PRAVASI

സിംഹത്തെ വീഴ്ത്തിയ മുയൽ! കഥയിലെ ഗുണപാഠങ്ങൾ!

Blog Image

ഒരിക്കൽ ഒരു കാട്ടിൽ ഒരു സിംഹം പാർത്തിരുന്നു.  കാടിൻ്റെ രാജാവായി വാണിരുന്ന ഇവൻ എന്നും മൃഗങ്ങളെ അങ്കലാപ്പിലാക്കിയിരുന്നു.  ഏഴ് ദിവസം കൂടുമ്പോൾ ഒരു മൃഗത്തെ പിടിച്ച് കൊന്ന് തിന്നും.  അടുത്ത ഇര താനായിരിക്കുമോ എന്ന് ചിന്തിച്ച് മൃഗങ്ങൾ ഭയത്തിലും ഭീതിയിലും ആണ് കഴിഞ്ഞത്.  അങ്ങനെയിരിക്കെ ഒരു ദിവസം മൃഗങ്ങൾ എല്ലാം മാനിൻ്റെ നേതൃത്വത്തിൽ അടിയന്തരമായി ഒരു യോഗം കൂടി.  ചർച്ചാ വിഷയം എങ്ങനെ സ്വൈര്യമായി ജീവിക്കുവാൻ കഴിയും?  അങ്ങനെ അവർ ഒരു പരിഹാരം കണ്ടുപിടിച്ചു.  ഓരോ ഏഴ് ദിവസം കൂടുമ്പോൾ നറുക്കിട്ട് ഒരുവനെ സിംഹരാജൻ്റെ അരികിലേക്ക് അയയ്ക്കുക. 

അങ്ങനെ മൃഗങ്ങൾ തങ്ങളുടെ പുതിയ തീരുമാനം അറിയിക്കുവാൻ വളരെ ഭൗവ്യതയോടെ  മൃഗരാജൻ്റെ അടുക്കൽ വന്ന് നമസ്കരിച്ചു.  അങ്ങ് ഇനി മുതൽ ഓടി 
തളർന്ന് വേട്ടയാടി ഞങ്ങളിൽ ഒരുവനെ പിടിക്കേണ്ട.  ഞങ്ങളിൽ ഒരുവൻ ഏഴു ദിവസം കൂടുമ്പോൾ ഇവിടെ വരും.  ഇതു കേട്ട് സിംഹരാജൻ ചിരിച്ചുകൊണ്ടു പറഞ്ഞു ബോധിച്ചിരിക്കുന്നു  പിന്നെ ഒരു കാര്യം വരുമ്പോൾ കുളിച്ച് വൃത്തിയായിട്ട് വേണം വരാൻ.  എല്ലാവരും ഒരേ സ്വരത്തിൽ ഉറപ്പു കൊടുത്തു.

