PRAVASI

ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല! ഭരണമാറ്റം ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ മാത്രം; പ്രകാശ് രാജ്

Blog Image

ഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം അനിവാര്യമാണെന്നും എന്നാൽ അത് ഭരണഘടനാപരമായ മാർഗങ്ങളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും നടൻ പ്രകാശ് രാജ്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ 2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള ജനാധിപത്യ പോരാട്ടങ്ങളിലൂടെയായിരിക്കും ഇതിനുള്ള ശ്രമങ്ങൾ നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർ പട്ടികയിലെ അപാകതകൾക്കെതിരെയും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.

ബഹുജന പ്രക്ഷോഭങ്ങളിലൂടെ സർക്കാരുകൾ പുറത്തായ ബംഗ്ലാദേശിലെയും നേപ്പാളിലെയും സാഹചര്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല. നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്. ഭരണഘടനയും വോട്ടവകാശവുമാണ് നമ്മെ നയിക്കുന്നത്. പ്രതിഷേധക്കാരോട് സംസാരിക്കാൻ തയ്യാറാകാതെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ച് ശബ്ദമടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ കൈയിൽ ആയുധങ്ങളില്ല, ഭരണഘടന നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശമാണ് ഞങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിലെ ‘തിരംഗ മാർച്ചിന്’ മുന്നോടിയായി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംയുക്ത കിസാൻ മോർച്ച, വിവിധ കർഷക സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരുടെ പിന്തുണയോടെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കും. ഈ വിഷയം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ പ്രക്ഷോഭങ്ങളുടെ മറവിൽ കോൺഗ്രസും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത് ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.