PRAVASI

വാട്ട്‌സാപ് ചാറ്റുകള്‍ ‘ആപ്പാ’യിമാറാം:വിവാഹേതര ബന്ധത്തിന് വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കാം

Blog Image

വാട്ട്‌സാപ് ചാറ്റുകള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ‘ആപ്പാ’യി ഭവിക്കാം. ദാമ്പത്യ ബന്ധം നയിക്കുന്നവര്‍ അന്യ സ്ത്രീ – പുരുഷന്മാരുമായി നടത്തുന്ന ചാറ്റുകള്‍ വിവാഹേതര ബന്ധത്തിന്റെ തെളിവായി സ്വീകരിക്കാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹമോചന ഹര്‍ജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.

ഭാര്യ അറിയാതെ അവരുടെ മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്പ് സ്ഥാപിച്ചാണ് ഭര്‍ത്താവ് വാട്ട് സാപ് ചാറ്റുകള്‍ ചോര്‍ത്തിയത്. ഭാര്യയുടെ ക്രൂരതയ്ക്കും വിവാഹേതര ബന്ധത്തിനും തെളിവായി സ്വകാര്യ ചാറ്റുകള്‍ ഭര്‍ത്താവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ നടപടി സ്വകാര്യതയുടെ ലംഘനമാണെന്ന് ഭാര്യ വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.. നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെ ശേഖരിച്ച ചാറ്റുകള്‍ ഒരു കാരണവശാലും തെളിവായി അംഗീകരിക്കരുതെന്ന ഹര്‍ജിക്കാരിയുടെ ആവശ്യവും തള്ളി.

2016ലാണ് ദമ്പതികള്‍ വിവാഹിതരായത്. പിറ്റേ വര്‍ഷം അവര്‍ക്കൊരു പെണ്‍കുട്ടി പിറന്നു. 2018ല്‍ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി എടുത്ത് വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ തീരുമാനത്തിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ വിവിധ വിധികള്‍ പ്രകാരം വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി അംഗീകരിക്കാമെന്നായിരുന്നു കുടുംബകോടതിയുടെ നിലപാട്..

ഒരു വ്യക്തിയെ സംബന്ധിച്ച് സ്വകാര്യത അയാളുടെ മൗലികാവകാശമാണെങ്കിലും അത് പരമമായ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബ കോടതികള്‍ക്ക് വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കുന്നതിന് അധികാരം നല്‍കുന്ന സുപ്രധാന വിധിയാണ് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.