“എപ്പോഴും എപ്പോഴും ഞെട്ടാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല. ചെസ് നമ്പർ ത്രീ ഓൺ സ്റ്റേജ്… എനിക്കും ലുക്കീമിയയാണ്, ഗയ്സ്…”
രക്താർബുദം (ലുക്കീമിയ) സ്ഥിരീകരിച്ച ഒരു പെൺകുട്ടിയുടെ വാക്കുകളാണിത്. വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിക്കുകയും ചികിത്സാരംഗത്ത് അത്ഭുതകരമായ മുന്നേറ്റങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടും കാൻസർ എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ മുട്ടിടിക്കുന്നവരാണ് നമ്മളിൽ പലരും. നായയെയും നരിയെയും ഇരുട്ടിനെയും ചൂടിനെയും വെള്ളത്തിനെയും ഭയക്കാത്തവൻ പോലും കാൻസർ സ്ഥിരീകരിച്ചാൽ, സൂചികൊണ്ട് കുത്തിയ ബലൂൺപോലെ ഒറ്റനിമിഷംകൊണ്ട് കാറ്റുപോയി നിലംപതിച്ചേക്കാം. ഭയം മനുഷ്യസഹജമാണ്. എന്നാൽ ആ ഭയത്തിനുമപ്പുറം പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തെ ചേർത്തുപിടിക്കാൻ കഴിയുന്നവരുണ്ട്. അവിടെയാണ് കാൻസറിനെ അസാധാരണമായ മനക്കരുത്തോടെയും വിശ്വാസത്തോടെയും നേരിട്ട രണ്ട് ഡോക്ടർമാരായ സഹോദരിമാരുടെ ജീവിതം ശ്രദ്ധേയമാകുന്നത്. രോഗത്തിന്റെ വേദനകൾക്കിടയിലും പുഞ്ചിരി കൈവിടാതെ, പ്രതിസന്ധികളെ അതിജീവനത്തിന്റെ കരുത്താക്കി മാറ്റുന്ന അവരുടെ ജീവിതം നമുക്കു നൽകുന്നത് വലിയൊരു സന്ദേശമാണ്.
കളരിക്കൽ കുടുംബത്തിലെ ഒരു അമ്മയും മൂന്ന് പെൺമക്കളുമാണ് കാൻസർ എന്ന മഹാരോഗത്തെ പുഞ്ചിരിയോടെ നേരിട്ടത്. തലമുറകളായി ഒരു കുടുംബത്തെ കാൻസർ പിന്തുടരുക എന്നത് വിശ്വസിക്കാൻ അൽപ്പം പ്രയാസമുള്ള കാര്യമാണ്, അല്ലേ? സ്വന്തം അമ്മയെ കാൻസർ കാർന്നുതിന്നുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടിവന്ന മക്കൾക്ക്, ആ വേദനയിൽനിന്ന് കരകയറുംമുമ്പേ അതേ രോഗം പിടിപെടുന്നത് എത്രമാത്രം ഹൃദയഭേദകവുമായിരിക്കും. അമ്മയുടെ വേർപാടിന്റെ വേദനയും സ്വന്തം രോഗത്തിന്റെ ആശങ്കകളും ഒരുപോലെ മനസ്സിലേറ്റേണ്ടിവന്ന ഈ മക്കൾക്ക് ജീവിതം നൽകിയത് ഒന്നിനുപുറകെ ഒന്നായുള്ള പരീക്ഷണങ്ങളാണ്. എന്നിട്ടും വിധിക്കു മുന്നിൽ തോറ്റുകൊടുക്കാതെ, പരസ്പരം താങ്ങും തണലുമായി അവർ മുന്നോട്ടുപോകുന്നു.
