PRAVASI

ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) ഓണാഘോഷം പ്രൗഢഗംഭീരമായി നടത്തി

Blog Image

ന്യൂയോർക്ക്:  ലോങ്ങ് ഐലൻഡിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ സംഘടനയായ ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ  (LIMCA) ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി നടത്തി.  കഴിഞ്ഞദിവസം മെറിക്ക് ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ഓണാഘോഷത്തിൽ സമൂഹത്തിലെ പ്രമുഖരായ ധാരാളം പേർ പങ്കെടുത്തു. ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ലിംകാ പ്രസിഡൻറ് ലാലി കളപ്പുരക്കലും സെക്രട്ടറി തോമസ് ടി. ഉമ്മനും ട്രഷറർ ജയചന്ദ്രൻ രാമകൃഷ്ണനും മറ്റ് കമ്മറ്റി അംഗങ്ങളും ചേർന്ന് മാവേലിത്തമ്പുരാനെ ഓഡിറ്റോറിയത്തിൻറെ ഉള്ളിലേക്ക് എഴുന്നള്ളിച്ച് ആനയിച്ചപ്പോൾ അമേരിക്കൻ മണ്ണിൽ മലയാളത്തനിമയുടെ  പ്രതിഫലനം നിറഞ്ഞാടി. കേരളാ പൈതൃകം നിലനിർത്തി സെറ്റുമുണ്ടും ധരിച്ച് കൈകളിൽ താലത്തിൽ പൂക്കൾ  നിറച്ച് താലപ്പൊലിയുമേന്തി മലയാളിമങ്കമാർ അണിനിരന്ന് വേദിയിലേക്ക് പ്രവേശിച്ചപ്പോൾ സ്വന്തം ജന്മ നാട്ടിലെ ഗൃഹാതുരത്വം പങ്കെടുത്ത ഏവർക്കും അനുഭവപ്പെട്ടു.        

ഇരുപയത്തിയെട്ടു കൂട്ടം വിഭവങ്ങളോടെയുള്ള വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം പൊതുപരിപാടിയും കലാപരിപാടികളും അരങ്ങേറി. താലപ്പൊലിയും ചെണ്ടമേളവുമായി മാവേലിത്തമ്പുരാനൊപ്പം ലിംകാ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ഓഡിറ്റോറിയത്തിനുള്ളിൽ പ്രവേശിച്ച് സ്റ്റേജിലേക്ക് കയറിനിന്നപ്പോൾ ലിംകാ എന്ന് അറിയപ്പെടുന്ന ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസ്സോസിയേഷൻറെ പ്രൗഢിയാണ് വിളിച്ചോതിയത്. ലിംകാ പ്രസിഡൻറ്  ലലിയും, സെക്രട്ടറി തോമസ് ടി. ഉമ്മനും, ട്രഷറർ ജയചന്ദ്രനും മറ്റ് കമ്മറ്റി അംഗങ്ങളും മാവേലിയും മുഖ്യാതിഥി പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ. മധു ഭാസ്കരനും ഫോമാ ജനറൽ സെക്രട്ടറി പോൾ പി. ജോസും ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അജു ഉമ്മനും എല്ലാം ചേർന്ന് ഭദ്രദീപം കൊളുത്തി പൊതുയോഗത്തിനും  കലാപരിപാടികൾക്കും തുടക്കം കുറിച്ചു.  മുഖ്യാതിഥി ഡോ. മധു ഭാസ്കരൻ മലയാളികളുടെ ഓണാഘോഷത്തെക്കുറിച്ചും മലയാളികളുടെ സാഹോദര്യ കൂട്ടായ്മകളെക്കുറിച്ചുമുള്ള മനോഹര ഓണസന്ദേശം കാണികളുമായി പങ്ക് വച്ചു. ഓണാഘോഷങ്ങളുടെ പ്രാരംഭ പ്രാർത്ഥന ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളി വികാരി റവ. ജോസി ജോസഫ് നിർവ്വഹിച്ചു.  ഫോമാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പോൾ പി. ജോസിനെയും ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  ഡോ. അജു ഉമ്മനെയും ചടങ്ങിൽ  പൊന്നാട അണിയിച്ച് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പരിപാടികളുടെ മുഖ്യ സ്പോൺസറായ  ജോയ്‌ഫുൾ ഹോം കെയർ സ്ഥാപന ഉടമ ജോയി മേക്കാട്ടിലിനെയും ചടങ്ങിൽ ആദരിച്ചു.

"ലിംകയുടെ ഓണാഘോഷത്തിൽ എല്ലാവരുടെയും സഹകരണം ലഭിച്ചതിലും ഇത്രയധികം പേർ ഞങ്ങളുടെ ഈ ആഘോഷത്തിൽ പങ്കു ചേർന്നതിലും അതിയായ സന്തോഷമുണ്ട്. ഈ സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു" ഓണാഘോഷത്തിന്റെ വിജയത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് ലിംകാ പ്രസിഡൻറ് ലാലി കളപ്പുരക്കൽ പ്രസ്‌താവിച്ചു.

"കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി ലോങ്ങ് ഐലൻഡിൽ പ്രവർത്തിക്കുന്ന ലിംകാ എന്ന ഈ സംഘടന സമൂഹത്തിൽ വളരെയധികം ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മലയാളീ സമൂഹത്തിന് പ്രയോജനകരമായ ധാരാളം കാര്യങ്ങൾ ലിംക ചെയ്‌തിട്ടുണ്ട്‌. ഇന്നത്തെ ഓണാഘോഷത്തിൽ സമൂഹത്തിലെ ഇത്രയും ആളുകൾ പങ്കെടുത്തത് അതിന് തെളിവാണ്. ലിംക ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ സമൂഹത്തിൽ ചെയ്യുവാൻ തയ്യാറാണ്."   ലിംക സെക്രട്ടറി തോമസ് ടി. ഉമ്മൻ  പറഞ്ഞു.

ഓണാഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കും വിജയത്തിനുമായി മറ്റു ചുമതലക്കാരായ വൈസ് പ്രസിഡൻറ്  ജോസ് തോമസ്,  ജോയിന്റ് സെക്രട്ടറി ജെസ്സി കാനാട്ട്, ജോയിന്റ് ട്രഷറർ ചെറിയാൻ പാലത്തറ എന്നിവരും, കമ്മറ്റി അംഗങ്ങളായ ബോബൻ തോട്ടം, ഈപ്പൻ കോട്ടുപള്ളി, പോൾ കൂള, ജെയിംസ് മാത്യു, ബേബി ഊരാളിൽ, ജോജോ തോമസ്, ജോസുകുട്ടി ജോസഫ്, തങ്കമ്മ ജോസഫ്, അജു ഉമ്മൻ, സിജു പുതുശ്ശേരി എന്നിവരും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.