കുളത്തൂപ്പുഴ: ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച്, സ്വപ്നങ്ങൾ ഒന്നു പോലെ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്ന ഒരു മനുഷ്യന്റെ യാത്ര പാതിയിൽ അവസാനിച്ചു. തിങ്കൾക്കരിക്കം മുളയറ വീട്ടിൽ പ്രൊഫ. ഡോ. ജോർജ് തോമസ് (62) അന്തരിച്ചു.
തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം, കായികരംഗത്ത് നിരവധി യുവാക്കളെ വളർത്തിയെടുത്ത അദ്ദേഹം, തന്റെ ജീവിതം മുഴുവൻ സ്പോർട്സിനായി സമർപ്പിച്ച വ്യക്തിത്വം.
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻ്റ്, കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, QAC മാനേജിംഗ് കമ്മിറ്റി അംഗം, കൊല്ലം റോട്ടറി ക്ലബ് പ്രസിഡൻ്റ്, YMCA പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, സമൂഹത്തോടുള്ള ബന്ധവും സേവന മനോഭാവവും കൊണ്ട് ഏവരുടെയും പ്രിയങ്കരനായിരുന്നു. ഹാൻഡ്‌ബോൾ ദേശീയ താരവും അത്‌ലറ്റിക്‌സിൽ ദേശീയ നിലവാരത്തിലുള്ള താരവുമായിരുന്നു.
എന്നാൽ, ജോലി ജീവിതത്തിന് ശേഷം അദ്ദേഹം സ്വപ്നം കണ്ടത് ഒരു ശാന്തമായ ജീവിതം. ഭാര്യസമേതം നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചു ലോകം കണ്ടു. പ്രകൃതിയോടുള്ള ഇഷ്ടം കൊണ്ടു മലയോര മേഖലയിലെ ഒരു കൃഷിയിടത്തിൽ, വൈദ്യുതി പോലും ഇല്ലാത്ത സ്ഥലത്ത് സൗരോർജ്ജ സംവിധാനം ഒരുക്കി, ഒരു കൊച്ചു റിസോർട്ടും മനോഹരമായ ഒരു വീടും അദ്ദേഹം സൃഷ്ടിച്ചു. കുരുമുളക് തോട്ടങ്ങൾ നിറഞ്ഞ ആ ഭൂമി, അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ സാക്ഷിയായിരുന്നു. അവിടേക്കുള്ള യാത്ര പോലും ഒരു സാഹസിക അനുഭവം—ഓഫ് റോഡ് വഴികൾ, ജീപ്പിന്റെ ശബ്ദം, പ്രകൃതിയുടെ ശ്വാസം.
എല്ലാം ഒരുക്കി, ജീവിതം ആസ്വദിക്കാൻ തുടങ്ങും മുൻപ്… ഒരു അനിരൂപ്യമായ മടക്കം.
നാഷണൽ അത്‌ലറ്റിക് കോച്ച് മുളയറ ജി. തോമസ് സാറിന്റെ മകനാണ്.
റിട്ട. അധ്യാപിക പരേതയായ മറിയാമ്മ തോമസിന്റെയും മകനാണ്.
ഭാര്യ: കുണ്ടറ തെങ്ങയ്യം മെൽ റോസ് ഹൗസിൽ പ്രഫ. ഡോ. ഷീജ എ ജോർജ്.
മക്കൾ: Er. റോഷൻ, Er. രേഷ്മ.
മരുമകൾ: ക്ലോയി.
സ്വപ്നങ്ങളെ നെഞ്ചിലേറ്റി ജീവിച്ച ഒരാളുടെ യാത്ര ഇങ്ങനെ പാതിയിൽ അവസാനിക്കുമ്പോൾ, മനസ്സ് നിശ്ശബ്ദമായി ചോദിക്കുന്നു—
"ജീവിതം ഇനിയും കുറച്ച് വർഷങ്ങൾ കൂടി അദ്ദേഹത്തിനായി കിട്ടിയിരുന്നെങ്കിൽ..!! "
സംസ്ക്കാരം നാളെ തിങ്കൾക്കരിക്കം മാർത്തോമാ പള്ളിയിൽ.

പ്രൊഫ. ഡോ. ജോർജ് തോമസ് മുളയറ

