PRAVASI

വാഴ്സോയിലെ ശാന്തതയും, കീവിലെ ഉണങ്ങാത്ത മുറിവുകളും

Blog Image

പോളണ്ടിലെ വാഴ്സോയിലെ ആ ഹോട്ടൽ മുറിയിലെ ജനാലയ്ക്കരികിൽ ഡോ. യു.പി.ആർ. മേനോൻ നിശബ്ദനായി ഇരിക്കുകയായിരുന്നു. പുറത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നുണ്ട്. ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ സമാധാനമുണ്ട്, സന്തോഷമുണ്ട്. പക്ഷേ, അദ്ദേഹത്തിൻ്റെ മനസ്സിൽ ഇപ്പോഴും മുഴങ്ങുന്നത് കീവിലെ കൊടുംഭയത്തിൻ്റെ സൈറൺ ശബ്ദങ്ങളാണ്.
​പതിറ്റാണ്ടുകൾക്ക് മുമ്പ്, സോവിയറ്റ് യൂണിയൻ്റെ (USSR) കാലത്താണ് വൈദ്യശാസ്ത്ര പഠനത്തിനായി അദ്ദേഹം ഉക്രൈനിൽ എത്തുന്നത്. പിന്നീട് സോവിയറ്റ് യൂണിയൻ വിഭജിക്കപ്പെട്ട് ഉക്രൈൻ സ്വതന്ത്രമായപ്പോൾ, അദ്ദേഹം അവിടെത്തന്നെ വേരുറപ്പിച്ചു. സ്വന്തം നാടായ ഇന്ത്യയെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഉക്രൈനെ തന്റെ കർമ്മഭൂമിയാക്കി മാറ്റിയ മനുഷ്യൻ.
​എന്നാൽ, ആ രാജ്യത്തിന് മേൽ യുദ്ധത്തിന്റെ കറുത്ത നിഴൽ വീണ ആ നാളുകൾ... ഒരുകാലത്ത് 48 ദശലക്ഷം ജനങ്ങൾ അഭിമാനത്തോടെ ജീവിച്ചിരുന്ന ആ മണ്ണിൽ ഇന്ന് ബാക്കിയുള്ളത് കണ്ണീരും ചോരപ്പാടുകളും മാത്രം. റഷ്യൻ ആക്രമണത്തിൽ ഉക്രൈൻ്റെ വലിയൊരു ഭാഗം തകർത്തെറിയപ്പെട്ടു; ഏകദേശം 12 ദശലക്ഷത്തോളം ആളുകൾ സ്വന്തം വീടും നാടും ഉപേക്ഷിച്ച് ലോകത്തിന്റെ പല ദിക്കുകളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യേണ്ടി വന്നു.
​ഡോ. മേനോന്റെ ജീവിതം തന്നെ പിന്നീട് ആ ഭയത്തിലേക്ക് ചുരുങ്ങി. "രാത്രി ഒരു മണി മുതൽ നാലര വരെയാണ് സ്ഥിരമായി ബോംബിങ് നടക്കുന്ന സമയം." സെൽഫോണിൽ മുഴങ്ങുന്ന അലാറങ്ങളും നഗരമാകെ വിറപ്പിക്കുന്ന സൈറണുകളും... ഉറങ്ങാൻ കിടക്കുമ്പോൾ നാളെ നേരം വെളുക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ. ആ ഭീകരതയിൽ നിന്ന് രക്ഷപ്പെടാൻ വൈകുന്നേരം നേരത്തെ ഉറങ്ങാൻ ശ്രമിക്കും. എന്നാൽ രാത്രി കൃത്യസമയത്ത് ആ സൈറൺ മുഴങ്ങുമ്പോൾ ഞെട്ടി ഉണർന്ന്, നേരം വെളുക്കുന്നതും കാത്തിരുന്ന ആ യാതന നിറഞ്ഞ രാവുകൾ... ലോകത്തിലുള്ള ആരും, വലിയ കസേരകളിൽ ഇരിക്കുന്നവരും ഇതിന്റെ ശരിയായ പ്രയാസങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തിന്റെ ഉള്ളിൽ നീറിക്കൊണ്ടിരുന്നു.
​ആവശ്യങ്ങൾക്കായി 12 മണിക്കൂർ വാഹനം ഓടിച്ചും യാത്ര ചെയ്തും ആണ് ഇപ്പോൾ അദ്ദേഹം വാഴ്സോയിൽ എത്തിയിരിക്കുന്നത്. അവിടെയെത്തിയപ്പോൾ സമയം മാറിയിരിക്കുന്നു, പക്ഷെ അതിനേക്കാളുപരി അദ്ദേഹത്തെ അമ്പരിപ്പിച്ചത് 'സമാധാനം' എന്ന യാഥാർത്ഥ്യമാണ്. മരണഭയമില്ലാതെ, സൈറൺ ശബ്ദമില്ലാതെ, സമാധാനമായി ഒന്ന് കണ്ണടച്ചുറങ്ങാൻ പറ്റുക എന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് വാഴ്സോയിലെ ഈ നിശബ്ദത അദ്ദേഹത്തെ ഓർമ്മിപ്പിച്ചു.