അങ്ങനെ ആദ്യത്തെ നറുക്ക് വീണത് മാനിനായിരുന്നു.  മൃഗങ്ങൾ എല്ലാം ചേർന്ന് വളരെ കണ്ണീരോടെ മാനിനെ യാത്രയാക്കി. പിന്നീടുള്ള ആഴ്ചകളിൽ കാളയും പോത്തും കുരങ്ങനുമൊക്കെ കണ്ണുനീരൊഴുക്കിക്കൊണ്ട് ഒരിക്കലും മടങ്ങിവരാത്ത യാത്രയ്ക്കായി ഇറങ്ങി തിരിച്ചു.  മൃഗങ്ങളുടെ ഭീതി മാറിയെങ്കിലും എല്ലാവരും ദുഃഖിതരായിരുന്നു.   കാരണം ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ ഊഴം വരുമെന്നുള്ള ചിന്ത അവരെ വല്ലാതെ അലട്ടി.  അങ്ങനെ ഒരു ദിവസം മുയലിന് നറുക്കു വീണു.   ഒട്ടും പേടിയും കൂസലും ഇല്ലാതെ സിംഹത്തിൻ്റെ അരികിലേക്ക് പോകുന്ന മുയലിനെ കണ്ട് മൃഗങ്ങൾ അന്തിച്ചു .  ഹൊ എന്തൊരു ധൈര്യം?  പോകുന്ന വഴിയിൽ വെളുത്ത് തുടുത്ത മുയല് ചെളിയിൽ കിടന്ന് ഒന്ന് ഉരുണ്ടു.  ശരീരം മുഴുവനും ചേറും ചെളിയും പൂണ്ട മുയലിനെ കണ്ട് സിംഹരാജൻ അലറി എടാ വൃത്തികെട്ടവനെ എന്തുകൊണ്ട് കുളിച്ചിട്ടു വന്നില്ല?  മുയൽ തൊഴുത് ഭൗവ്യതയോടെ പറഞ്ഞു രാജാവേ ഞാനല്ല ഇന്ന് അങ്ങയുടെ ആഹാരം വലിയ ഒരു മുയൽ ആയിരുന്നു.  അവൻ വന്ന വഴിക്ക് അവനെ മറ്റൊരു സിംഹം പിടിച്ചു.  ഇത് കേട്ട് കോപം പൂണ്ട് സിംഹരാജൻ പറഞ്ഞു അവനെ കാണിച്ചു തരൂ ഇപ്പോൾ തന്നെ ഞാൻ അവനെ പിടിക്കും.  അങ്ങനെ സിംഹവും മുയലും നടന്ന് വെള്ളം തുളുമ്പി നിൽക്കുന്ന ഒരു കുളത്തിൻ്റെ വക്കത്ത് എത്തി.   മുയൽ പതുക്കെ പറഞ്ഞു അതാ നിൽക്കുന്നു അവൻ.  കട്ടിലെ രാജാവ് കുളത്തിലേക്ക് നോക്കിയപ്പോൾ മറ്റൊരു സിംഹം തന്നെ തുറിച്ചു നോക്കുന്നു.  അവൻ അലറി അപ്പോൾ മറ്റവനും അലറുന്നു.  കോപം മുഴുത്ത രാജാവ് പിന്നെ ഒന്നും ചിന്തിച്ചില്ല എടുത്ത ഒരു ചാട്ടം.  ഇപ്പോഴിതാ കാട്ടിലെ രാജാവ് വെള്ളത്തിൽ കിടന്ന് മുങ്ങി താഴുകയാണ്.  രക്ഷിക്കണേ രക്ഷിക്കണേ എന്ന് ഉറക്കെ വിളിച്ച് കരഞ്ഞു.   ഇതു കണ്ട് മുയൽ കരയ്ക്ക് നിന്ന് പരിഹാസത്തോടെ പറഞ്ഞു രാജാവേ എനിക്ക് സമയം ഒട്ടുമില്ല ഞാൻ പോകട്ടെ.  മൃഗങ്ങൾ സിംഹത്തിന് സംഭവിച്ചതും മുയൽ ചെയ്തതും അറിഞ്ഞപ്പോൾ സന്തോഷിച്ച് മുയലിനെ തോളിലേറ്റി നൃർത്തം ചെയ്തു. 

ഇത് ഒരു കഥയെങ്കിലും ഒത്തിരി ഗുണപാഠങ്ങൾ ഇതിൽ കൂടി നമുക്ക് പഠിക്കുവാൻ കഴിയും.   ഇന്നയുടെ ദിനങ്ങളിൽ ഞാൻ എന്ന ഭാവം  മനുഷ്യനെ മത്ത് പിടിപ്പിക്കുന്നു.    ഇവരുടെ ചിന്ത ഞാൻ മാത്രം ശരി, ഞാൻ വീഴുകയില്ല, എല്ലാവരും എന്നെ പ്രശംസിക്കണം പുകഴ്ത്തണം.  പണവും പദവിയും പട്ടുമെത്തയും പഞ്ചനക്ഷത്ര ജീവിതവും ചിലരെ കണ്ണിൽ ചോരയില്ലാത്ത ഭ്രാന്തന്മാരാക്കി മാറ്റി.  സമൂഹത്തിൽ ഇതര ജാതിയിലും നിറത്തിലും ഉള്ളവരെ തികച്ചും അവഗണിക്കുകയും അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന കോമരന്മാർ സമൂഹത്തിന് ദുരന്തമാണ്.  ഔദ്യോഗിക സ്ഥാനങ്ങളിൽ കയറ്റം ലഭിക്കുമ്പോൾ അഹംന്ത എന്ന വിഷം ചിലരുടെ ഉള്ളിലേക്ക് ചാലുപോലെ ഒഴുകി ഇറങ്ങുകയാണ്.  മനുഷ്യനോ മനുഷ്യ ജീവനോ ഒട്ടും വില കൽപ്പിക്കാത്ത ഒരു കാലഘട്ടത്തിലേക്ക് റോക്കറ്റിനേക്കാൾ വേഗത്തിൽ നാം എത്തി കഴിഞ്ഞു.  സ്വാർത്ഥതയും കപടതയും ഉള്ളിൽ സംഗ്രഹിച്ചുകൊണ്ട് മനുഷ്യൻ സ്നേഹത്തിൻ്റെ മുഖംമൂടി ധരിച്ച് ഒപ്പം നടക്കുന്നവരെ വഞ്ചിക്കുന്നു ചിലരെ കൊലപ്പെടുത്തുന്നു.  

