റ്റാമ്പാ: റ്റാമ്പാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (KCCCF) പോഷകസംഘടനയായ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ തിളക്കമാര്‍ന്ന ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഏപ്രില്‍ മാസം 25-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് രണ്ട് ബസുകളിലായി നൂറിലധികം വനിതകള്‍ പങ്കെടുത്തത് ഏറ്റവും നയനാനന്ദകരമായിരുന്നു. എല്ലാം മറന്ന് ആടിപ്പാടി റ്റാമ്പായിലെ ക്നാനായ വനിതകള്‍ ആഘോഷത്തിമിര്‍പ്പിന്റെ ഭാഗമായിത്തീര്‍ന്നു. കമ്യൂണിറ്റി സെന്ററില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ ദൂരമുള്ള സരസോട്ടാക്ക് സൗത്തിലുള്ള പുന്റെകോഡായെ ലക്ഷ്യമാക്കിയുള്ള യാത്രയായിരുന്നു അത്. അവിടെയുള്ള പ്രസിദ്ധമായ ഫിഷര്‍മെന്‍സ് വില്ലേജിലേക്കായിരുന്നു അവരുടെ യാത്ര.
അവിടെനിന്ന് ബോട്ട് യാത്ര ആരംഭിച്ചു. രണ്ട് നിലകളുള്ള ഒരു ബോട്ട് നിറയെ ക്നാനായ വനിതകള്‍, ഗള്‍ഫ് ഓഫ് മെക്സിക്കോയോട് ചേര്‍ന്നു കിടക്കുന്ന ചാര്‍ലറ്റ് ഹാര്ബറിലൂടെയുള്ള യാത്ര സന്തോഷകരമായതും ഉന്മേഷം പകരുന്നതുമായ ഒരു യാത്രയായിരുന്നു അത്. അമേരിക്കക്കാരനായ ക്യാപ്റ്റന്‍ വനിതകളോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ചത് ഏറ്റവും ആനന്ദകരമായിരുന്നു. തിരിച്ചെത്തി ഫിഷര്‍മാന്‍സ് വില്ലേജിലെ 'ദ ഐലന്‍ഡ്സ്' എന്ന റെസ്റ്റോറന്റില്‍ ഒരുക്കിയ രുചികരമായ ലഞ്ച് ഏവരും ആസ്വദിച്ചു. അതിനോടു ചേര്‍ന്നുള്ള ഷോപ്പിങ് മാളില്‍ ഇന്നത്തെ തരംഗമായ റീല്‍സ് ഒരുക്കിയത് കാണികള്‍ക്ക് ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു.
തിരിച്ച് ആറു മണിയോടുകൂടി കമ്യൂണിറ്റി സെന്ററില്‍ എത്തുകയും കാപ്പിയും പലഹാരങ്ങളോടു കൂടിയ ലഘുഭക്ഷണത്തോടു കൂടി പരിപാടികള്‍ അവസാനിച്ചു. പങ്കെടുത്തവര്‍ വീണ്ടും ഉടന്‍തന്നെ അടുത്ത ഉല്ലാസയാത്ര സംഘടിപ്പിക്കണമെന്നു പറഞ്ഞപ്പോള്‍ ഏവരും ഈ യാത്ര ആസ്വദിച്ചു എന്ന് മനസ്സിലാക്കുവാന്‍ സാധിച്ചു.
കെ.സി.സി.സി.എഫ് പ്രസിഡണ്ട് ജയ്മോള്‍ മൂശാരിപറമ്പില്‍, നാഷണല്‍ വിമന്‍സ് ഫോറം ട്രഷറര്‍ രേഷ്മ കൊച്ചുപുരയ്ക്കല്‍ എന്നിവരുടെ സാന്നിദ്ധ്യം ഈ യാത്രയ്ക്ക് മാറ്റുകൂട്ടി.
കെ.സി.സി.സി.എഫ് വിമന്‍സ് ഫോറം പ്രസിഡണ്ട് ജുബിയ പടിക്കപ്പറമ്പില്‍, വൈസ് പ്രസിഡണ്ട് ബ്രിജിറ്റ് കുളങ്ങര, സെക്രട്ടറി അലിയ കണ്ടാരപ്പള്ളില്‍, ട്രഷറര്‍ സോണിയാ കൂമ്പക്കല്‍, ജോയിന്റ് സെക്രട്ടറി ബിന്നി പുളിക്കത്തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്.






