കൊച്ചി: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ തടവുശിക്ഷ ലഭിച്ച മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ജയിൽമോചിതനായി. ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീനാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്. ഇതോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന തച്ചങ്കരിക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.
സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. സംസ്ഥാനത്ത് അഴിമതിക്കേസിൽ ജയിലിലാകുന്ന ആദ്യ മുൻ ഡി.ജി.പി.യായിരുന്നു തച്ചങ്കരി. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ നാലുവരെ ഐ.ജി.യായി പ്രവർത്തിച്ച കാലയളവിൽ 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്.
ALSO READ; കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വി.ഡി. സതീശൻ; 25,932 കോടിയുടെ കടമെടുപ്പ് പരിധി കുറഞ്ഞെന്ന് വിമർശനം
ഈ കാലയളവിൽ തച്ചങ്കരിയുടെ ആകെ വരുമാനം 47,64,913 രൂപയായിരുന്നുവെന്നും എന്നാൽ 1.02 കോടി രൂപ ചെലവഴിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വരുമാനത്തേക്കാൾ 135 ശതമാനം അധികസ്വത്ത് സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ, 30,84,892 രൂപയുടെ അനധികൃത സമ്പാദ്യമാണ് കോടതി കണ്ടെത്തിയത്. ഈ തുകയുടെ വരുമാനസ്രോതസ്സ് ബോധ്യപ്പെടുത്താൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഇതേ തുകയാണ് പിഴയായി വിധിച്ചതും.
കേസിൽ പ്രോസിക്യൂഷൻ 96 സാക്ഷികളെ വിസ്തരിക്കുകയും 271 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. 2025 നവംബർ ഒന്നിന് കോട്ടയം വിജിലൻസ് കോടതിയിൽ ആരംഭിച്ച വിചാരണ ഒൻപത് മാസംകൊണ്ട് പൂർത്തിയാക്കിയാണ് ശിക്ഷ വിധിച്ചത്. എന്നാൽ, ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതോടെ തച്ചങ്കരി ജയിൽമോചിതനായി. കേസിലെ തുടർനിയമനടപടികളിൽ ഇനി എന്ത് സംഭവിക്കുമെന്നതാണ് ശ്രദ്ധേയം.

