വി.കെ ജോയി
ഈയിടെയായി തെരുത്തുവരുന്നൊരോർമ...
എവിടെയും ആ കാൽപാടുകൾ.
ഈരടികൾ.
ആ ഗിറ്റാർ .
"Killing in the name of God......."
ഇരുപതുവർഷാകുന്നാളു മാഞ്ഞിട്ട്.
എന്നിട്ടുമെന്തേ ഇപ്പോഴിങ്ങനെ!
രണ്ടീസം മുമ്പൊരു പഴേ ഷർട്ടിട്ടപ്പോളോർത്തു. ഇതേ പോലൊന്ന് പണ്ടു ജോയിക്കു മുണ്ടായിരുന്നല്ലോ!
ഇന്നിതാ റെയിൽ സ്റ്റേഷനിൽ താറും പാച്ചി വന്നൊരു വൃദ്ധനെക്കണ്ടപ്പോൾ പെട്ടെന്ന് ചുണ്ടിൽ ചിരിയൂറി .
1991.നരസിംഹറാവു പ്രധാനമന്ത്രിയായി താറും പാച്ചി നടക്കുന്ന കാലം. ഒരു വെള്ള മുണ്ടെടുത്തുടുത്ത് അഗ്രങ്ങൾ മേലോട്ട് ചാമ്പി , പിന്നിൽ കുത്തി, ഖാദി ക്രീം കൂർത്തയുമിട്ട് ബുള്ളറ്റിൽ മന്ദം മന്ദം വന്ന്, കോടതിക്കവലയിലെ അന്നത്തെ ഓഫീസിൽ പ്രവേശിക്കുന്ന ഡവലപ്പ്മെൻ്റ് ഓഫീസർ VKജോയി !

അമ്പരന്നു കിളി പോയി നിൽക്കുന്ന ശുദ്ധൻ മാനേജർ മഞ്ചേരിക്കാരൻ ബാലഷ്ണൻസാർ .ഒത്തിരി നാൾ റിക്രൂട്ട്മെൻ്റില്ലാത്തതിനാൽ
ഓഫീസെമ്പാടും വയോജന സമൃദ്ധം. ഒക്കെ പെൻഷൻപടികളിൽ പകിട കളിക്കുന്നു. അവിടൊക്കെ അടക്കിപ്പിടിച്ച ചിരിയും കമൻ്റുകളും. കുറച്ചു പേർ മാത്രം ഒരു മുപ്പതിൽ താഴെ പ്രായം. അതിലേറ്റം ഇളയവനാണ് ജോയി - ലേറ്റസ്റ്റ് അപ്പോയ്ൻ്റ്മെൻ്റ്. ഇരുവശങ്ങളിലേയ്ക്കും ചെരിഞ്ഞ്, വായുവിനെപ്പോലും നോവിക്കാതെ പ്രത്യേക സ്റ്റൈലിൽ ഒരു നടത്തമുണ്ട് ജോയിക്ക്... രാജകീയം.
താറും പാച്ചി ഒന്നും സംഭവിക്കാത്ത പോലെ സീറ്റിൽ വന്നിരുന്ന് കൂടെപ്പിറപ്പായ ബ്രീഫ് കെയ്സ് തുറക്കുന്നു - അന്ധാളിച്ചിരിക്കുന്ന ചുറ്റുവട്ടത്തെ ഗൗനിക്ക പോലും ചെയ്യാതെ തുടങ്ങുന്നു ജോലി.
ആ ഓഫീസാകാകെ ഇളക്കിമറിക്കാൻ ജോയിക്ക് വേണ്ടി വന്നതൊരു നീളൻ മുണ്ടും ക്രീം കളർ കുർത്തയും.
ഡെവലപ്പ്മെൻ്റ് ഓഫീസർമാരുടെ പണി ഏജൻ്റ്സ് റിക്രൂട്ട്മെൻ്റാണല്ലോ.
