ഒരിക്കൽ സ്വർണപ്പണിക്കാരനായ കിട്ടുവിന് കൊത്ത എന്ന് പേരുള്ള പ്രിയപ്പെട്ട ഒരു തത്ത ഉണ്ടായിരുന്നു. കിട്ടു കൊത്തയെ ജീവന് തുല്യം സ്നേഹിച്ചു. പാലും തേനും പഴവും ഒക്കെ മതി ആവോളം കൊടുത്ത് കൊത്ത കൊഴുത്തു തടിച്ചു. നമ്മുടെ കൊത്ത ഇപ്പോൾ കൊഞ്ചം കൊഞ്ചം മലയാളം പേശും. തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ! കിട്ടുവിന് ഭയങ്കര സന്തോഷം. കിട്ടു എന്നും തത്തമ്മയോട് പറയും തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ! കാരണം തൊട്ടടുത്ത വീട്ടിൽ ഒരു കറുത്ത കണ്ടൻ പൂച്ചയുണ്ട്. പല നാളായി അവൻ ഇങ്ങനെ കറങ്ങി നടക്കുകയാണ് തക്കം കിട്ടിയാൽ തത്തമ്മയെ തട്ടണം. കൊഴുത്തു തടിച്ച തത്തമ്മയെ കണ്ടവൻ പലപ്പോഴും വായിൽ വെള്ളമൂറി നടന്നിട്ടുണ്ട്. ഇപ്പോൾ കരിയിലെ ഇളകിയാലും കാറ്റടിച്ചാലും കള്ളൻ കയറിയാലും നമ്മുടെ പ്രിയപ്പെട്ട കൊത്ത എന്ന തത്തമ്മ ഈ മുന്നറിയിപ്പ് എപ്പോഴും വിളിച്ചുപറയും.
തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ!

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്
ഇതൊക്കെയാണെങ്കിലും ഇപ്പോൾ തത്തമ്മയ്ക്ക് ഞാനെന്ന് ഒരു ഭാവവുമുണ്ട്. എനിക്ക് എല്ലാം അറിയാം എന്നൊക്കെ വല്ലപ്പോഴും ഒരു തോന്നൽ. കിട്ടു രാവിലെ ജോലിക്ക് പോകുമ്പോൾ കൊത്തയോട് പറയും തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ!. തിരിച്ചും തത്തമ്മ പറയും തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ!. അങ്ങനെ നാളുകൾ പിന്നിട്ടു ഒരു ദിവസം കിട്ടു രാവിലെ പണിക്കു പോകുവാൻ അല്പം താമസിച്ചു. പിന്നെ എല്ലാം പെട്ടന്ന് തിരക്കിട്ട് ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിൽ തൻ്റെ പ്രിയപ്പെട്ട കൊത്ത എന്ന തത്തമ്മയ്ക്ക് പാത്രം നിറയെ പാലും പഴവും തേനും കൊടുത്ത് തിരിഞ്ഞ് നടന്നു. അന്ന് ആ കൂട് അടയ്ക്കുവാൻ എങ്ങനെയോ മറന്നുപോയി. ഇപ്പോൾ കൊത്ത കാണുന്നത് നടന്നകലുന്ന കിട്ടു തുറന്നു കിടക്കുന്നു വാതിൽ. മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. തുറന്നു കിടക്കുന്ന വാതിലിലൂടെ ലോകം ഒന്ന് കാണണം എത്ര നാളായി കൊതിക്കുന്നു. ഓ ഇന്ന് ആ ആഗ്രഹം സഫലമാകുവാൻ പോവുകയാണ് എങ്കിലും കിട്ടു പറഞ്ഞ വാക്കുകൾ ഓർമ്മയിൽ വന്നു തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ! ഓ സാരമില്ല ഇന്നൊരു ദിവസം ചുറ്റിക്കറങ്ങണം അടിച്ചുപൊളിക്കണം. എല്ലാ മുന്നറിയിപ്പും അവഗണിച്ചുകൊണ്ട് കൊത്ത ചിറകുകൾ വിടർത്തി പറക്കുവാൻ തുടങ്ങി പാലും തേനും വൈറ്റമിനുമൊക്കെ കഴിച്ച് ഭാരം