PRAVASI

റഫീഖിൻ്റെ നടപടിയിൽ വയനാട് സിപിഎമ്മിൽ നീരസം; മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കി

Blog Image

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടി അതൃപ്തി അറിയിച്ച സംഭവത്തിൽ കെ റഫീഖിൻ്റെ നടപടിയിൽ വയനാട് സിപിഎമ്മിൽ നീരസം. റഫീഖ് ജില്ലാ സെക്രട്ടറി പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. മമ്മൂട്ടി വരുന്ന കാര്യം മുതിർന്ന നേതാക്കളെ ആരെയും അറിയിക്കാത്തതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കിയെന്നുമാണ് പാർട്ടി നേതാക്കൾക്കിടയിലെ വികാരം. അതേസമയം, വിവാദം ജില്ലാ കമ്മിറ്റിയിലും ചർച്ചയാകാൻ സാധ്യതയുണ്ട്. കെ റഫീഖിന് നേരെയുള്ള മമ്മൂട്ടിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനത്തിനാണ് വഴിവെച്ചത്. ഇതോടെ മമ്മൂട്ടി തന്നെ പ്രശ്ന പരിഹാരത്തിന് രംഗത്തെത്തുകയായിരുന്നു.  മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചതായും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും കെ റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന താൻ, പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും റഫീഖ് പറഞ്ഞു.

തൻറെ സാന്നിധ്യം രാഷ്ട്രീയമായ മറ്റൊരു നിലയിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് വിശദീകരിച്ചു. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് വ്യക്തമാക്കിയതായും റഫീഖ് പറഞ്ഞു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ചില മാധ്യമങ്ങളും സൈബർ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സർക്കാരിൻറെ ഇച്ഛാശക്തിയിൽ ഉയർന്നുവന്ന മാതൃകാപരമായ ഈ ടൗൺഷിപ്പിൻറെ തിളക്കം ഇത്തരം വിവാദങ്ങൾ മൂലം കുറഞ്ഞുപോകരുതെന്നും റഫീഖ് അഭ്യർത്ഥിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.