ഒരു പെൺകുട്ടി ഏജൻസിയ്ക്കായി എത്തുന്നു. ഇൻറർവ്യൂവിൽ ആ കുട്ടി, ഒത്തുവരുമ്പോൾ ആങ്ങളയുടെ ബുള്ളറ്റെടുത്ത് സവാരിക്കിറങ്ങാറുണ്ടെന്ന കാര്യം കൂടി വെളിവാക്കുന്നു. ഇപ്പോ വന്നതും അങ്ങനെ തന്നെ. പിന്നെ വിശദമായ അന്വേഷണമൊന്നും ഇല്ല - കൂടെക്കൂടാമോന്നൊരു ചോദ്യം മാത്രം.
കുറെ കഴിഞ്ഞ് ഞങ്ങൾ അഞ്ചെട്ടു പേർക്കാകെ കിട്ടുന്നത് ഒറ്റ പോസ്റ്റുകാർഡ്. ഞങ്ങൾ എന്നാൽ അപ്പോ റിട്ടയറാൻ നിൽക്കുന്ന ജോസഫ് സാർ, നിത്യവസന്തമായ ദാമൂസ്, ജേക്കബ് ജോൺ, ദിനേഷ് , മാത്യു, ഉണ്ണി, അജിത് വിമൽ.
"ശിവഗിരിയിൽ വച്ച് കല്യാണം. വന്ന് കഷ്ടപ്പെടേണ്ടതില്ല. അനുഗ്രഹിച്ചാലും".
ഞങ്ങളുണ്ടോ വിടുന്നു!
ജോസഫ് സാറിൻ്റെ മറ്റഡോറിലാണ് അന്ന് സംഘ യാത്ര. ജയനാണ് സ്ഥിരം സാരഥി. വച്ചടി ശിവഗിരിക്ക്.
ഇന്നും അതൊരു പച്ചപ്പ്.
1992.ചേർത്തല മുനിസിപ്പൽ കോംപ്ളക്സിലേയ്ക്ക് മാറിയ ഓഫീസ് കാലം...
താഴത്തെ നിലയിലന്ന് കടകൾ ആയിട്ടില്ല. പടിക്കെട്ടിനു താഴെ ഒരു പാണ്ടിക്കുടുംബം തമ്പടിച്ചിരിക്കുന്നു. നല്ല കറുകറുത്ത്, കണ്ണു കുഴിഞ്ഞ്, എല്ലുന്തി ഒരമ്മയും രണ്ട് കുഞ്ഞുങ്ങളും. പാഴ് വസ്തുക്കളും പേപ്പറും അഴുക്കും പെറുക്കിക്കൂട്ടി വിറ്റ് അതു തന്നെ മെത്തയും തലയിണയുമാക്കി സ്വർഗം മെനയുന്നവർ. ആരാലും ശ്രദ്ധിക്കപ്പെടാത്ത അനാഥത്വം.
ഒരീസമുണ്ട് ജോയ് ആ കുഞ്ഞുങ്ങളുമായി അവർക്കൊപ്പമിരുന്ന് തമിഴ് പേശുന്നു, 'അവറ്റ'കളുമായി കളിക്കുന്നു, മൂക്കള മുറ്റിയ കുഞ്ഞു മുഖങ്ങളോട് മുഖം ചേർക്കുന്നു, ഈരണ്ടു നേരം അതുങ്ങൾക്ക് ശാപ്പാടറേഞ്ചു ചെയ്യുന്നു. ആയമ്മയ്ക്ക് ജോയിയൊരു പേരും സമ്മാനിക്കുന്നു -"സുന്ദരി".
പയ്യെപ്പയ്യെ "സുന്ദരി" യൊരു സുന്ദരിയായി, കുഞ്ഞുങ്ങൾ സുന്ദരന്മാരായി മാറുന്നു - ജോയിസാർ അവരുടെ കൺകണ്ട ദൈവമായും പരിണമിക്കുന്നു.