കൂടി എന്നുള്ളത് തത്തമ്മ ചിന്തിച്ചിരുന്നില്ല. അല്പം ദൂരം പിന്നിട്ടപ്പോൾ ചിറകുകൾ തളർന്ന് പോകുന്നതുപോലെ കൊത്തയ്ക്ക് തോന്നുവാൻ തുടങ്ങി. ആവുന്നത്ര ശ്രമിച്ചിട്ടും പറക്കുവാൻ കഴിയുന്നില്ല. അങ്ങനെ തളർന്ന് ഒരു കല്ലിൽ തനിച്ച് ഇരിക്കുമ്പോൾ ആകപ്പാടെ ഒരു അങ്കലാപ്പും ഭയവും കൊത്തയെ കടന്നുപിടിച്ചു. നേരം വൈകുകയാണ് എങ്ങനെ തിരിച്ച് പോകണമെന്നറിയില്ല. അപ്പോൾ അതാ വെട്ടി തിളങ്ങുന്ന രണ്ട് കണ്ണുകൾ തന്നെ തുറിച്ച് നോക്കുന്നു. കൊത്ത സൂക്ഷിച്ച് നോക്കിയപ്പോൾ മനസ്സിലായി അത് മറ്റാരുമല്ല വീടിന് ചുറ്റും എന്നും ചുറ്റിക്കറങ്ങുന്ന കറുത്ത കണ്ടൻ പൂച്ച. ആ നോട്ടം കണ്ട് കൊത്ത ഭയന്ന് വിറച്ചു ഉറക്കെ നിലവിളിക്കുവാൻ ശ്രമിച്ചു ശബ്ദം പുറത്തു വരുന്നില്ല. അപ്പോൾ കിട്ടു പറഞ്ഞ വാക്കുകൾ ഓർമ്മയിൽ ഓടി എത്തി. തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ! ഇനിയെന്തു ചെയ്യും? വീണ്ടും ആവുന്നത്ര ശക്തിയോടെ തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ എന്ന് പറയുവാൻ ശ്രമിക്കുന്നതിനിടയിൽ കറുത്ത കണ്ടൻ ചാടി വീണു. കൊത്തയുടെ നിലവിളിയുടെ ശബ്ദം ആരും കേട്ടില്ല. അങ്ങനെ അത് കൊത്തയുടെ അവസാനത്തെ ശബ്ദമായി മാറി. വെറും ഒരു കഥയെന്നു തോന്നിയാലും ചില പാഠങ്ങൾ ഇതിൽ കൂടെ ഇവിടെ ഉൾകൊള്ളുവാൻ കഴിയും .
മനുഷ്യൻ പലപ്പോഴും മുന്നറിയിപ്പുകളും അതിർ വരമ്പുകളും ലംഘിച്ച് യാത്ര ചെയ്യുവാൻ തുനിയുന്നവരാണ്. പറന്ന് ഉയരുക സ്വതന്ത്രമായി ജീവിക്കുക ഇതൊക്കെ നല്ല ആഗ്രഹങ്ങൾ എന്നാൽ ജീവിതം ഒരു യാത്രയാണ് നാം സൂക്ഷിച്ചാൽ പല ദുഃഖങ്ങളിൽ നിന്നും നമുക്ക് സ്വതന്ത്രമാകുവാൻ കഴിയും. അറിയാമെന്നുള്ള ഭാവവും എനിക്കാരെയും വേണ്ട എന്നുള്ള ചിന്തയും മനുഷ്യനെ നിഗളത്തിലേക്കും ഒടുവിൽ പരാജയത്തിലേക്കും കൂപ്പ് കുത്തിക്കുകയാണ്. നാശത്തിനു മുമ്പേ ഗർവ്വം വീഴ് ചയക്ക് മുമ്പേ ഉന്നതഭാവം ( സദൃശ്യ: 16:18). അദ്ധ്യാത്മിക രംഗത്തും സമൂഹത്തിലും, രാജ്യത്തും നക്ഷത്രങ്ങളെ പോലെ തിളങ്ങേണ്ട വ്യക്തിത്വങ്ങൾ പലരും ഗർവവും, ഹുങ്കും, അഹങ്കാരവും, ദുഷ്ടതയും എന്ന തലപ്പാവുകൾ അണിഞ്ഞപ്പോൾ അധികം നാൾ അവർക്ക് പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല തല കുനിക്കേണ്ടി വന്നു. ഉഗാണ്ടയിൽ നീചനായ ഇദി അമീൻ തുടങ്ങി ഇപ്പോൾ തച്ചങ്കരിയിൽ എത്തി നിൽക്കുകയാണ്. അധികാരത്തിൽ ഇരിക്കുന്നവർ അതിർ വരമ്പുകൾ ലംഘിച്ച് അനുസരണക്കേട് കാണിക്കുമ്പോൾ ഓർത്തു കൊള്ളുക ദൈവം ശിക്ഷിക്കും. എത്ര സുരക്ഷിതൻ എന്ന് തോന്നിയാലും വീഴും ആ വീഴ്ച വലുതായിരിക്കും.
