ജീവിതത്തിൽ ചില കൂടിക്കാഴ്ചകൾ വളരെ ചെറുതായിരിക്കും.
പക്ഷേ, അവശേഷിപ്പിക്കുന്ന സ്വാധീനം ഒരു ജീവിതകാലം മുഴുവൻ നീളും. സൂര്യ കൃഷ്ണമൂർത്തി സാറുമായുള്ള എൻ്റെ കൂടിക്കാഴ്ചയും അത്തരത്തിലൊന്നായിരുന്നു. കാലം കുറച്ചായിരുന്നെങ്കിലും, ആ കൂടിക്കാഴ്ച എൻ്റെ എഴുത്തിലും കലാജീവിതത്തിലും അവശേഷിപ്പിച്ച വെളിച്ചം ഒരിക്കലും ചെറുതായിരുന്നില്ല.
എൻ്റെ കഥകൾ “പാർശ്വവീഥികൾ പറഞ്ഞു തുടങ്ങുന്നു” എന്ന പുസ്തകം സർൻ്റെ കൈകളിൽ നിന്നാണ് ആരംഭിച്ചത്. അത് ഒരു പുസ്തകത്തിൻ്റെ തുടക്കം മാത്രമായിരുന്നില്ല; എൻ്റെ എഴുത്തുയാത്രയ്ക്ക് സാർ നൽകിയ ഒരു അനുഗ്രഹമായിരുന്നു.
അമേരിക്കയിലെ എൻ്റെ വീട്ടിൽ സാർ വന്നിരുന്ന ആ ദിവസവും, സാറിൻ്റെ സ്നേഹവും വാക്കുകളും ഇന്നും എൻ്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
സൂര്യ ഫെസ്റ്റിവലിൻ്റെ തിരി തെളിഞ്ഞ അതേ 6.45-ന് സാർ മറ്റൊരു ലോകത്തേക്ക് യാത്രയായി എന്നത് എനിക്ക് വെറും യാദൃച്ഛികതയായി തോന്നുന്നില്ല. തിരി തെളിയിച്ചുകൊണ്ട് സാർ നമ്മോട് പറയുന്നതുപോലെ…
“വെളിച്ചം തുടരട്ടെ…”
ഒരു വിളക്ക് തെളിയുന്ന സമയത്ത്, ഒരു ജീവിതത്തിൻ്റെ വെളിച്ചം അണഞ്ഞുപോയതുപോലെ… പക്ഷേ, ചില വെളിച്ചങ്ങൾ അണയുന്നില്ല. അവ ഓർമ്മകളായി, അനുഗ്രഹങ്ങളായി, നമ്മൾ നടന്ന വഴികളിൽ എന്നും തെളിഞ്ഞുകൊണ്ടിരിക്കും. സൂര്യാ കൃഷ്ണമൂർത്തി സാറും അത്തരമൊരു വെളിച്ചമായിരുന്നു.
നിസ്വാർത്ഥനും കർമ്മനിരതനുമായ ആ മഹത് വ്യക്തിയുടെ ആത്മാവിനു മുന്നിൽ നമ്രശിരസ്സോടെ പ്രണാമം അർപ്പിക്കുന്നു.സാർ പകർന്നുനൽകിയ സ്നേഹത്തിനും പ്രചോദനത്തിനും, കലയുടെ വഴികളിൽ തെളിച്ച ആ വെളിച്ചത്തിനും ഹൃദയത്തിൽ എന്നും കടപ്പാടുണ്ടാകും.
ആ ഓർമ്മകൾ എന്നും ഒരു അനുഗ്രഹമായി കൂടെയുണ്ടാകട്ടെ.


പാർവ്വതി പ്രവീൺ

