PRAVASI

ഇനി ചിപ്സൺ കമ്പനിയുടെ ഹെലികോപ്റ്റർ കരാർ പുതുക്കില്ല, പുതുക്കിയാൽ വിജിലൻസ് അന്വേഷണം

Blog Image

തിരുവനന്തപുരം: സ്പോൺസേഡ് വിമാനയാത്ര വിവാദമായതോടെ ചിപ്‌സൺ കമ്പനിയുടെ ഹെലികോപ്റ്റർ കരാർ പുതുക്കേണ്ടന്ന നിലപാടിലേക്ക് സർക്കാർ. ചാർട്ടേഡ് വിമാനം സ്പോൺസർ ചെയ്തതു സംബന്ധിച്ച് വിവാദമുയർന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ കരാർ പുതുക്കിയാൽ അത് മുഖ്യമന്ത്രിക്ക് എതിരായ വിജിലൻസ് അന്വേഷണത്തിനും പദവി തെറിക്കാനും കാരണമാകുമെന്ന് കണ്ടാണ് ഈ പിൻവാങ്ങൽ തീരുമാനം.

ദുരന്ത നിവാരണ ഫണ്ടിൽ പാവങ്ങൾക്കായി മാറ്റിവച്ച തുകയിൽ കൈവയ്ക്കാതെയിരിക്കാനാണ് സ്പോൺസേഡ് യാത്ര നടത്തിയത് എന്ന മുഖ്യമന്ത്രിയുടെ വാദമൊക്കെ ഇതിനകം തന്നെ പൊളിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

ആരാണ് സ്പോൺസർ എന്ന ചോദ്യത്തിന് മലയാളിയാണ് എന്ന് മാത്രം പറഞ്ഞ മുഖ്യമന്ത്രിയെ വെട്ടിലാക്കി ചിപ്സൺ കമ്പനിയാണ് സ്പോൺസർ എന്ന വിവരം ആദ്യമായി പുറത്ത് വിട്ടത് റിപ്പോർട്ടർ ചാനലായിരുന്നു. ഇത് പിന്നീട് മറ്റ് മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റു പിടിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ കരാറിലേര്‍പ്പെട്ടിരുന്ന ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന സൂചന.

നിലവിലുള്ള സാമ്പത്തിക നിയന്ത്രണ ഉത്തരവുകളിൽ ഇളവ് വരുത്തിക്കൊണ്ട് , ബജറ്റ് മാനുവലിലെ ഖണ്ഡിക 95 (3) പ്രകാരം 80,00,000 ( എൺപത് ലക്ഷം) അധിക ചെലവ് അനുവദിക്കാനാണ് പദ്ധതി. ഹെലികോപ്റ്ററിന്റെ വെറ്റ് ലീസ് ചെലവിലേക്കായി ചിപ്സൺ ഏവിയേഷൻ (പ്രൈ) ലിമിറ്റഡിന് തുക നൽകുന്നതിനാണ് ഈ അധിക ചെലവ് അനുവദിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പിൽ ഉടനുണ്ടാകും. ഇതോടെ ചിപ്സണുമായ എല്ലാ വിധ കരാറുകളും റദ്ദാക്കും. പുതിയ ടെൻഡർ ഉടൻ വിളിച്ചേക്കും.

ചുരുക്കി പറഞ്ഞാൽ എന്ത് ഉദ്ദേശത്തിനാണോ വിമാന യാത്ര സ്പോൺസർ ചെയ്തത്, ആ കരാർ തന്നെയാണ് ചിപ്‌സൺ കമ്പനിക്ക് ഇപ്പോൾ നഷ്ടമാകാൻ പോകുന്നത്. മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നടത്തിയ സ്വകാര്യ വിമാനയാത്രയുടെ ചെലവ് വഹിച്ചത് ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷനാണെന്ന വിവരം പുറത്തുവന്നത് വിഡി സതീശൻ സര്‍ക്കാറിനെ മാത്രമല്ല, കോൺഗ്രസ്സ് ഹൈക്കമാൻ്റിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് കെ.ജെ. ജോര്‍ജിന്റെ കുടുംബ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്‍സിന്റെ വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഈ യാത്രയുടെ മുഴുവന്‍ തുകയും ചിപ്സണ്‍ കമ്പനിയാണ് അടച്ചതെന്ന ഇൻവോയിസ് പുറത്തുവന്നതാണ് മുഖ്യമന്ത്രിക്ക് തിരിച്ചടിയായത്. കേളചന്ദ്ര ഏവിയേഷന്‍സ് ചിപ്സണ്‍ കമ്പനിക്ക് നല്‍കിയ ഇന്‍വോയ്‌സ് പ്രകാരം ആകെ 19,88,595 രൂപയാണ് യാത്രയ്ക്കായി ചെലവായത്. ഇതില്‍ 16,85,250 രൂപ വിമാനച്ചാര്‍ജും, 3,03,345 രൂപ 18 ശതമാനം ജി.എസ്.ടിയുമാണ്.

കര്‍ണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രിക്കായി പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്. ഇവിടെനിന്ന് മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്കും തുടര്‍ന്ന് തിരികെ തിരുവനന്തപുരത്തേക്കും വിമാനം പറന്നു. ആകെ ഒന്‍പത് മണിക്കൂറോളമാണ് മുഖ്യമന്ത്രിയും സംഘവും ഈ വിമാനം ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ വിമാനയാത്രയെ തങ്ങളുടെ ഹെലികോപ്റ്റര്‍ കരാറുമായി കൂട്ടിവായിക്കേണ്ടതില്ലെന്ന് ചിപ്സണ്‍ കമ്പനി വ്യക്തമാക്കിയെങ്കിലും വിഷയം അവിടെയൊന്നും അവസാനിച്ചില്ല. ആവശ്യമെങ്കില്‍ ഇനിയും സര്‍ക്കാറിന് സൗജന്യമായോ അല്ലാതെയോ വിമാനം നല്‍കുമെന്ന ചിപ്സണ്‍ പ്രതിനിധികളുടെ പ്രസ്താവന വിവാദത്തിന് ആക്കം കൂട്ടുകയായിരുന്നു.

കരാര്‍ കമ്പനിയില്‍നിന്ന് ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത് ധാര്‍മ്മികമായും നിയമപരമായും തെറ്റാണെന്ന വിമര്‍ശനം കടുത്തതോടെ യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയോട് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

കരാര്‍ പുതുക്കാതിരിക്കുന്നതിലൂടെ ഇനി ആരോപണങ്ങളുടെ മുനയൊടിക്കാമെന്നും ഭരണത്തിന് മേല്‍ വീണ കറ കഴുകിക്കളയാമെന്നുമാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. എന്നാൽ ഇത് കേരളമായതിനാൽ വിവാദം അതു കൊണ്ട് അവസാനിക്കില്ലന്നത് ഉറപ്പാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.