PRAVASI

ജനസ്നേഹത്തിന്റെ ജ്യോതി : ഉമ്മൻ ചാണ്ടി ഓർമ്മയായ രണ്ട് വർഷങ്ങൾ

Blog Image

2023 ജൂലൈ 18-ന് ഉമ്മൻ ചാണ്ടിയുടെ വിടപറയൽ, കേരളത്തിന് അതിജീവിക്കാനാകാത്ത ഒരു നഷ്ടമായിരുന്നു.അന്ന് നേരം പുലർന്നപ്പോൾ കരഞ്ഞത് കേരളം മാത്രമായിരുന്നില്ല. എവിടെയെല്ലാം മലയാളികളുടെ വേരുകളുണ്ടോ അവിടെയെല്ലാം നൊമ്പരം തളംക്കെട്ടി നിന്നു. തിരക്കുകളില്ലാതെ ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് അവസാനമായി എത്തിയപ്പോഴും ആൾക്കൂട്ടത്തിന് നടുവിൽ തന്നെയായിരുന്നു അദ്ദേഹം. ആരോടും മിണ്ടാതെ പുഞ്ചിരിതൂകി അന്ത്യയാത്രക്കൊരുങ്ങുന്ന ഉമ്മൻ ചാണ്ടിയെ നോക്കി ആൾക്കൂട്ടം അലറിവിളിച്ചു. 'കണ്ണേ കരളേ ഉമ്മൻചാണ്ടി...ജീവിക്കുന്നു ഞങ്ങളിലൂടെ' .മുഖ്യമന്ത്രിയായിരിക്കെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹാരം കണ്ടത് ആയിരങ്ങളുടെ ആവലാതികള്‍ക്കായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയെന്നതിനേക്കാള്‍ സാധാരണക്കാരുടെ ഹൃദയത്തില്‍ ഓര്‍മ്മകളുടെ സിംഹാസനമൊരുക്കിയാണ് അദ്ദേഹം വിടവാങ്ങിയത് .ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വന്നിരുന്ന നിര്‍ധനരും നിരാശ്രയരുമായ പതിനായിരങ്ങളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി തന്നെയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്മരണാഞ്ജലി.

ഉമ്മൻ ചാണ്ടിയുടെ വിയോഗം പാർട്ടി രേഖകളിലോ രാഷ്ട്രീയ പരിധികളിലോ ഒതുങ്ങിയില്ല. അത് എല്ലാവരുടെയും ഒരു ആഴമാർന്ന ദുഃഖമായി അവശേഷിച്ചു.പുതുപ്പള്ളി, അദ്ദേഹത്തിന്റെ സ്വന്തം നിലം, ഇന്നും അദ്ദേഹത്തിന്റെ ശ്വാസനാദം വഹിക്കുന്നു.അദ്ദേഹത്തിന്റെ സ്മൃതിസ്ഥലത്ത് ദിവസേന ഒത്തുകൂടുന്ന ജനങ്ങൾ,‘ജനനേതാവ്’ എന്ന അർത്ഥത്തിന് പുതിയ അളവുകൾ നൽകുന്ന മുഖത്തെ എല്ലായ്പ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു.ജനങ്ങൾക്കായി നിലകൊണ്ട രാഷ്ട്രീയത്തിന്റെ ജീവനാടിയായിരുന്ന നേതാവായിരുന്നു അദ്ദേഹം.ബഹുദൂരം അതിവേഗം സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതം സ്‌നേഹത്തിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായ രാഷ്ട്രീയ ശുദ്ധിയുടെ പ്രതീകം.

ഉമ്മൻ ചാണ്ടിയുടെ മുഖം ഒരിക്കലും മറക്കാനാകില്ല.അദ്ദേഹത്തിന്റെ ശബ്ദം, കൈവശമുള്ള സ്‌നേഹസ്പർശം,
ജനങ്ങൾക്കായി അദ്ദേഹം പ്രകടിപ്പിച്ച അനന്തമായ പ്രതിബദ്ധത. ഇവയെല്ലാം ഓരോ മലയാളിയുടെയും മനസ്സിൽ നിലനിൽക്കുന്ന ജ്വലിക്കുന്ന ഓർമ്മകളായി തുടരുന്നു.ആൾക്കൂട്ടമായിരുന്നു ആ മനുഷ്യനെന്നത് സത്യമാണ്.
ആൾക്കൂട്ടത്തിന്റെ നടുവിൽ ജീവിച്ചു, അതിനോട് ചേർന്ന് തന്നെ നിലകൊണ്ടു.കരോട്ടു വള്ളക്കാലിൽ കുഞ്ഞൂഞ്ഞിനെ, വീട്ടുകാരുടെ സണ്ണിയെ,
ഉമ്മൻ ചാണ്ടിയെന്ന നേതാവാക്കി തീർത്തത് ആ ജനങ്ങൾ തന്നെയാണ്. കല്പറ്റ നാരായണന്റെ വാക്കുകൾ കടമെടുത്താൽ:
“മത്സ്യം ജലത്തിൽ എന്നപോലെ ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തിന്റെ നടുവിൽ സ്വസ്ഥനായിരുന്നു.”