നെബുക്കദ്നേസരിൻ്റെ ഭാവവും ഉസിയാവിൻ്റെ നിഗളവും ശൗലിൻ്റെ അസൂയയും ബലയാമിൻ്റെ വഞ്ചനയും ഡംഭം എന്ന മാലയിൽ കോർത്തിണക്കി ഫറവോൻ്റെ തേരിൽ തലങ്ങും വിലങ്ങും ഓടി തിമിർത്താൽ മുങ്ങും പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാലം അതിന് തെളിവാണ്. ഒരുകാലത്ത് കേരളക്കരയെ ഇളക്കിമറിച്ച് രാഷ്ട്രീയ സാമൂഹിക മത മേഖലകളിൽ ചലനങ്ങൾ സൃഷ്ടിച്ച ടോമിൻ തച്ചങ്കരി ഇപ്പോൾ തകർന്നുടഞ്ഞ ഒരു മൺപാത്രം പോലെ പൂജപ്പുര സെൻട്രൽ ജയിലിൽ നിലത്ത് കിടക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു?
സാധുക്കളുടെ കണ്ണുനീര് കാണുന്ന കണ്ണുകൾ ഉയരത്തിൽ ഉണ്ട്. ദൈവം ശിക്ഷിക്കാതെ വിടുകയില്ല നിഗകളികളോട് അവൻ എതിർത്തു നിൽക്കുന്നു എന്നാൽ താഴ്മയുള്ളവരെ അവൻ രക്ഷിക്കുന്ന ദൈവമാണ് (യാക്കോബ് 4: 6) കസേര കിട്ടുമ്പോൾ അഹങ്കരിക്കരുത് ജനത്തിൻ്റെ പ്രതീക്ഷയാണ് അധികാരികൾ. അവർ ഫറവോൻ ആധിപത്യവും ക്രൂരതയും ജനത്തിൻ്റെ മേലാൽ അടിച്ചേൽപ്പിക്കുമ്പോൾ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ നിരവധിയാണ്. ദുഃഖിക്കുന്ന കുടുംബങ്ങൾ ഒട്ടനവധി. ഇവർ ചുവരുകൾക്കുള്ളിൽ ഒഴുക്കുന്ന കണ്ണുനീര് ഉലകത്തിൽ ആരും കണ്ടില്ലെങ്കിലും ഉയരത്തിലുള്ള ഉടമസ്ഥൻ കണ്ണുനീര് കണ്ട് മറുപടി കൊടുക്കും അത് മറക്കരുത്.
മനുഷ്യൻ ഉന്നതികളുടെ പടവുകൾ ചവിട്ടിക്കയറുമ്പോൾ സമൂഹത്തെയും സാധാരണക്കാരെയും പുച്ഛിക്കരുത്. ഉയരത്തിൽ അധിവസിക്കുന്ന ദൈവത്തെ നിഷേധിക്കരുത്. ഭക്തിയുടെ വേഷം ധരിച്ച് സമൂഹത്തിൽ പ്രശംസയും കയ്യടിയും വാങ്ങിയാലും ഹൃദയം നേരുള്ളതല്ലങ്കിൽ ദൈവം ശിക്ഷിക്കും. പറക്കുവാനും ഉയരങ്ങളിലേക്ക് കുതിക്കുവാനും അവസരം കിട്ടിയാൽ അത് ദുർവിനയോഗം ചെയ്യരുത് ദുരുപയോഗപ്പെടുത്തരുത്. അഗതികളോടും വിധവമാരോടും അനാഥരോടും കരുണ കാണിക്കാതെ അവരെ വെറും ഭോഗ വസ്തുക്കൾ പോലെ കാണുന്നുവെങ്കിൽ നിശ്ചയമായും ദൈവത്തിൻ്റെ കോടതിയിൽ നിന്ന് ഒരിക്കലും രക്ഷപ്പെടുകയില്ല.
