ചെന്നൈ: വിവിധ വികസന പരിപാടികളിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള ഫണ്ടുകളും പ്രധാനമന്ത്രിക്ക് മുൻപിൽ മുഖ്യമന്ത്രി ഉന്നയിച്ചു. ചെന്നൈ മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് അംഗീകാരം നൽകുക, തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ 5,110 കോടി രൂപ അനുവദിക്കുക തുടങ്ങിയ നിർണ്ണായക ആവശ്യങ്ങളാണ് വിജയ് പ്രധാനമന്ത്രിക്ക് മുമ്പിൽ വെച്ചത്.
യോഗത്തിൽ ചെന്നൈ മെട്രോയുടെ മൂന്നാം ഘട്ട അനുമതിക്ക് പുറമെ കോയമ്പത്തൂർ-മധുരൈ മെട്രോ പദ്ധതികൾ, ഹൊസൂർ-ബൊമ്മനസാന്ദ്ര ലൈൻ, സംസ്ഥാനത്തിന് അതിവേഗ റെയിൽപാത, ചെന്നൈ-കന്യാകുമാരി, ചെന്നൈ-കോയമ്പത്തൂർ പാതകളുടെ വികസനം എന്നിവയും ആവശ്യപ്പെട്ടു. ദേശീയപാതകൾ ആറുവരി പാതയാക്കി മാറ്റുന്നതിന് മുൻഗണന നൽകണമെന്നും, ഗോദാവരി-കാവേരി നദീസംയോജനം ദേശീയ പദ്ധതിയായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, മദ്രാസ് ഹൈക്കോടതിയുടെ പ്രാഥമിക ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
അതിനിടെ, മദ്രാസ് ഐ.ഐ.ടി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ഗവർണറും പങ്കെടുത്തെങ്കിലും ‘വന്ദേമാതരം’ ആലപിക്കാത്തത് ശ്രദ്ധേയമായി. വന്ദേമാതരത്തിന് പകരം ദേശീയ ഗാനവും തുടർന്ന് സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തുമാണ്’ ചടങ്ങിൽ ആലപിച്ചത്. തമിഴ്‌നാട്ടിലുടനീളമുള്ള 13,000 കോടി രൂപയുടെ റോഡ്, റെയിൽവേ, ഊർജ, മെട്രോ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയും മുഖ്യമന്ത്രി വിജയും ചേർന്ന് നിർവഹിച്ചു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ പൂനമല്ലി–വടപളനി പാതയുടെ ഉദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.

