മൂന്നാറിലെ തേയിലത്തോട്ടത്തിൽ നിന്ന് വൈദിക കുപ്പായമണിഞ്ഞ് രണ്ട് വനിതകൾ. മൂന്നാർ സ്വദേശികളായ റവ. ഇന്ദിരാ അയ്യപ്പൻ (49), റവ.വിജയ കറുപ്പുസ്വാമി (48) എന്നിവരാണ് വൈദിക പട്ടം സ്വീകരിച്ചത്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) കൊച്ചി മഹായിടവകയിൽ വൈദികരായി പട്ടം സ്വീകരിച്ചു.
കഴിഞ്ഞ രണ്ടര വർഷമായി മൂന്നാറിലെ വിവിധ സി.എസ്.ഐ. പള്ളികളിൽ ഡീക്കന്മാരായി ഇരുവരും സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരം കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഇരുവരും ബാച്ചിലർ ഓഫ് ഡിവിനിറ്റി (ബി.ഡി.) ബിരുദം നേടിയിട്ടുണ്ട്.
വാഗവരൈയിലെ തേയിലത്തോട്ടത്തിലാണ് വിജയ വളർന്നത്. തോട്ടം തൊഴിലാളികളായിരുന്ന മാതാപിതാക്കൾക്കൊപ്പം എസ്റ്റേറ്റ് ലയത്തിലായിരുന്നു ബാല്യകാലം. വാഗവരൈ സി.എസ്.ഐ. ഹോളി ട്രിനിറ്റി ചർച്ചിലെ അംഗമാണ്.മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് റവ. ഇന്ദിര വളർന്നത്. മറയൂർ സി.എസ്.ഐ. സെന്റ് ജോൺസ് ചർച്ചിലെ അംഗമായ അവർ, ജീവിതത്തിലെ നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് പഠനം പൂർത്തിയാക്കിയത്.