ഞാനെന്ന ഭാവം നെബുക്കദ്നേസരിനെ കൊടും കാട്ടിൽ എത്തിച്ച് പുല്ല് തീറ്റിച്ചു (ദാനിയേൽ 4:31,32). അഴിമതിയുടെയും വഞ്ചനയുടെയും മട്ട് ഊറ്റി കുടിച്ച്
അധികാരത്തിൻ്റെ മറവിൽ മറ്റുള്ളവരെ പുച്ഛിച്ചവൻ പിശാചിൻ്റെ പ്രതിരൂപമായ
മുൻ പോലീസ് മേധാവി തച്ചങ്കരി ഇപ്പോൾ കിടക്കുന്നത് പൂജപ്പുര കാട്ടിൽ. സമ്പാദിച്ച ശത കോടികൾക്കും പടുത്തുയർത്തിയ സാമ്രാജ്യത്തിനും രക്ഷിക്കുവാൻ കഴിയാതെ അഭിമാനം നഷ്ടപ്പെട്ട് അവഹേളനമായി പലരെയും വിറപ്പിച്ച ശിംശോൻ കാരാഗ്രഹത്തിൽ ഒരു നോക്കു കുത്തിയായി കിടന്നതുപോലെ താനും ഇപ്പോൾ കിടക്കുകയാണ്. സമൂഹം പരിലാളിച്ചവൻ പരിഹാസ്യമായി, കണ്ണിലുണ്ണി കണ്ണിലെ കരടായി മാറി. പ്രമാണി ചമഞ്ഞവൻ ഇപ്പോൾ പഞ്ച പാവമായി കരുണയ്ക്കു വേണ്ടി കേഴുന്നു . ഒരിക്കൽ ഒത്തിരി പേര് തന്നെയൊന്ന് കാണുവാൻ ഓച്ചാനിച്ച് ക്യൂ നിന്നിട്ടുണ്ട്. ഇന്ന് ആ മനുഷ്യൻ ആഹാരത്തിനു വേണ്ടി പൂജപ്പുരയിൽ ക്യൂ നിൽക്കുകയാണ്. പലരും തന്നെ തൊഴുതു സല്യൂട്ടുകൾ മാറി മാറി അടിച്ചു അങ്ങനെ അതെല്ലാം മേടിച്ച് പോക്കറ്റിൽ ഇട്ട ആ കൈകളിൽ നിയമത്തിൻ്റെ വിലങ്ങ് വീണു.
ഇത് ഒരു തച്ചങ്കരി മാത്രം ഇനി ഇങ്ങനെ എത്രയെത്ര തച്ചങ്കരികൾ വിലസുന്നു അവർക്ക് ഇതൊരു പാഠം ആയിരിക്കട്ടെ.
മനുഷ്യാ ഞെളിയാതെ ദൈവത്തെ ഭയപ്പെടുക. സഹ ജീവികളോട് കരുണയും ദയയും കാണിക്കുക. ഞാനെന്ന ഭാവവും എന്നെ ആരും തൊടത്തില്ലെന്നുള്ള ചിന്തയും അഴിച്ചു മാറ്റൂ. മുന്നറിയിപ്പ് അവഗണിച്ച് പറന്ന് ഉയരുവാൻ കൊതിച്ച് കൊത്ത തത്ത കറുത്ത കണ്ടൻ്റെ വായിൽ അകപ്പെട്ടതുപോലെ പോലെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് ചിന്തിച്ചുകൊണ്ട് ചുറ്റി തിരിയുന്നു
(1 പത്രോസ് 5:8) അവൻ്റെ വായിൽ പെട്ടു പോകാതെ നമ്മെ തന്നെ സൂക്ഷിക്കാം.
തത്തമ്മേ പൂച്ച പൂച്ച സൂക്ഷിക്കണേ!

