PRAVASI

ക്രിസ്ത്യാനികളുടെ നരകം എങ്ങനെയിരിക്കും

Blog Image

ക്രിസ്ത്യാനികളുടെ നരകം എങ്ങനെയിരിക്കും എന്ന് എനിക്കൊരു പിടിയുമില്ല.
മരണാനന്തരമുള്ള ആത്മാവിന്റെ യാത്ര, 
ഇരുപത്‌ കവാടങ്ങൾ, കുട്ടി നരകം,ബുസ്പർക്കാന എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും എനിക്ക്‌ അവിടുത്തെ സംഗതികളിൽ അത്ര ഗ്രാഹ്യം പോരാ
എനിക്കറിയാവുന്ന നരകം ഹിന്ദുക്കളുടെ നരകമാണ്‌
പാപം ചെയ്ത മനുഷ്യരെ കുന്തങ്ങളിൽ കോർത്ത്‌ തീയിൽ ചുടുകയും,തിളക്കുന്ന എണ്ണയിൽ മുക്കിപ്പൊരിക്കുകയും ചെയ്യുന്ന നരകം.
വിഷസർപ്പങ്ങൾക്ക്‌ വിട്ടുകൊടുക്കുക, ഹിംസ്രജന്തുക്കൾക്ക്‌ തീറ്റയാക്കുക തുടങ്ങി അന്നത്തെ മനുഷ്യർക്ക്‌ സങ്കൽപ്പിക്കാവുന്ന തരം എല്ലാ ക്രൂരതകളും പാപികളായ നിങ്ങൾ ആ നരകത്തിൽ ഏറ്റുവാങ്ങേണ്ടി വരും
ഞാൻ ഈ നരകം കണ്ട്‌ ഭയന്നിട്ടുള്ളത്‌ കലണ്ടറുകളിലാണ്‌
എന്റെ തലമുറയിൽപെട്ട പലരും നരകം കണ്ടിട്ടുള്ളത്‌ ശിവകാശിക്കലണ്ടറുകളിലെ ആ ബഹുവർണ്ണ ചിത്രങ്ങളായി തന്നെ ആയിരിക്കാനാണ്‌ വഴി
കലണ്ടറുകൾ വീടുകളിലെ പ്രധാന അലങ്കാരവസ്തുക്കളായിരുന്ന ഒരു കാലമുണ്ടായിരുന്നു.
തീയതിക്കലണ്ടറുകൾക്ക്‌ പുറമേ ഏതാണ്ട്‌ എല്ലാ വ്യാപാരശാലകളും ചിത്രക്കലണ്ടറുകൾ അച്ചടിച്ച്‌ അതിന്റെ ഉപഭോക്താക്കൾക്ക്‌ വിതരണം ചെയ്യുമായിരുന്നു അന്ന്.
ബോംബേ ഡെയിംഗ്‌ കമ്പനിയുടെ മുഴുനീള ചിത്രങ്ങളായിരുന്നു അതിൽ ഏറ്റവും മുന്തിയതും കിട്ടാൻ പ്രയാസമുള്ളതും
അതിനാൽ തന്നെ ആ ‘കലണ്ടർ സുന്ദരിമാരെ’ വർഷങ്ങൾ മാറിയാലും ഉപേക്ഷിക്കാതെ ആളുകൾ അവരുടെ ചുമരുകളിൽ അഭിമാനത്തോടെ സൂക്ഷിച്ചു
സീനറികൾ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രകൃതിദൃശ്യങ്ങൾ, പലവിധ ദൈവങ്ങളുടെ ചിത്രങ്ങൾ,സിനിമാനടികളുടെ അല്ലെങ്കിൽ കുട്ടികളുടെ ചിത്രങ്ങൾ എന്നിങ്ങനെയായിരുന്നു സൗജന്യ കലണ്ടറുകളുടെ ഒരു സാധാരണ പാറ്റേൺ.
