PRAVASI

സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) സുറിയാനി ഭാഷാ അക്കാദമി ആരംഭിക്കുന്നു;ആറുമാസ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ തുടങ്ങി

Blog Image

ഷിക്കാഗോ: സീറോ മലബാർ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നുനൽകാനും ലക്ഷ്യമിട്ട് സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) സുറിയാനി ഭാഷ അക്കാഡമി (Syriac Learning Academy)
 ആരംഭിക്കുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മാർഗനിർദേശത്തിൽ എസ്.എം.സി.സി വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പഠന സംരംഭം ആവിഷ്കരിച്ച് ഏകോപിപ്പിക്കുന്നത്. വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ
 സുറിയാനി ദൈവശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് അടിസ്ഥാന സുറിയാനി ഭാഷാ പഠനത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. സുറിയാനി അക്ഷരമാല, അടിസ്ഥാന വായനയും ഉച്ചാരണവും, ദൈനംദിന പദങ്ങളും പ്രയോഗങ്ങളും, അടിസ്ഥാന വ്യാകരണം, സീറോ മലബാർ ആരാധനാക്രമത്തിൽ
 ഉപയോഗിക്കുന്ന സുറിയാനി പദങ്ങളും പ്രാർത്ഥനകളും അവയുടെ അർത്ഥവും പശ്ചാത്തലവും തുടങ്ങിയവ പഠനത്തിന്റെ ഭാഗമാകും. ഭാഷാ പഠനത്തോടൊപ്പം സീറോ മലബാർ സഭയുടെ ആരാധനാക്രമ പാരമ്പര്യത്തെയും ആത്മീയ-സാംസ്കാരിക പൈതൃകത്തെയും കൂടുതൽ അടുത്തറിയാനുള്ള അവസരവും കോഴ്സ് ഒരുക്കും. 2026
 നവംബർ 4-ന് ആദ്യ ബാച്ച് ആരംഭിക്കും. രണ്ടാഴ്ചയിലൊരിക്കൽ ബുധനാഴ്ച രാത്രി 9 മണിക്ക് (അമേരിക്കൻ ഈസ്റ്റേൺ സമയം), 45 മിനിറ്റ് വീതം ഓൺലൈനായിരിക്കും ക്ലാസുകൾ. പ്രായപരിധിയില്ലാതെ സുറിയാനി ഭാഷ പഠിക്കാൻ താൽപര്യമുള്ള എല്ലാവർക്കും കോഴ്സിൽ ചേരാം. ആദ്യ ബാച്ചിൽ 60 സീറ്റുകൾ
 മാത്രമാണ് ലഭ്യമാകുക. രജിസ്ട്രേഷൻ ഫീസ് 100 ഡോളർ ആണ്. വിശ്വാസപരിശീലന അധ്യാപകർ, വിദ്യാർത്ഥികൾ, പള്ളി ഗായകസംഘാംഗങ്ങൾ, ദൈവശാസ്ത്ര വിദ്യാർത്ഥികൾ, സീറോ മലബാർ സഭയുടെയും ഇടവകകളുടെയും വിവിധ ശുശ്രൂഷകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന അൽമായർ എന്നിവരുടെ പങ്കാളിത്തമാണ്
 അക്കാദമി പ്രത്യേകമായി പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, സുറിയാനി ഭാഷയും സഭയുടെ ആരാധനാക്രമ പൈതൃകവും പഠിക്കാൻ താൽപര്യമുള്ള എല്ലാവർക്കും കോഴ്സിൽ പങ്കെടുക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിശ്ചിത പഠന മാനദണ്ഡങ്ങൾക്കനുസരിച്ച് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ,
 ഭാവിയിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഈ പഠനത്തിന് അക്കാദമിക് ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി സർവകലാശാലകളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു. ബന്ധപ്പെട്ട സർവകലാശാലകളുടെ അംഗീകാരത്തിനും അക്കാദമിക് നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