ആയിടെ - പ്രഭാത റോന്തിനിറങ്ങിയതാണ് ചേർത്തല പോലീസ്. ഹൈവേ സൈഡിൽ ട്രാക് സൂട്ടിലൊരു ചെറുപ്പക്കാരൻ നല്ല സ്പീഡിൽ പുറകോട്ടോടുന്നു. പുതിയ സിഐ പത്മകുമാർ ജീപ്പ് സ്ലോ ചെയ്ത് എന്താ ഇതെന്നന്വേഷിക്കുന്നു. "റിവേഴ്സ് ജോഗിങ്ങ്" എന്ന മറുപടിയിൽ അയാൾ അതേ ലൈനിൽ ഓട്ടം തുടരുന്നു. പിറ്റേന്ന് റോട്ടറി ക്ലബ്ബിൻ്റെ AGM ഉൽഘാടിക്കാൻ വന്ന സി.ഐ, കോട്ടും സൂട്ടുമണിഞ്ഞ്, സ്റ്റൈലിൽ ഇംഗ്ലീഷിട്ടമ്മാനമാടുന്ന അദ്ധ്യക്ഷനെ തെരുതെരെ നോക്കുന്നു. എങ്കെയോ പാത്ത മുൻപരിചയം ഓർത്തെടുക്കാൻ വിഷമിക്കുന്ന സി.ഐയോട് ജോയി തന്നെ അങ്ങോട്ടു പരിചയപ്പെടുത്തുന്നു - "റിവേഴ്സ് ജോഗ്ഗിങ്ങ്".
ആയിടെത്തന്നെ കാർത്ത്യായനിത്തെരുവിൽ ഒരാജാനബാഹു പ്രത്യക്ഷപ്പെടുന്നു. ഒരു ഹിന്ദി വാല ഫ്രം രാജസ്ഥാൻ. ധ്യാനവാത്മീകിപ്പോസിലൊരു ചിതൽപ്പുറ്റു രൂപം.
വാത്മീകിക്കു ജോയിയേയും ജോയിക്ക് വാത്മീകിയേയും ഒറ്റ നോട്ടത്തിലങ്ങു പുടിച്ചു - ലവ് അറ്റ് ഫസ്റ്റ് സൈറ്റ് !
അടുത്തൊരു ദിവസം, ഞങ്ങടാപ്പീസിൻ്റെ പിന്നാമ്പുറത്ത് മൂക്കുപൊത്തി നിന്ന് "രാജാസലൂണി"ലെ വേണു, ടി വാത്മീകിയുടെ ജട- ദാടി വഹകൾവെട്ടി നീക്കുന്നു.
ശേഷം ഒരു സ്റ്റൂളിരുത്തി ജോയിയും അനുചരന്മാരും കൂടി ബക്കറ്റു കണക്കു വെള്ളം, പിന്നെ സോപ്പ്, പിന്നെയും വെള്ളം, പിന്നെയും സോപ്പ് എന്ന ക്രമത്തിൽ വാൽമീകിയെ കുളിപ്പിച്ച് , പുതുവസ്ത്രങ്ങളണിയിച്ച് അക്കാലത്തെ മമ്മൂട്ടി തോറ്റുപോകുന്ന വക ശ്രീരാമനാക്കി മാറ്റുന്നു!
1995.കൂത്തുപറമ്പു വെടിവെയ്പിൻ്റെ കേരള ബന്ദ് . ബ്രാഞ്ച് വിസിറ്റ് പൂർത്തിയാക്കി ഞങ്ങളന്ന് അടിമാലിയിൽ നിന്ന് തിരിച്ച മൂവന്തി നേരം. പെട്രോൾ ബങ്കിൽ വച്ചാണ് ബന്ദ് വിവരം അറിയുന്നത്. അവിടെ കുടുങ്ങിപ്പോയൊരു സന്യാസിയും കൂടെക്കൂടി. സ്വതവേ നിറഞ്ഞു കവിഞ്ഞ ഞങ്ങടെ വണ്ടിയിൽ ഫ്രണ്ടിൽ തന്നെ കാഷായ ധാരിക്ക് പീഠമൊരുക്കി. സാധാരണ, ഓർത്തും ആർത്തും ചിരിക്കാറുള്ള ആ മടക്കയാത്ര, അദ്ധ്യാത്മികത്തിൽ ആണ്ടു മുങ്ങി. വേദങ്ങളും മന്ത്രങ്ങളും ഒഴുകി - ഞങ്ങളെല്ലാം വിസ്മയിച്ചിരിക്കേ ഏറ്റവും പുറകിൽ നിന്നൊരെതിർവാ തുറക്കപ്പെടുന്നു. ജോയി ! ധർമ്മാധർമങ്ങൾ, രജ - തമോ ഗുണങ്ങൾ, ഇഹം-പരം, മായയും മോഹവും, ഭക്തിയും വിഭക്തിയും വിരക്തിയും എന്നു വേണ്ട,
ഘഡാഗഡിയൻ ശ്ലോകങ്ങളുടെ അകമ്പടിയോടെ സന്യാസി ചോദ്യം ചെയ്യപ്പെടുന്നു. എത്തേണ്ടിടത്തിറങ്ങിക്കിട്ടിയപ്പോഴുള്ള അദ്ദേഹത്തിൻ്റെ ഒരാശ്വാസം തുടർന്നങ്ങോട്ടുള്ള ഞങ്ങളുടെ ചിരിയിൽ അമിട്ടു വിതറുന്നു.
