PRAVASI

ഫൊക്കാന ടെക്സസ് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിനോയ് കുര്യൻ- പരിചയസമ്പന്നനായ നേതാവിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രവേശനം

Blog Image

ടെക്സസ് റീജിയണിൽ ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ലീല മാരേട്ട്‌ നയിക്കുന്ന പാനലിന് കീഴിൽ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി വിനോയ് കുര്യൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മലയാളി സമൂഹത്തിന്റെ ശ്രദ്ധ മുഴുവൻ ഹൂസ്റ്റണിലേക്കാണ്. കേരളത്തിന്റെയും അമേരിക്കയുടെയും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ  ദീർഘകാല പ്രവർത്തനപരിചയമുള്ള, ആത്മാർത്ഥതയും നേതൃപാടവവും ഒത്തുചേർന്ന വ്യക്തിത്വമാണ് വിനോയ്.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വിനോയ് കുര്യൻ മഹാരാഷ്ട്രയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ ശേഷമാണ് കരിയർ ആരംഭിച്ചത്. അമേരിക്കയിലെത്തിയ ശേഷവും മലയാളി സംഘടനകളുമായി കൈകോർത്ത് സജീവ സാന്നിധ്യമായിക്കൊണ്ടാണ് ഏവരുടെയും മനസ്സിൽ ഇടംപിടിച്ചത്. സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുക, സംഘടനകൾ തമ്മിൽ ഏകോപനം സൃഷ്ടിക്കുക—ഇവയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ആധാരം.
മൂന്നു ദശാബ്ദം നീളുന്ന ഐ.ടി രംഗത്തെ അനുഭവസമ്പത്തും  അമേരിക്കയിലെ നിരവധിയായ മൾട്ടിനാഷണൽ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള പ്രവർത്തിപരിചയവും നേതൃക്ഷമതയും സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം, സഭയോടുള്ള നിറഞ്ഞ സമർപ്പണത്തിന്റെ മകുടോദാഹരണമാണ്. നാല് വികാരിമാരുടെ കാലഘട്ടത്തിൽ പള്ളിക്കമ്മിറ്റി അംഗം,രണ്ടു തവണ പള്ളി കൗൺസിൽ സെക്രട്ടറി,ഒക്ലഹോമയിൽ നടന്ന ആദ്യ ഇന്റർ-പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന്റെ ഹൂസ്റ്റൺ കോർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. പള്ളിയുടെ ഇരുപതാം വാർഷികാഘോഷമായ '20/20 പ്രോജക്ട്' വിജയകരമായി നടത്തിയും കേരളത്തിൽ 20 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി ജീവിതങ്ങളിൽ വെളിച്ചം പകർന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഏറ്റവും വലിയ നേട്ടങ്ങളാണ്. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ കരുത്തുറ്റ സാന്നിധ്യമാണ് വിനോയ്.മാഗിൽ ലൈഫ് ടൈം അംഗവും ഒരുമയിലെ സജീവപ്രവർത്തകനുമാണ്. 2017–2019ൽ  പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. കേരള പ്രളയബാധിതർക്കായി ഗോഫണ്ട് മുഖേന ഫണ്ട് ശേഖരിച്ച് അഞ്ച് കുടുംബങ്ങൾക്ക് വ്യക്തിപരമായി സഹായം കൈമാറി. ഹാർവേ ചുഴലിക്കാറ്റിൽ ദുരിതബാധിതർക്കുള്ള സഹായങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.നിസഹായരെ കൈപിടിച്ചുയർത്താനുള്ള മനസാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ടെക്സസ് റീജിയണിലെ മലയാളി സംഘടനകൾ തമ്മിലുള്ള  ബന്ധം കൂടുതൽ സൃഷ്ടിക്കുക, പ്രാദേശിക പ്രശ്നങ്ങൾക്കുള്ള ശക്തമായ പ്രതിനിധാനം ഉറപ്പാക്കുക, സമൂഹക്ഷേമ പദ്ധതികൾ വിപുലീകരിക്കുക എന്നിവയാണ് വിനോയിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. സംയോജിപ്പിക്കുന്ന നേതൃപാടവം,ആപത്കാലങ്ങളിൽ തെളിയിച്ച പ്രവർത്തനക്ഷമത,ദീർഘവീക്ഷണം എന്നിവയും എടുത്തുപറയാവുന്ന പ്രത്യേകതകളാണ്.സേവനപരിചയവും പ്രൊഫഷണൽ മികവും ഒരുപോലെ ഒത്തിണങ്ങുന്ന സ്ഥാനാർഥി എന്ന നിലയിൽ വിനോയിയിൽ സംഘടന ഏറെ പ്രതീക്ഷ പുലർത്തുന്നു എന്ന കാര്യത്തിൽ സംശയമില്ല.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.