PRAVASI

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഓണം ആഘോഷിച്ചു

Blog Image


ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ലോക മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയിലെ അംഗമായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് 28-ന് നോര്‍ത്ത് ബ്രൂക്കില്‍ വെച്ച് നടത്തി. തദവസരത്തില്‍ ചിക്കാഗോ പ്രൊവിന്‍സ് അംഗം കൂടിയായ, ചിക്കാഗോ മലയാളി അസോസിയേഷന്‍റെ അടുത്ത ടേമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ജോസ് മണക്കാട്ടിന് സ്വീകരണവും നല്കി.
പാരമ്പര്യപരമായി ഇലയില്‍ വിളമ്പിയ ഓണസദ്യയ്ക്കുശേഷം നടത്തിയ സമ്മേളനത്തില്‍ പ്രോവിന്‍സ് പ്രസിഡണ്ട് ബെഞ്ചമിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോവിന്‍സ് യൂത്ത്ഫോറം പ്രസിഡണ്ട് അലോണ ജോര്‍ജിന്‍റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിലേക്ക് പ്രോവിന്‍സ് ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ ഏവരെയും സ്വാഗതം ചെയ്തു.
തുടര്‍ന്നു നടത്തിയ അദ്ധ്യക്ഷപ്രസംഗത്തില്‍ ബെഞ്ചമിന്‍ തോമസ് ഏവര്‍ക്കും ഓണത്തിന്‍റെ നന്മകളും ആശംസകളും നേരുകയും ജോസ് മണക്കാട്ടിനും ടീമിനും എല്ലാ വിജയഭാവുകങ്ങളും നേരുകയും ചെയ്തു.
തിരുവല്ല മാര്‍ത്തോമ്മാ കോളജ് മുന്‍ അദ്ധ്യാപകനും പ്രോവിന്‍സിന്‍റെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ പ്രഫ. തമ്പി മാത്യു മുഖ്യഓണസന്ദേശം നല്കി. ആമോദത്തോടെ വസിക്കണമെങ്കില്‍ ഐക്യവും സമാധാനവും പരസ്പര സ്നേഹവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്യൂസ് ഏബ്രഹാം (പ്രോവിന്‍സ് മുന്‍ ചെയര്‍മാന്‍, അഡ്വൈസറി ബോര്‍ഡ് മെംബര്‍), ഫിലിപ്പ് പുത്തന്‍പുരയില്‍ (വൈസ് പ്രസിഡണ്ട്), പ്രവീണ്‍ തോമസ് (ഫൊക്കാന വൈസ് പ്രസിഡണ്ട്) എന്നിവര്‍ തങ്ങളുടെ ചെറുപ്പകാലത്തെ ഓണാഘോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയും ജോസ് മണക്കാട്ടിന് വിജയാശംസകള്‍ നേരുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ മറുപടി പ്രസംഗത്തില്‍ ജോസ് മണക്കാട്ട് ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചിക്കാഗോ പ്രോവിന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു.
പ്രോവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രോവിന്‍സ് വൈസ് ചെയര്‍പേഴ്സണ്‍ ബീനാ ജോര്‍ജ് എംസിയായി പ്രവര്‍ത്തിച്ചു.
ചിക്കാഗോ പ്രോവിന്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2017-ലാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്കിക്കൊണ്ട് ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രധാനമായി കേരളത്തിലെ നിര്‍ദ്ധനരായ 11 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യമാണ് ഞങ്ങള്‍ക്കുള്ളത്. അതിന് സഹായസഹകരണങ്ങള്‍ ചെയ്ത ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.