കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും, വിധി പൂർണ്ണമായി പഠിച്ച ശേഷം തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ കൃത്യമായ അടിസ്ഥാനത്തിലാണ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എം.ആർ.എൽ. – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രതിപ്പട്ടികയിലേക്ക് എത്തുന്ന നിർണായക ഘട്ടമാണിത്. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം മാത്രം തുടരുന്നതിനിടയാണ് അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
കൺമുന്നിൽ അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും, കൃത്യമായി കേസെടുത്ത് മുന്നോട്ടുപോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മാത്രം പ്രാഥമികാന്വേഷണം നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ ഹർജിക്കാരൻ കോടതിയിൽ ശക്തമായി ചോദ്യം ചെയ്തിരുന്നു. ഇതിനൊപ്പം കോടതിയിൽ മുദ്രവച്ച കവറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കണ്ടെത്തലുകളും കേസിൽ നിർണായകമായി മാറി.

