PRAVASI

‘സത്യമേവ ജയതേ’! ടിനി ടോമിനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിന് പിന്നാലെ അൻസിബ

Blog Image

നടൻ ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നടി അൻസിബ ഹസൻ രംഗത്ത്. ‘സത്യമേവ ജയതേ’ എന്ന് കുറിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ ചിത്രമാണ് അൻസിബ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ചത്. അൻസിബയ്ക്ക് നേരെയുണ്ടായ വർഗ്ഗീയ പരാമർശത്തിലും സ്ത്രീത്വത്തെ അപമാനിച്ചതിലും കേസ് എടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ടിനി ടോം നടത്തിയ ‘ജിഹാദി’ പരാമർശം വെറും തമാശയ്ക്ക് വിളിച്ചതാണെന്ന കടവന്ത്ര പൊലീസിന്റെ വാദവും റിപ്പോർട്ടും പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

കേസിൽ ‘അമ്മ’ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടി നീന കുറുപ്പ് നൽകിയ സാക്ഷിമൊഴിയാണ് അൻസിബയ്ക്ക് അനുകൂലമായി മാറിയതും കേസിൽ വഴിത്തിരിവുണ്ടാക്കിയതും. ബി.എൻ.എസ് 173 (5) വകുപ്പ് പ്രകാരം വിശദമായ അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ഈ വിഷയത്തിൽ അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പുറത്തുവന്നത് സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മാത്രമാണെന്നും, കോടതിയുടെ ഔദ്യോഗിക ഉത്തരവ് കൈപ്പറ്റിയാലുടൻ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.