അമ്മയുടെ വിയോഗത്തിനുശേഷം കുടുംബത്തിലെ മൂത്ത മകളായ ഡോ. സൂര്യയ്ക്കാണ് ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചത്. ഒട്ടും ധൈര്യം കൈവിടാതെ, പുഞ്ചിരിയോടെ രോഗത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു സൂര്യ. ആ വേദനകളെ അതിജീവിച്ച് ജീവിതം വീണ്ടും പച്ചപിടിച്ചുതുടങ്ങുമ്പോഴാണ് മറ്റൊരു ദുരന്തം ഈ കുടുംബത്തെ തേടിയെത്തിയത്. ഇളയ സഹോദരിയായ ഡോ. താര കളരിക്കലിനും രക്താർബുദമായ ലുക്കീമിയ സ്ഥിരീകരിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് രോഗം കണ്ടെത്തിയത്. സ്വന്തം ജീവിതത്തിൽ ഇത്രയേറെ പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന് ഈ സഹോദരിമാർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല അല്ലേ?

എന്നാൽ എല്ലാം നിസ്സാരമായി കണ്ട് രോഗാവസ്ഥയോട് ചിരിച്ചു കാട്ടുന്ന അവരുടെ മനോധൈര്യം പറയാതെ വയ്യ. ക്യാൻസർ സ്ഥിരീകരിച്ച വാർത്ത അറിഞ്ഞയുടൻ പൊട്ടി ചിരിച്ചുകൊണ്ട് അത് ലോകത്തോട് വിളിച്ചുപറയുന്ന താരയുടെയും ഇളയ സഹോദരി ചിത്രയുടെയും വീഡിയോയിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. വേദനകൾ എത്രയുണ്ടെങ്കിലും പരസ്പരം ചേർത്തുപിടിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്ന് ഈ സഹോദരിമാർ തെളിയിക്കുന്നു. അമ്മയെയും ചേച്ചിമാരെയും രോഗം തളർത്തുമ്പോൾ അവർക്കൊപ്പം താങ്ങും തണലുമായി നിൽക്കുകയാണ് ചിത്ര. ഭയന്നുപിന്മാറുകയല്ല, മറിച്ച് അവരുടെ കൈപിടിച്ച് 'കട്ടക്ക് കൂടെ നിൽക്കുകയാണ് ' ഈ കുഞ്ഞനിയത്തി. ഒപ്പം ഏതു നിമിഷവും രോഗത്തെ ഏറ്റുവാങ്ങാൻ മനസ്സും ശരീരവും പാകപ്പെടുത്തിക്കൊണ്ട് "ഞാൻ വെയിറ്റിംഗ് ലിസ്റ്റിലാണ്." എന്ന മുന്നറിയിപ്പും ചിത്ര നൽകുന്നുണ്ട്.
കാൻസർ എന്ന രോഗം ശരീരത്തെ തളർത്തിയേക്കാം. എന്നാൽ, മനസ്സിന്റെ കരുത്തും പ്രിയപ്പെട്ടവരുടെ സ്നേഹവും പ്രതീക്ഷയും കൈവിടാതിരുന്നാൽ ജീവിതത്തോട് പോരാടാനുള്ള ശക്തി കണ്ടെത്താനാകും. കളരിക്കൽ കുടുംബത്തിന്റെ കഥ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. അമ്മയുടെ ഓർമകൾ നെഞ്ചിലേറ്റി, പരസ്പരം താങ്ങായി, കണ്ണീരിനിടയിലും പുഞ്ചിരി കൈവിടാതെ മുന്നോട്ടുപോകുന്ന ഈ കുടുംബം നമ്മോട് പറയുന്നത് ഒന്നു മാത്രം: "ജീവിതം എത്ര വലിയ പരീക്ഷണങ്ങൾ നൽകിയാലും പ്രതീക്ഷ കൈവിടരുത്. എല്ലാം വരുന്നിടത്ത് വച്ച് കാണണം. ജീവിതത്തിന്റെ അവസാനശ്വാസം വരേയ്ക്കും അതിനെ ചിരിച്ചുകൊണ്ട് നിസ്സാരമായി നേരിടുകയും വേണം. "
.jpeg)

