമാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി അരാമാര്‍ക്ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കമ്പനിയുടെ എച്ച്.ആര്‍. മേഖലയില്‍ ജോലി ചെയ്യുന്നതിനാല്‍ നിരവധി വ്യക്തികളെ സഹായിക്കുവാന്‍ സാധിച്ചിട്ടുണ്ട്. നിരവധി മലയാളികള്‍ക്ക് ഈ സ്ഥാപനത്തില്‍ ജോലി നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നും അടുത്ത കാലത്ത് അമേരിക്കയിലേക്ക് വന്ന പലര്‍ക്കും ജോലിനല്‍കി. ഏതാണ്ട് ഇരുന്നൂറില്‍പരം മലയാളികള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇരുപത്തിമൂന്ന് മലയാളികള്‍ ഈ സ്ഥാപനത്തിന്‍റെ ഭാഗമായി ഉണ്ട്. ഇവരെയെല്ലാം ചേര്‍ത്തു നിര്‍ത്തുവാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍ ജീവിതത്തില്‍ ഒപ്പം കൂടുന്നവരെ ഹൃദയത്തോട് ചേര്‍ക്കണം എന്ന ക്രിസ്തു സാക്ഷ്യത്തിന്‍റെ പൂര്‍ത്തീകരണം കൂടിയാണ് റ്റോണി ജോണ്‍ പുല്ലാപ്പള്ളില്‍ എന്ന മനുഷ്യസ്നേഹിയില്‍ കാണുന്നത്.
പിതാവിന്‍റെ ഹൃദയ സഞ്ചാരപഥങ്ങളില്‍ ഒപ്പം ചേര്‍ന്ന് ഒരു ചരിത്രകാരന്‍റെ സത്യസന്ധതയും, ഒരു വാഗ്മിയുടെ വാക്ചാതുര്യവും, സാമൂഹ്യ ചിന്തകന്‍റെ സൂക്ഷ്മതയും, നിരവധി ജീവിതങ്ങളെ ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കുവാനുള്ള ആര്‍ജ്ജവത്വവും നേടിയ റ്റോണി ക്നാനായ സമുദായത്തിനും, പുതു തലമുറയ്ക്കും ഒരു പുസ്തകം കൂടിയാണ്. തലുറകള്‍ കൈമാറി വന്ന പുസ്തകം.


കുടുംബം ശക്തി
കുടുംബ ജീവിതത്തിന്‍റെ രൂപപ്പെടലുകള്‍ ഒരു സമൂഹത്തിന് പകര്‍ന്നു നല്‍കിയ ഒരു വലിയ മനുഷ്യന്‍റെ മകനും അതേ രീതിയില്‍ കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. ഭാര്യ ആന്‍ (നേഴ്സിംഗ്), മകള്‍ ജസീക്ക (കോളജ് വിദ്യാര്‍ത്ഥിനി) മകന്‍ നിക്കോളാസ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ ജോമോന്‍- ബെറ്റ്സി (ഹൂസ്റ്റണ്‍), ജൂഡ്സി- ഈമോന്‍ (കാലിഫോര്‍ണിയ), ലിറ്റി- ജിബു (ഹ്യൂസ്റ്റണ്‍) എന്നിവര്‍ റ്റോണി പുല്ലാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്.
റ്റോണി ജോണ്‍ പുല്ലാപ്പള്ളില്‍ ഒരു പ്രതീകമാണ്. കാലം കാത്തുവെച്ച നിയോഗം. ഷെവലിയര്‍ പി.എം. ജോണ്‍ പുല്ലാപ്പള്ളില്‍ എന്ന കര്‍മ്മയോഗി ചെയ്തു തീര്‍ക്കേണ്ട നന്മയുടെ ജീവിത പാഠങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ നിയോഗിക്കപ്പെട്ട വ്യക്തിത്വം.
പിതാവിന്‍റെ നിഴലിന്‍റെ നീളം മക്കളുടെ വളര്‍ച്ചയുടെ കരുതല്‍ കൂടിയാണ്. ഓരോ വഴികളിലേയും തണല്‍ കൂടിയാണത്. ആ തണലില്‍ അഭിമാനം കൊള്ളുകയും ആ തണലില്‍ ഓടിയെത്തുകയും ചെയ്യുന്ന  ഇളം കാറ്റു മാത്രമാണ് തന്‍റെ സ്വന്തമെന്നും,അവ വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നതെന്നും റ്റോണി മനസ്സ് തുറക്കുമ്പോള്‍ ഈ വഴിത്താരകള്‍ സുഗന്ധ പൂരിതമാകുന്നു.
ഒരു യുഗപ്രഭാവന്‍റെ ചിന്തകള്‍ കൊണ്ട്, സ്നേഹം കൊണ്ട്, കരുതല്‍കൊണ്ട് സമ്പുഷ്ടമാകട്ടെ ഒരു സഭയും, സമുദായവും, അതിനൊപ്പം നീങ്ങുന്ന വലിയ സമൂഹവും. യോഗ്യതകള്‍ പൂത്തുലഞ്ഞ് നിന്നിരുന്ന ഒരു മഹാനുഭാവന്‍റെ മകനായി ജനിച്ചതില്‍ റ്റോണിക്ക് അഭിമാനിക്കാം. ആ നിമിഷങ്ങളെ ഹൃദയത്തോട്  ചേര്‍ക്കാം. ഈ വഴിത്താരയിലും വരും തലമുറയിലും അദ്ദേഹം ഒപ്പമുണ്ടാകും. തീര്‍ച്ച.
 

Related Posts