പിന്നെ ഒരു തരം കലണ്ടറുകൾ ഉണ്ടായിരുന്നത്‌ അർദ്ധനഗ്നകളായ സുന്ദരിമാരുടേതായിരുന്നു,
ബാഗ്പൈപ്പർ വിസ്കിയുടെ പരസ്യങ്ങൾ.
വീടുകളിൽ അവക്ക്‌ പക്ഷേ പ്രവേശനമുണ്ടായിരുന്നില്ല,
ബാർബർ ഷാപ്പുകളായിരുന്നു നാട്ടിൻപുറങ്ങളിൽ അവ കാണാൻ കിട്ടുന്ന ഇടങ്ങൾ
എന്നാൽ നരകത്തിന്റെ ചിത്രമുള്ള കലണ്ടറുകൾ
അങ്ങനെ ലഭ്യമായിരുന്നവയല്ല
അവ പണം കൊടുത്ത്‌ വാങ്ങേണ്ട ഇനത്തിൽ പെട്ടവയായിരുന്നു
കച്ചവട ശാലകളിൽ കലണ്ടറുകൾ വിൽപ്പനക്ക്‌ വെച്ചിരുന്നോ എന്ന് എനിക്കറിഞ്ഞുകൂട 
ഞാൻ കണ്ട കലണ്ടർ വ്യാപാരങ്ങളൊക്കെ ഉത്സവപ്പറംബുകളിലായിരുന്നു
പത്തോ , ഇരുപതോ ചതുരശ്ര അടി സ്ഥലത്ത്‌ നൂറുകണക്കായ പലതരം കലണ്ടറുകൾ നിലത്ത്‌ നിരത്തി വെച്ചായിരുന്നു ഉത്സവപ്പറമ്പുകളിലെ കലണ്ടർ വിൽപന
വിൽപന എന്ന് അറിയാതെ പറഞ്ഞതാണ്‌,
കലണ്ടറുകൾ വിൽപന ചെയ്യുക പതിവില്ല സാധാരണ,
‘കലണ്ടർ പ്രൈസ്‌ ‘എന്ന് പേരുള്ള ഒരു കുഞ്ഞ്‌ ലോട്ടറിയാണ്‌ അതിന്റെ വിനിമയ രീതി
ഒരു കലണ്ടറിന്റെ വിലയെ പത്തായി ഭാഗിച്ച്‌ ആ തുകക്കുള്ള പന്ത്രണ്ടോ പതിനഞ്ചോ ടോക്കണുകൾ വിൽപന ചെയ്ത്‌ നറുക്കെടുക്കുകയാണ്‌ ചെയ്യുക ,
ഒരു രൂപയാണ് ഒരു കലണ്ടറിന്റെ ഏകദേശ വിലയെങ്കിൽ പത്ത് പൈസയുടെ ടോക്കണുകൾ പന്ത്രണ്ടോ പതിനഞ്ചോ എണ്ണം .
നറുക്ക്‌ വീഴുന്നവന്‌ ഇഷ്ടമുള്ള കലണ്ടർ സെലക്റ്റ്‌ ചെയ്യാം
അതി വാചാലനായ ഒരു വിൽപനക്കാരനുണ്ടാകും ,അയാൾക്ക്‌ ചുറ്റും സദാ ആൾക്കൂട്ടവും 
രാപകൽ വിത്യാസമില്ലാതെ , ആഘോഷങ്ങൾ അവസാനിക്കും വരെ ആ കച്ചവടം ക്ഷീണമില്ലാതെ നടന്നുകൊണ്ടിരിക്കും
അവിടെയാണ്‌ നമ്മുടെ നരകക്കലണ്ടർ ചൂടപ്പം പോലെ ചിലവാകുക,
സിനിമാ നടന്മാർ ,നടികൾ,ദൈവങ്ങൾ രാഷ്ട്രീയ നേതാക്കാൾ ,സീനറി,മഹാഭാരത രംഗങ്ങൾ എന്നിങ്ങനെ 
എണ്ണിയാലൊടുങ്ങാത്ത വെറൈറ്റിയുണ്ടാകും 
കാൾ മാക്സ്‌, ലെനിൻ, ഭഗത്സിംഗ്‌,നെഹ്രു ,സുഭാഷ്‌ ചന്ദ്രബോസ്‌ എന്നവരൊക്കെയാണ്‌ രാഷ്ട്രീയക്കാരിലെ താരങ്ങൾ
ചെഗുവരെയൊക്കെ ഇത്രമേൽ വലിയ ഒരു ഐക്കണായി ഘോഷിക്കപ്പെട്ടിരുന്നില്ല അന്ന് കലണ്ടറുകളിൽ.