ജോയിയുടെ ഭാഷയിൽ ഇതൊക്കെ വെറും "ചീള്കേസ്"
1997.അരൂരുന്ന് ഞാൻ കൂടും കുടുക്കയുമായി കുമരകത്തേയ്ക്ക്. അത്യാവശ്യം വീട്ടുസാമാനങ്ങക്കായി ലോറിയും അതു മണത്തറിഞ്ഞ ഹെഡ്ലോഡുകാരും റെഡി. പക്ഷേ, കൂലി കടുകട്ടി . ഞാനും ഒരു തൊഴിലാളിയാണെന്നും ആ വകയിൽ ഒരു ട്രേഡ് യൂണിയൻ പ്രവർത്തകനാണെന്നും ..... ഏയ് , ഒന്നും ഏശുന്നില്ല.
അപ്പോഴാണ് അപ്രതീക്ഷിതമായി പരിചിതമായ ആ ബുളളറ്റ് ശബ്ദം. ഫോർട്ട് കൊച്ചിയിൽ ഏതോ പരിപാടിക്ക് പോകുന്ന വഴിയാണ്; കാറു കണ്ടപ്പോൾ ആളുണ്ടെന്നു കണ്ട് വെറുതേ ഒന്നു ചവിട്ടിയതാണ്. അനുരഞ്ജന - നയതന്ത്ര ശ്രമങ്ങൾ അവസാനിപ്പിച്ച് ജോയി ഗ്വോഗ്വായ്ക്ക് തയ്യാറാവുന്നു. അട്ടിമറിക്കാർ ഒതുങ്ങുന്നു. വില കുറയുന്നു. ജോയി യാത്രയിൽ ധരിക്കുന്ന ഡെനിം ജാക്കറ്റ് അഴിക്കുന്നു. അവരുടെ കൂടെ സെറ്റിയും കട്ടിലും എല്ലാമെല്ലാം ലോറിയിലേറ്റുന്നു. കാറിൽ മുന്നേ പോകുന്ന ഞങ്ങളുടെ പിന്നാലെ ലോറിയിൽ ഡ്രൈവറൊത്ത് കുമരകത്തെത്തുന്നു. അവിടുത്തെ ചുമട്ടുകാർക്കൊപ്പം സാധനങ്ങളിറക്കുന്നു. പാലം കടന്ന് ഒരു കാൽ കിലോമീറ്റർ ചുമന്ന് എല്ലാം വീടെത്തിക്കുന്നു. അമ്മ വിളമ്പിയ കപ്പയും മീനും പിന്നൊരു നല്ല കാപ്പിയും കുടിച്ചങ്ങ് ലോറിയിൽ തിരിച്ച് അരൂരെത്തി, ബുളളറ്റൊരു മുപ്പതു കി.മീറ്റർ തിരിച്ചോടിച്ച് ഗേഹം പൂകുന്നു !!!
1992.ജേക്കബ് ജോണിൻ്റെ അമ്മ മരിച്ചു. പുനലൂരപ്രം ചണ്ണപ്പേട്ടയിലാണ്.
ഞങ്ങൾ മുന്നേ പറഞ്ഞ മറ്റഡോർ വാനിൽ തന്നെ.
