അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്റെ രണ്ടാമത്തെ ഉന്നത ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് മകൻ വിഎ അരുൺ കുമാർ. അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ആദരത്തിൽ വലിയ അഭിമാനമുണ്ടെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയ അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിൽ കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം പോരാട്ടങ്ങൾ നടത്തി. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല. ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് അച്ഛനെ സംബന്ധിച്ച് ഏറ്റവും വലിയ ബഹുമതി.
ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണെന്നും എന്നാൽ പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ് അച്ഛന്റെ യഥാർത്ഥ 'പത്മം'മെന്നും അരുൺ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