 അക്കാദമിക്ക് സഭാപരവും അക്കാദമികവും സാംസ്കാരികവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ഉപദേശക സമിതിയിൽ അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് – ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ; അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് – പാലാ രൂപതാധ്യക്ഷൻ; ഫാ. ജോസഫ് പാലയ്ക്കൽ സി.എം.ഐ.
 – ഇന്ത്യൻ സംഗീതശാസ്ത്രജ്ഞൻ, ഗായകൻ, സംഗീതസംവിധായകൻ; റവ. ഡോ. പോളി മണിയാട്ട് — പ്രസിഡന്റ്, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (POIRS), ഡോ. ആൻഡ്രൂസ് മേയ്ക്കാട്ടുകുന്നേൽ – ഡയറക്ടർ, ബേത് അപ്രേം നസ്രാണി ദയറ, ഫാ. സിറിൽ തയ്യിൽ, അസിസ്റ്റന്റ്
 ഡയറക്ടർ ബേത് അപ്രേം നസ്രാണി ദയറ, കപ്പുംതല, റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിൽ - എസ്.എം.സി.സി ദേശീയ ഡയറക്ടർ, ഡോ. ജെയിംസ് കുറുച്ചി — പണ്ഡിതൻ, പെൻസിൽവേനിയ സർവകലാശാലയിലെ (UPenn) റിട്ടയേർഡ് മലയാള ഭാഷാ അധ്യാപകൻ എന്നിവർ അംഗങ്ങളാണ്. ആവശ്യാനുസരണം കൂരിയ നിർദേശിക്കുന്ന മറ്റു
 സുറിയാനി പണ്ഡിതരെയും വൈദികരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉപദേശക സമിതിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ഫാ. വർഗീസ് മാറ്റത്തിൽ – ഡയറക്ടർ, സുറിയാനി ദൈവശാസ്ത്ര വിഭാഗം, POIRS; ഫാക്കൽറ്റി മേധാവിയായി പ്രവർത്തിക്കും. ആദ്യമെത്തുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും
 ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം. താൽപര്യമുള്ളവർ 
www.smccusa.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാകും. പ്രസിദ്ധീകരിച്ചിരിക്കുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്താലും രജിസ്ട്രേഷൻ പേജിലേക്ക് നേരിട്ട് പ്രവേശിക്കാം. ആദ്യ ബാച്ചിലെ
 60 സീറ്റുകൾ നിറഞ്ഞുകഴിഞ്ഞാൽ ലഭിക്കുന്ന രജിസ്ട്രേഷനുകൾക്ക് അടുത്ത ബാച്ചിൽ മുൻഗണന നൽകുന്നതാണ്. സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് സുറിയാനി ഭാഷ അക്കാഡമി (Syriac Learning Academy) എന്ന ആശയം
 രൂപപ്പെടുത്തുകയും വിവിധ സഭാ-അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത്. സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) ദേശീയ സമിതിയുടെ പിന്തുണയോടെ ദേശീയ ഡയറക്ടർ - റവ. ഫാ. ജോർജ്
 ഇളമ്പാശ്ശേരിൽ; ദേശീയ പ്രസിഡന്റ് - ജോർജ് വി. ജോർജ്; ദേശീയ സെക്രട്ടറി - ഷോളി കുമ്പിളുവേലി; ദേശീയ ട്രഷറർ - ടോമി തോമസ് പുല്ലാപ്പള്ളി; വിദ്യാഭ്യാസ-ഗവേഷണ വിഭാഗം ചെയർമാൻ - ജോസ് തോമസ്; പ്രോഗ്രാം കോഓർഡിനേറ്റർ - സിറിയക് സ്കറിയ; ബോർഡ് ഓഫ് ഡയറക്ടേഴ്സ് - സിജിൽ പാലയ്ക്കലോടി
 എന്നിവർ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകുന്നു. സീറോ മലബാർ സഭയുടെ വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും ചരിത്രത്തിന്റെയും വിലപ്പെട്ട പൈതൃകമായ സുറിയാനി ഭാഷയെ പഠിക്കാനും മനസ്സിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകളിലേക്ക് കൈമാറാനും ആഗ്രഹിക്കുന്ന
 എല്ലാവരെയും എസ്.എം.സി.സി സുറിയാനി ഭാഷ അക്കാഡമി (SMCC Syriac Learning Academy)-യുടെ ആദ്യ ബാച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.