ബഹുദൂരങ്ങളിലെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി ഇപ്പോൾ ശാന്തമായി ഉറങ്ങാൻ തുടങ്ങിയിട്ട് രണ്ട് വർഷം തികയുമ്പോഴും,പനിനീർപുഷ്പങ്ങളുമായി ആൾക്കൂട്ടം അദ്ദേഹത്തിന്റെ കല്ലറയ്ക്ക് ചുറ്റുമൊത്ത് കൂടിക്കൊണ്ടിരിക്കുന്നു.
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻ ചാണ്ടി,ഇന്നും ഒരിക്കലും നികത്താൻ കഴിയാത്ത ഒരു വിടവായി നിലകൊള്ളുന്നു.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച നേതാവ്

അധികാരത്തിൽ ഇരുന്നതിന്റെ ഭാരം ഒരിക്കലും പ്രകടിപ്പിക്കാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
ഉറക്കമില്ലാതെ നടത്തിയ ജനസദസ്സുകൾ,രാത്രിയും പകലുമായി നടത്തിയ ആശയവിനിമയങ്ങൾ,
വാക്കുകൾക്കപ്പുറം പ്രവർത്തികളിലൂടെ നടത്തിയ സഹായങ്ങൾ ഇവയൊക്കെ അദ്ദേഹത്തെ സാധാരണ നേതാക്കളിൽ നിന്ന് വേറിട്ട ഒരു ജനസമ്മത നേതാവായി മാറ്റി.ഉമ്മൻ ചാണ്ടി പലപ്പോഴും ആവർത്തിച്ച വാക്കുകളാണ്:
“ജനങ്ങളുടെ ക്ഷേമം മാത്രമാണ് എന്റെ രാഷ്ട്രീയം.”
അത് വെറുതെയായിരുന്നില്ല അദ്ദേഹം ജീവിച്ചു കാണിച്ച സത്യമായിരുന്നു അത്.

“ഞാൻ ജനങ്ങളിലേക്കുള്ള ഒരു വഴി മാത്രമാണ്”ഇത് അദ്ദേഹം അഭിമാനപൂർവം പറഞ്ഞതാണ്,അതിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം മുഴുവൻ മുന്നേറിയത്.സങ്കടങ്ങൾ അനുഭവിക്കുന്നവരെ കൈപിടിച്ച് ഉയർത്താൻ എത്ര ദൂരം പോയാലും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.അദ്ദേഹം ഉറങ്ങിയില്ല, സമയമില്ലെന്നു പറഞ്ഞു മാറിനിന്നില്ല,മുടി ചീകിയില്ല, വസ്ത്രം ഇസ്തിരി ചെയ്തില്ല,എന്നാലോ മനുഷ്യന്റെ കണ്ണുനീർ അകറ്റാൻ ഓരോ പടിയും അദ്ദേഹം കയറി.വിമർശിച്ചവരും, കല്ലെറിഞ്ഞവരും പോലും
അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ അനുഗമിച്ചത്,ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെ കാലം അടയാളപ്പെടുത്തുന്നതിന്റെ ദൃശ്യമായി മാറി.ഒരു കാലഘട്ടം അവസാനിച്ചു, പക്ഷേ…

ഓർമ്മയുടെ ജ്വാല ഇപ്പോഴും തെളിഞ്ഞുനില്ക്കുന്നു.ഒരു നേതാവിനേക്കാൾ മുമ്പേ ഒരു നല്ല മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി.
അദ്ദേഹത്തെ നമുക്ക് നഷ്ടമായിട്ട് രണ്ട് വർഷം കഴിഞ്ഞപ്പോൾ പോലും,ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം അതേപോലെ തുടരുന്നു.ഹൃദയത്തിൽ പാർക്കാൻ അദ്ദേഹത്തിന് ഇടം നൽകിയ ആൾക്കൂട്ടം, ഇന്നും ആ ഓർമ്മയുടെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു.“സത്യമായും ഈ മനുഷ്യൻ നീതിമാനാണ്” എന്ന
ബൈബിൾ തിരുവെഴുത്തു ആലേഖനം ചെയ്ത അദ്ദേഹത്തിന്റെ കല്ലറയ്ക്ക് സമീപം മെഴുകുതിരികൾ എരിയുന്നു.
അവ ഓരോന്നിലും ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിന്റെ പ്രകാശം തെളിയുന്നു.

ഉമ്മൻ ചാണ്ടി എന്നും ഓർമ്മയിൽ.

ജിനു കുര്യൻ പാമ്പാടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.