നരകത്തെക്കുറിച്ച്‌ നിരന്തരം ഓർമ്മിപ്പിക്കാൻ 
ചുമരുകകളിൽ ഇപ്പോ ആ കലണ്ടറുകളൊന്നുമില്ല,
ഹിന്ദു വീടുകളിൽ ഇപ്പോൾ പൊതുവേ നരകത്തെക്കുറിച്ചുള്ള വർത്തമാനങ്ങളും കുറവാണ്‌
നരകം എന്ന് കേൾക്കുമ്പോഴേക്കും രാക്ഷസരൂപികളായ കിങ്കരന്മാരേയും അവർ കുന്തത്തിൽ കോർത്ത്‌ ചുടുന്ന പാപികളായ മനുഷ്യരേയും ഇനിയുള്ള കുട്ടികൾക്ക്‌ ഓർമ്മവരണമെന്നില്ല.
അറിവുകൾ പരിമിതമായിരുന്ന ആ കാലത്തു നിന്നും മനുഷ്യർ ധാരാളമായി മുന്നോട്ട്‌ നടന്നു കഴിഞ്ഞു,
അന്ത്യവിധി നേരത്തെ നരകശിക്ഷ പേടിച്ച്‌ പ്രമാണങ്ങൾ തെറ്റിക്കാതിരിക്കുന്ന ആളുകളെയൊക്കെ ഒന്നോ രണ്ടോ എണ്ണത്തിനെ മ്യൂസിയം പീസായി കിട്ടിയാൽ ആയി എന്നേ ഉള്ളൂ അരിച്ചു പെറുക്കി അന്വേഷിച്ചാൽ.
നരകം ഇല്ലാതാവുമ്പോൾ സ്വാഭാവികമായി റദ്ധു ചെയ്യപ്പെടുന്ന ഒരിടമാകുന്നു സ്വർഗ്ഗം 
ഇരുട്ടില്ലെങ്കിൽ വെളിച്ചവുമില്ല എന്നതുപോലെ സ്വാഭാവികമായ ഒന്നാകുന്നു ഈ ഇല്ലാതാകലും
നരകവും സ്വർഗ്ഗവുമില്ലെങ്കിലും ആ വാക്കുകൾ ഭാഷയിൽ നിന്ന് പോകാതിരിക്കട്ടെ എന്നാണ്‌‌ എന്റെ പ്രാർത്ഥന.
ആ വാക്കുകളില്ലാതായാൽ ശരിക്കും കുഴങ്ങുക കവികളും കഥാകാരന്മാരുമാണ്‌.
‘നരകതുല്യമായി ജീവിതം ..’എന്ന ഒറ്റ വാക്കിനെ എത്ര പേജിൽ അവർ വിശദീകരിക്കേണ്ടിവരും നരകമെന്തെന്ന് അറിയാത്ത ഒരു വായനക്കാരന്‌ മുന്നിൽ ?
“സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീടു കണ്ട്‌ സ്വർഗ്ഗം നാണിക്കുന്നു ..’എന്ന് കേട്ടാൽ കൂടുതൽ കുഴങ്ങിപ്പോകും ആ തലമുറ.
സ്വർഗ്ഗം എന്നത്‌ പോലെ തന്നെ സ്വപ്നവും ആർക്കും അറിയാൻ കഴിയാത്ത ഒരു വസ്തുവായിട്ടുണ്ടാകും അന്ന് എന്നതിനാലാണ്‌ അത്‌. 

സതീഷ് കുമാർ താണിശ്ശേരി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.