​പക്ഷേ, ഡോ. മേനോന്റെ മനസ്സ് ചോദിക്കുന്നത് ലോക മനസാക്ഷിയോടാണ്:
​ലോകത്ത് ഇത്രയേറെ സമാധാന സംഘടനകളും, യുഎൻ, പോലുള്ള വലിയ ഫൗണ്ടേഷനുകളും, ലോക നേതാക്കളും ഒക്കെ ഉണ്ടായിട്ടും, ഇത്രയും കാലമായിട്ടും ഈ മനുഷ്യത്വ വിരുദ്ധമായ യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തത് എത്രമാത്രം ലജ്ജാകരമാണ്? പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനുഷ്യൻ്റെ ജീവന് വില കൽപ്പിക്കാത്ത ഈ അവസ്ഥ മാറാത്തത് ലോകത്തിൻ്റെ തന്നെ പരാജയമല്ലേ?
​ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ അവിടെ തകരുന്നത് വെറും കെട്ടിടങ്ങളും പാലങ്ങളുമല്ല; തലമുറകളായി പടുത്തുയർത്തിയ മനുഷ്യരുടെ സ്വപ്നങ്ങളും, പച്ചയായ ജീവിതങ്ങളുമാണ്. ഉക്രൈനിലെ മെഡിക്കൽ കോളേജുകളിൽ പഠനത്തിനായി എത്തിയിരുന്ന ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് കുട്ടികളുടെ പഠനം വഴിമുട്ടി, പലരുടെയും ഭാവി ഇരുട്ടിലായിക്കഴിഞ്ഞു. പലരും മറ്റ് രാജ്യങ്ങളിൽ പോയി പുതിയ വഴികൾ കണ്ടെത്താൻ കടുത്ത കഷ്ടപ്പാടിലാണ്. എയർപോർട്ടുകൾ അടഞ്ഞുകിടക്കുന്നു, കപ്പൽ ഗതാഗതങ്ങൾ സ്തംഭിച്ചിരിക്കുന്നു, തൊഴിലില്ലാതെ ജനങ്ങൾ എങ്ങനെ ജീവിക്കണമെന്ന് അറിയാതെ വലയുന്നു. കൃഷിഭൂമികൾ നശിച്ചു, ഭീതിയുടെ നിഴലിൽ ജനങ്ങൾ ജീവൻ കയ്യിൽ പിടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
​ഇനിയുള്ള മാസങ്ങളിൽ അവിടേക്ക് കനത്ത വിന്ററാണ് കടന്നുവരുന്നത്. എന്നാൽ അതിനേക്കാൾ ഭീകരമായ യാഥാർത്ഥ്യം, ശത്രുരാജ്യം അവിടുത്തെ ജലസംഭരണികളും യൂട്ടിലിറ്റി സ്റ്റേഷനുകളും വൈദ്യുത നിലയങ്ങളും സെൻട്രലൈസ്ഡ് ഹീറ്റിംഗ് സിസ്റ്റവുമെല്ലാം ഭാഗികമായി നശിപ്പിക്കുകയും, ബാക്കിയുള്ളവകൂടി നശിപ്പിക്കാനുള്ള പ്ലാനുകൾ തയ്യാറാക്കി ഈ കൊടുംശൈത്യത്തിൽ ജനങ്ങളെ കൊല്ലാതെ കൊല്ലാനുള്ള ആസൂത്രിത നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. തകർക്കപ്പെട്ട നഗരങ്ങളിൽ ചൂടോ വെള്ളമോ ഗ്യാസോ ഇല്ലാതെ, തലചായ്ക്കാൻ ഉറപ്പുള്ള ഒരു വീടുപോലുമില്ലാതെ ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ ഈ വിന്ററിനെ എങ്ങനെ അതിജീവിക്കുമെന്ന് ഓർക്കുമ്പോൾ നെഞ്ചുരുകുന്നു.
​എല്ലാ പത്രങ്ങളിലും വലിയ വലിയ വാർത്തകളും ചർച്ചകളും കാണാമെങ്കിലും, ഈ സാധാരണ മനുഷ്യരുടെ കണ്ണീരൊപ്പാൻ ആരുമില്ല. രാഷ്ട്രീയ തർക്കങ്ങൾക്കും അധികാര മോഹങ്ങൾക്കും വേണ്ടി ഇത്രയധികം മനുഷ്യരെ ഹോമിക്കുന്നത് എന്തിനുവേണ്ടിയാണ്? ഉക്രൈന്റെ മണ്ണിൽ പൊലിയുന്ന ഓരോ ജീവനും മനുഷ്യരാശിയുടെ മുഴുവൻ ചോദ്യചിഹ്നമാണ്.
​വാഴ്സോയിലെ ആ ശാന്തമായ രാത്രിയിൽ, ഡോ. മേനോൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി; ലോക മനസാക്ഷി എപ്പോഴാണ് ഉണരുക എന്ന ചോദ്യം മാത്രം അവിടെ ബാക്കിയായി.

ഡോ.യു.പി.ആർ മേനോൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.