ഒരത്യാവശ്യം വന്നാൽ കുഞ്ഞുങ്ങടെ പനി പോലും മറക്കുന്ന കാലം. എല്ലാരുമുണ്ടാവും എവിടെപ്പോകാനും. അതൊരു യാത്രയാണ്. അതൊരു സംഘമാണ്. സംഘം ശരണം ഗച്ചാമി.
അങ്ങനെ ഞങ്ങൾ മരണ വീട്ടിൽ . പള്ളിയിത്തിരി ദൂരെയാണ്. മലമ്പ്രദേശമാണ്. വിലാപയാത്രയിൽ ഏറ്റവും പിന്നിൽ ശവമഞ്ചം. മഞ്ചവും അതു വലിക്കുന്ന പ്രായമായ കൂലിക്കാരനും ജോയിയുടെ കണ്ണിൽ നേരത്തേ പെട്ടിരുന്നു. ഞങ്ങൾ മുന്നോട്ട് നടക്കുകയാണ്. പെട്ടെന്നതാ ജോയി മിസ്സിങ്ങ് ! ദാ..... ഏറ്റവും പുറകിൽ കൂലിക്കാരനെ സൈഡാക്കി പ്രിയ സുഹൃത്തിൻ്റെ അമ്മയുടെ ശവമഞ്ചം വലിച്ച് ഞങ്ങളുടെ വളരെ വളരെ പുറകിലായി വിയർത്ത് മുന്നേറുന്നു ജോയി !
ഒരിടയ്ക്ക് പ്രൃകൃതിജീവനം തലക്കുപിടിച്ചിരുന്നു ജോയിക്ക്. മുഹമ്മയിലെ ദയാൽ സാറിൻ്റെ സഹവാസം.
അക്കാലം എൻ്റെ ചേട്ടൻ കോട്ടയം അടിച്ചിറയിൽ താമസം. ഞങ്ങൾ സഹോദരങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളെയെല്ലാം നല്ല പരിചയമാണ്. അന്ന് ജോയി ഒരു ടിന്നും കൂടെക്കരുതും. നിറയെ മുളപ്പിച്ച ഉലുവയാണ്. മറ്റ് അന്നപാനീയങ്ങളെല്ലാം ഉപേക്ഷിച്ച് നായനാരുടെ ഉലുവാ ചികിത്സ. കൂടെയെത്തിയ ജോയിയെ ചേട്ടനു പെട്ടെന്നങ്ങു കിട്ടിയില്ല - അത്രയ്ക്കങ്ങു നൂലു പോലാക്കിയിരുന്നു ശരീരം ! പൂർവസ്ഥിതിയിലാക്കാൻ ആ ഷെഹന പെട്ട പാട് !
2003.ഞങ്ങളുടെ ജനറൽ ബോഡി മീറ്റിങ്ങാണ്. പന്തളം ഷൈൻ ഹോട്ടലിൽ. സാധാരണയായി ജനറൽ സെക്രട്ടറിക്ക് ഇലക്ഷൻ ഇല്ല - അക്കൊല്ലം ജോയി പ്രഖ്യാപിക്കുന്നു - ഇത്തോണ മത്സരിക്കും.കുസുമാലയത്തിൻ്റെ കുത്തക പുല്ലുപോലെ പൊളിക്കും. അങ്ങനെ ഞങ്ങൾ രണ്ടാളും ചേരിതിരിഞ്ഞെങ്കിലും രാത്രി കിടന്നുറങ്ങിയത് ഒരേ കട്ടിലിൽ, ഒരൊറ്റ പ്പുതപ്പിൽ!
ജോയി ഗാഥകൾ ഇവിടെ ത്തുടങ്ങുന്നേയുള്ളു. കളങ്കമില്ലാത്ത മാനുഷരാരുമില്ലെന്ന കവിവചനത്തിൽ ജോയിയും നന്നായി ഉള്ളടങ്ങും.
പക്ഷേ, ഇത്ര ധിഷണ: ഇത്ര വൈഭവം: ഇത്ര ബ്രെയിൻ: ഇത്ര സാധാരണത്തം .....
അസാധാരണൻ;വി കെ ജോയി

ജേക്കബ് കുസുമാലയം