കേരളത്തിലെ കോടീശ്വരനും ബീഡി രാജാവുമായിരുന്നു മുഹമ്മദ് നിഷാം സാധുവായ ഗേറ്റ് കീപ്പർ ചന്ദ്രബോസിനെ ഗേറ്റ് തുറക്കുവാൻ താമസിച്ചതിന് ആഡംബര കാറുകൊണ്ട് ഇടിച്ചരച്ചു.  നിക്ഷേപങ്ങൾക്കോ ഓഹരികൾക്കോ നിയമത്തിൻ്റെ അഴിയറക്കുള്ളിൽ നിന്ന്  മുഹമ്മദ് നിഷാമിന്നെ  പുറത്തു കൊണ്ടു വരുവാൻ കഴിഞ്ഞില്ല.  ആ നാശത്തിൻ്റെ കുളത്തിലേക്കുള്ള വീഴ്ച വലുതായിരുന്നു.  ഐ പി എസ്സ് ൻ്റെ തലഘനത്തിൽ സകലരെയും പുച്ഛിച്ച് ഇടിച്ചു താഴ്ത്തി രാജാവായി ചമഞ്ഞ തച്ചങ്കരിയുടെ സൗധം തകിടം മറിഞ്ഞു.  ഉമ്മായ്ക്ക് ഉലകത്തിലുള്ളവരെ മുഴുവൻ ധരിപ്പിക്കുവാൻ വസ്ത്രം ഷോറൂമിൽ ഉണ്ടെങ്കിലും സുഹൈൽ സജീവ് എന്ന 19 കാരൻ ആഡംബര പുത്രൻ ഇപ്പോൾ ജയിലിലെ ആരൊക്കെയോ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പഴയ നിക്കറും ഇട്ട് കിടക്കുകയാണ്.  ഇതെല്ലാം ജീവിച്ചിരിക്കുന്നവർക്ക് ഒരു പാഠമാണ്.  

തിരുവചനം ഇങ്ങനെ പറയുന്നു നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിച്ചു കൊൾക (1 കൊരിന്ത്യർ: 10 12).   നമ്മുടെ ബലവും ശക്തിയും കരുത്തും എപ്പോഴും നമ്മെ രക്ഷിക്കുകയില്ല.  ഗർവ്വവും അഹങ്കാരവും മനുഷ്യനെ നാശത്തിലേക്ക് തള്ളിയിടുന്നു.  പറഞ്ഞു കേൾക്കുന്ന സകല വാക്കിനും നീ ശ്രദ്ധ കൊടുക്കരുത് 
(സഭാ 7:21) അത് മനുഷ്യനെ  പരാജയത്തിലേക്കും വീഴ്ചയിലേക്കും നടത്തുന്നു.  ഞാനാണ് തമ്പുരാൻ എന്ന ഭാവത്തിൽ നിഗള ഹൃദയത്തോടെ നടക്കുന്നവർ ഓർത്തു കൊള്ളണം  നാശത്തിന്  മുമ്പേ ഗര്‍വ്വം വീഴ്ചയ്ക്കു മുമ്പേ ഉന്നത ഭാവം (സദൃശ്യ: 16:18)  ദൈവം എളിയവനെ പൊടിയിൽ നിന്ന് എഴുന്നേൽപ്പിക്കുകയും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുകയും ചെയ്യുന്നു.  നിഗളികളോട് അവൻ എതിർത്തു നിൽക്കുന്നു.  താഴ്മയുള്ളവനെ അവൻ കടാക്ഷിക്കുന്നു.  

ഗുണപാഠം: നെബുക്കദ്നേസർ ഭാവവും, ഹാമാൻ അഹങ്കാരവും, ഉസിയാവിൻ്റെ നിഗളവും തലയ്ക്ക് കയറിപ്പിടിച്ച്  മത്തരാകരുത്.  എങ്കിൽ ആ വീഴ്ച വലുതായിരിക്കും രക്ഷിക്കുവാൻ ആരും ഉണ്ടാകുകയില്ല.    

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.